വീണ്ടും ഒരു വേനലവധിക്കാലം കൂടെ വരികയാണ്. എന്റെ അവധിക്കാലം ഞാൻ ഇപ്പോഴും ഇന്നലത്തെപ്പോലെ ഓർക്കുന്നു. വിഷുവിന് പടക്കം വാങ്ങാൻ കശുമാങ്ങ പെറുക്കി വില്ക്കുന്നതും, പാടത്ത് ക്രിക്കറ്റ് കളിക്കുന്നതും മാവിന്റെ ചുവട്ടിൽ മാമ്പഴം ചാടുന്നതും നോക്കി തപസ്സു് ചെയ്യുന്നതും എല്ലാം.

പക്ഷെ ഇപ്പോഴത്തെ ഓരോ വേനലവധിക്കാലവും ഞാൻ പേടിയോടെയാണ് നോക്കിക്കാണുന്നത്. ഓരോ വർഷവും വേനലവധിക്കാലത്ത് ഡസൻ കണക്കിന് കുട്ടികളാണ് മുങ്ങി മരിക്കുന്നത്. ഇത് വർഷാവർഷം കൂടി വരുന്നു. ആനന്ദകരമാകേണ്ട വേനലവധിക്കാലം കേരളത്തിലെ ചില കുടുംബങ്ങളെയെല്ലാം തീരാദുഃഖത്തിൽ ആഴ്‌ത്തുന്നു. സ്‌കൂൾ തുറന്നു ക്ലാസ്സുകൾ തുടങ്ങുമ്പോൾ ചില കൂട്ടുകാരെങ്കിലും പരീക്ഷയും ക്ലാസ്സുകളും ഇല്ലാത്ത ലോകത്ത് നിന്ന് മടങ്ങി വരാതിരിക്കുന്നു.

എന്റെ ക്ലാസ്‌മേറ്റായിരുന്ന ഷിബു ജോൺ അങ്ങനെ അവധിക്കാലത്തുനിന്നും മടങ്ങി വന്നില്ല. വീടിന്റെ അടുത്തുള്ള കുളത്തിൽ നീന്തൽ പഠിക്കാൻ പോയതായിരുന്നു, ഒറ്റക്ക്. കുറച്ചുകഴിഞ്ഞ് വല്ല്യമ്മ ചെന്നു നോക്കുമ്പോൾ പൊങ്ങിക്കിടക്കുന്ന രണ്ടുണക്കത്തേങ്ങ മാത്രം. അതു തമ്മിൽ ഒരു പ്ലാസ്റ്റിക് കയറുകൊണ്ട് ബന്ധിപ്പിച്ച് അതായിരുന്നു ലൈഫ്‌ബോയ് ആയി ഉപയോഗിച്ചിരുന്നത്.

ഒരു സുരക്ഷാ വിദഗ്ദ്ധനെന്ന നിലക്ക് ഇന്നെനിക്ക് അതെത്ര ബുദ്ധിമോശം ആണെന്നറിയാം. പക്ഷെ ഞാനും നീന്തൽ പഠിച്ചത് വലിയ ഒരു വാഴത്തട വെള്ളത്തിൽ വെട്ടിയിട്ടാണ്. ഭാഗ്യത്തിനാണ് ഞാനെല്ലാം രക്ഷപ്പെട്ടത്. ഇപ്പോഴും നമ്മുടെ നാട്ടിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കാനായി കിട്ടുന്നു അനവധി ഉപാധികൾ (വലിയ റിങ്, ബോൾ, കയ്യിൽ കെട്ടുന്ന ഫ്‌ലോട്ടുകൾ) ഒന്നും പൂർണ്ണമായും സുരക്ഷിതമല്ല.

