- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തി; അരീന സെക്ടറിൽ ഡ്രോൺ സാന്നിധ്യം പുലർച്ചെ അഞ്ച് മണിയോടെ; ബിഎസ്എഫ് സംഘം വെടിയുതിർത്തു; ഡ്രോൺ കണ്ടെത്തുന്നത് ഒരാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെ തവണ; പുൽവാമയിൽ മൂന്ന് ഭീകരരെ വധിച്ചു; ഒരു ജവാന് വീരമൃത്യു
ന്യൂഡൽഹി : ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ അരീന സെക്ടറിലാണ് സംഭവം. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ഡ്രോൺ സാന്നിധ്യം തിരിച്ചറിഞ്ഞത്. അതിനിടെ, പുൽവാമയിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഭീകരരെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരു ജവാൻ വീരമൃത്യു വരിച്ചു.
സുരക്ഷ പരിശോധനക്കിടെയാണ് ഡ്രോൺ കണ്ടെത്തിയത്. ബിഎസ്എഫ് സംഘം ഡ്രോണിന് നേരെ വെടിയുതിർത്തു. ഡ്രോൺ പാക് പ്രദേശത്തേയ്ക്ക് തന്നെ തിരികെ പോയി.പാക് ചാരസംഘടന നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളാണെന്ന് സംശയിക്കുന്നതായി സുരക്ഷ സേന അറിയിച്ചു. ഒരാഴ്‌ച്ചയ്ക്കിടെ അഞ്ചാംതവണയാണ് ജമ്മു മേഖലയിൽ അജ്ഞാത ഡ്രോണിന്റെ സാന്നിധ്യം. ഇന്ത്യയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തുന്നത് പാക്കിസ്ഥാൻ തന്നെയാണെന്നുള്ള സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
പുൽവാമയിലെ രാജ്പോറ ഗ്രാമത്തിൽ ഒളിച്ച ഭീകരെ കണ്ടെത്താനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഇന്നലെ അർധരാത്രി ആരംഭിച്ച ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിൽ ഒരു ജവാനാണ് വീരമൃത്യു വരിച്ചത്. ഒളിച്ചിരുന്ന് ആക്രമിച്ച മൂന്ന് ഭീകരരെ കശ്മീർ പൊലീസും സൈന്യവും ചേർന്ന് വധിച്ചു.
സ്ഥലത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ശക്തമായ പോരാട്ടത്തിലാണ് മൂന്ന് ഭീകരരെ വധിച്ചത്.
ജമ്മുവിലെത്തുന്ന ആഭ്യന്തര സഹമന്ത്രി കിഷൻ റെഢി ജമ്മുവിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തും. ബിഎസ്എഫിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുമായി യോഗം ചേരും. ജമ്മു കശ്മീരിൽ സ്‌ഫോടനം ലക്ഷ്യമിട്ട് എത്തിയ മൂന്ന് ലഷ്‌കർ ഭീകരരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി
ഞായറാഴ്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് വ്യോമ താവളത്തിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തിൽ രണ്ട് സൈനികർക്ക് സാരമായി പരിക്കേറ്റിരുന്നു. അടുത്ത മൂന്ന് ദിവസങ്ങളിലും പ്രദേശത്ത് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഡ്രോണുകൾ വിപണിയിൽ സുലഭമായി മാറിയിരിക്കുകയാണെന്നും ഇത് രാജ്യത്തിന് ഭീഷണിയാണെന്നും കരസേന മേധാവി എംഎം നരവനെ അറിയിച്ചു.
ന്യൂസ് ഡെസ്ക്