റിയാദ്: സൗദി വത്ക്കരണം ശക്തമായ തോതിൽ നടക്കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലകളിൽ വിദേശികളായ തൊഴിലാളികളുടെ എണ്ണത്തിൽ 60 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. 2015 ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 38 ശതമാനം ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഷൂറ കൗൺസിൽ അംഗങ്ങൾക്കിടയിൽ നടന്ന ചർച്ചയിലാണ് സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്കും 11.7 ശതമാനം വർധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

ഗാർഹിക തൊഴിലാളികൾക്കിടയിൽ വർധിച്ചുവരുന്ന ഒളിച്ചോട്ടത്തെ കുറിച്ചും ഷൂറ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം മൊത്തം റിക്രൂട്ട് ചെയ്ത ഗാർഹിക തൊഴിലാളികളിൽ 60 ശതമാനം പേർ ഒളിച്ചോടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിതാഖാത് പ്രോഗ്രം നടപ്പാക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയ കൗൺസിൽ സ്വദേശിവത്ക്കരണത്തിന്റേയും പ്രവാസികളെ കുറയ്ക്കുന്നതിന്റെയും എണ്ണത്തിലുള്ള അന്തരവും കൗൺസിൽ ചർച്ച ചെയ്തു.

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ സ്വകാര്യമേഖലയിലുള്ള വിദേശികളുടെ എണ്ണം 7,352,900 ആയി വർധിച്ചുവെന്നും ഇത് രാജ്യത്ത് മൊത്തമുള്ള തൊഴിലാളികളുടെ എണ്ണത്തിന്റെ 85 ശതമാനം വരുമെന്നും കൗൺസിൽ വ്യക്തമാക്കി. അതേസമയം ഈ മേഖലയിൽ സ്വദേശികളുടെ എണ്ണം 40 ശതമാനമേ വരുകയുള്ളൂവെന്നും വ്യക്തമാക്കുന്നു.