ഒരു വർഷം കേരളത്തിൽ ആയിരത്തി എണ്ണൂറോളം പേരാണ് മുങ്ങിമരിക്കുന്നത്. അതായത് ശരാശരി ദിവസം അഞ്ചിനോടടുത്ത്. ജനസംഖ്യാനുപാതികമായി ഇന്ത്യയിലെ ഏറ്റവും വലിയ സംഖ്യയാണിത്. ഏറ്റവും സങ്കടം ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളോ കുട്ടികളോ ആണെന്നതാണ്. ഒരു സുരക്ഷാ വിദഗ്ദ്ധനെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടം ഇവ ഓരോന്നും നിസാരമായ മുൻകരുതൽ എടുത്താൽ ഒഴിവാക്കാനാവുന്നവ ആണെന്നതാണ്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നടന്ന ചില വലിയ മുങ്ങി മരണങ്ങൾ ബോട്ട് അപകടത്തിൽ ആയിരുന്നല്ലൊ. അതുകൊണ്ട് ബോട്ടുകളിലും വഞ്ചികളിലും ഒക്കെ ലൈഫ്‌ബോയ് ഇല്ലാത്തതാണ് മുങ്ങിമരണം ഇത്രയും കൂടാൻ കാരണം എന്നതാണെന്നൊരു ചിന്ത ആളുകൾക്കും അധികാരികൾക്കും ഉണ്ട്. ബോട്ടുകളിലും വഞ്ചികളിലും സ്വിമ്മിങ് പൂളുകളിലും ബീച്ചുകളിലും എല്ലാം നിലവാരമുള്ള ലൈഫ്‌ബോയ്കൾ തീർച്ചയായും വേണം. പക്ഷെ മരണസംഖ്യ ഇതുകൊണ്ട് കാര്യമായി കുറയുകയില്ല. 2010ൽ 1732 ആളുകൾ മുങ്ങിമരിച്ചതിൽ 21 പേരാണ് വഞ്ചിയോ ബോട്ടോ മറിഞ്ഞ് മരിച്ചത്. കഴിഞ്ഞ മുപ്പതു വർഷത്തെ ശരാശരി എടുത്താൽ മുങ്ങി മരിക്കുന്നവരിൽ അഞ്ചു ശതമാനത്തിലും താഴെ ആണ് വഞ്ചിയോ ബോട്ടോ മുങ്ങി മരിക്കുന്നതു്. അപ്പോൾ ബോട്ടിലോ വഞ്ചിയിലോ ജീവൻ രക്ഷാ ഉപകരണങ്ങൾ വച്ചതുകൊണ്ടുമാത്രം മരണസംഖ്യ നിർണ്ണായകമായി കുറച്ചുകൊണ്ട് വരാൻ പറ്റില്ലെന്നു മനസ്സിലാക്കാമല്ലോ

വർദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങൾ കുറക്കാൻ, കേരളത്തിൽ പ്രധാനമായും ചെയ്യുന്നത് കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതാണ്. കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നത് ഏറ്റവും നല്ല കാര്യമാണ്, നിർബന്ധം ആക്കേണ്ടതും ആണ്. പക്ഷെ, മരണസംഖ്യ കുറക്കാൻ അതുമാത്രം പോരാ. മരിക്കുന്ന കുട്ടികളിൽ മൂന്നിലൊന്നെങ്കിലും ആറുവയസ്സിൽ താഴെയുള്ളവർ ആണ്. മുറ്റത്ത് തെങ്ങു വെക്കാൻ എടുക്കുന്ന കുഴി മുതൽ ഫ്‌ലാറ്റിലെ ബക്കറ്റിൽ വരെ വീണാണ് കുട്ടികൾ മരിക്കുന്നത്. വെള്ളത്തിലെ അപകടസാധ്യതയെപ്പറ്റി, അപകടസാധ്യതയുള്ള വെള്ളത്തിന്റെ സ്രോതസ്സുകളെപ്പറ്റി മുതിർന്നവർക്കുള്ള അറിവുകുറവാണ് ഇതിനു കാരണം. സ്വിമ്മിങ് പൂളിൽ നീന്തലറിയാവുന്ന കുട്ടികൾക്കുപോലും ചെളിയുള്ള കുളത്തിലോ ഒഴുക്കുള്ള നദിയിലോ വെള്ളം അപകടകാരി ആണ്. അപ്പോൾ വെള്ളത്തിന്റെ അപകടസാധ്യതയെപ്പറ്റി കുട്ടികളേയും മുതിർന്നവരേയും ഒരു പോലെ പഠിപ്പിക്കുന്നതാണ് മുങ്ങിമരണം കുറക്കാൻ ഏറ്റവും വേണ്ടത്. അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾക്ക് എത്താവുന്നയിടത്തു വെള്ളത്തിന്റെ ചെറിയ സ്രോതസ്സുപോലും ഒഴിവാക്കുക. വലിയ കുട്ടികൾ വെള്ളത്തിൽ കുളിക്കുകയോ കളിക്കുകയോ ചെയ്യുമ്പോൾ നീന്തലറിയാവുന്നവരും ഉത്തരവാദിത്തപ്പെട്ടവരും കൂടെയുണ്ടായിരിക്കുക എന്നത് നിർബന്ധമാക്കണം.

കേരളത്തിന് ഓരോ വർഷവും കിട്ടുന്ന കുട്ടികളുടെ ധീരതാ മെഡലിന്റെ ഭൂരിഭാഗവും (ചിലപ്പോൾ മുഴുവനും) കിട്ടുന്നത് വെള്ളത്തിൽ മുങ്ങിത്താഴാൻ പോകുന്നവരെ സാഹസികമായി രക്ഷപ്പെടുത്തുന്നവർക്കാണ്. ഇതെന്നെ ഏറ്റവും സങ്കടപ്പെടുത്തുന്നു. ഒന്നാമത് വെള്ളത്തിൽ വീഴുന്നവരെ സാഹസികമായി രക്ഷപ്പെടുത്താൻ പോകുന്നത് ഏറ്റവും ബുദ്ധിമോശമാണ്. കരയിൽനിന്ന് കയ്യെത്തിച്ചോ, കയറോ തുണിയോ ഇട്ടുകൊടുത്തോ, വള്ളത്തിൽ നിന്നോ മാത്രമേ മറ്റുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമിക്കാവൂ. സാഹസികമായി രക്ഷപെടുത്തുന്ന അഞ്ചോ ആറോ പേർക്ക് പ്രസിഡണ്ടിന്റെ മെഡലും മറ്റു കുറെപ്പേർക്ക് നാട്ടുകാരുടെ അനുമോദനവും കിട്ടിയേക്കാം. അതുപക്ഷെ മറ്റു കുട്ടികൾക്ക് തെറ്റായ സുരക്ഷാ സന്ദേശം ആണ് നല്കുന്നത്. ''ധീരന്മാരായി അനുമോദനം നേടുന്ന ഓരോ കുട്ടിക്കും പകരം ഒന്നോ അതിലധികമോ കുട്ടികൾ മറ്റുള്ളവരെ തെറ്റായ രീതിയിൽ രക്ഷിക്കാൻ ശ്രമിച്ച് സ്വയം മരണത്തിലേക്ക് എടുത്തുചാടുകയാണ്''. വെള്ളത്തിൽ കുളിക്കാനോ കളിക്കാനോ യാത്രക്കോ പോകുമ്പോൾ അപകടസാധ്യതയുണ്ടെന്നു മുന്നിൽക്കണ്ട് അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ മുൻകൂട്ടി ലഭ്യമാക്കുകയാണ് കുട്ടികളുടെ സുരക്ഷാ താല്പര്യമുള്ള ഒരു സമൂഹം ചെയ്യേണ്ടത്.

എന്റെ അവധിക്കാലത്തെ ആഘോഷമാക്കിയതിൽ ഒരു വലിയ പങ്ക് തെക്കേ കുളത്തിലെ കുളിയും ചേച്ചിമാരും കൂട്ടുകാരും ഒക്കെകൂടി വെള്ളത്തിൽ നീന്തിയും മുങ്ങിയുമൊക്കെ കളിച്ചിരുന്നതാണ്. ഈ തലമുറയിലെ കുട്ടികളും അങ്ങനെതന്നെ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. വർദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങളെപ്പേടിച്ച് കുട്ടികളെ വീട്ടിലിരുത്തുകയല്ല വേണ്ടത്. മറിച്ച് അവരെ നീന്തൽ പഠിപ്പിക്കുകയും സുരക്ഷിതമായി വെള്ളത്തിൽ കളിക്കാനും കുളിക്കാനും ഒക്കെയുള്ള സംവിധാനവും സാഹചര്യവും ഉണ്ടാക്കുകയും ആണ്.

ഈ അവധിക്കാലത്തെങ്കിലും വെള്ളത്തിൽ നിന്ന് ജീവനോടെ മടങ്ങിവരാത്ത കൂട്ടുകാർ ഉണ്ടാകാതിരിക്കട്ടെ.

കുട്ടികളുടെ ജലസുരക്ഷയ്ക്ക് ചില മാർഗങ്ങൾ

1. ജലസുരക്ഷയെപ്പറ്റി കുട്ടികളെ ചെറുപ്പത്തിലെ മനസ്സിലാക്കുക. തീ പോലെ വെള്ളം കുട്ടികൾക്ക് പേടിയോ മുന്നറിയിപ്പോ നൽകുന്നില്ല. മുതിർന്നവർ ഇല്ലാതെ വെള്ളത്തിലേക്ക് ഇറങ്ങരുതെന്നു അവരെ നിർബന്ധമായും പറഞ്ഞു മനസ്സിലാക്കുക. അത് ഫ്‌ലാറ്റിലെ സ്വിമ്മിങ് പൂൾ ആയാലും ചെറിയ കുളം ആയാലും കടലായാലും.

2. സാഹചര്യം ഉള്ള എല്ലാവരും കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുക, ആൺകുട്ടികളെയും പെൺകുട്ടികളെയും.

3. അവധിക്കു ബന്ധുവീടുകളിൽ പോകുന്ന കുട്ടികളോട് കൂട്ടുകാരുടെ കൂടെ മാത്രം വെള്ളത്തിൽ മീൻ പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ, കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിർദ്ദേശിക്കുക. വലിയവർ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഈ കാര്യങ്ങൾ ചെയ്യാവൂ. വിരുന്നു പോകുന്ന വീടുകളിലെ മുതിർന്നവരേയും ഇക്കാര്യം ഓർമ്മിപ്പിക്കുന്നത് നല്ലതാണ്.

4. വെള്ളത്തിൽ വച്ച് കൂടുതലാകാൻ വഴിയുള്ള അസുഖങ്ങൾ (അപസ്മാരം, മസ്സിൽ കയറുന്നത്, ചില ഹൃദ്രോഗങ്ങൾ) ഉള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക, കൂട്ടുകാരോടും ബന്ധുക്കളോടും അത് പറയുകയും ചെയ്യുക.

5. വെള്ളത്തിലേക്ക് പോകുമ്പോൾ എന്തെങ്കിലും അപകടം പറ്റിയാൽ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതാൻ ബോധിപ്പിക്കുക. ലൈഫ് ബോയ് കിട്ടാനില്ലാത്തവർ ഒരു ഇരുചക്രവാഹനത്തിന്റെ വീർപ്പിച്ച ട്യൂബിൽ ഒരു നീണ്ട പ്ലാസ്റ്റിക് കയർ കെട്ടിയാൽ പോലും അത്യാവശ്യ സാഹചര്യത്തിൽ ഏറെ ഉപകരിക്കും.

6. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് എടുത്തു ചാടരുതെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നത് മാത്രമാണ് സുരക്ഷിതമായ മാർഗ്ഗം. അതിനു സാധിക്കുന്നില്ലെങ്കിൽ ഒച്ച വച്ച് മുതിർന്ന ആളുകളെ വരുത്തുക.

7. വെള്ളത്തിൽ യാത്രക്കോ കുളിക്കാനോ കളിക്കാനോ പോകുന്ന പെൺകുട്ടികളോട് അവരുടെ വസ്ത്രധാരണത്തിൽ പ്രത്യേകം ശ്രദ്ധിക്കാൻ പറയുക. മിക്കവാറും കേരളീയവസ്ത്രങ്ങൾ അപകടം കൂട്ടുന്നവയാണ്. ഒന്നല്ലെങ്കിൽ വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങൾ ധരിക്കുക, അല്ലെങ്കിൽ കൂടുതൽ ശ്രദ്ധിക്കുക.

8. വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം കുറവായിരിക്കാം, ചെളിയിൽ പൂഴ്ന്നു പോകാം, തല പാറയിലോ കൊമ്പിലോ പോയി അടിക്കാം. സാവധാനം, ഒഴുക്കും ആഴവും മനസ്സിലാക്കി ഇറങ്ങുന്നതാണ് ശരി.

9. ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികൾ സുരക്ഷിതരല്ല. ബാലൻസ് തെറ്റി വീണാൽ ഒരടി വെള്ളത്തിലും മുങ്ങി മരണം സംഭവിക്കാം.

10. സ്വിമ്മിങ് പൂളിലെ ഉപയോഗത്തിനായി കമ്പോളത്തിൽ കിട്ടുന്ന വായു നിറച്ച റിങ്, പൊങ്ങി കിടക്കുന്ന ഫ്‌ലോട്ട്, കയ്യിൽ കെട്ടുന്ന ഫ്‌ലോട്ട് ഇവ ഒന്നും പൂർണ്ണമായും സുരക്ഷ നൽകുന്നില്ല. ഇതുള്ളതുകൊണ്ട് മാത്രം മുതിർന്നവരുടെ ശ്രദ്ധ ഇല്ലാതെ വെള്ളത്തിൽ ഇറങ്ങരുത്.

11. ഇരുട്ടിയത്തിനു ശേഷം വെള്ളത്തിൽ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ ആളുകൾ അധികം പോകാത്ത തടാകത്തിലോ പുഴയിലോ ഒന്നും പോയി ചാടാൻ ശ്രമിക്കരുത്.

12. സുഖമില്ലാത്തപ്പോഴോ, ചില മരുന്നുകൾ കഴിക്കുമ്പോഴോ മദ്യപിച്ചതിന് ശേഷമോ വെള്ളത്തിൽ ഇറങ്ങരുത്.

(അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളി തുമ്മാരുകുടി)