ന്യൂഡൽഹി: പുതുവർഷത്തിൽ കോവിഡ് വാക്‌സീൻ വിതരണം ഉടൻ ആരംഭിക്കാനായേക്കുമെന്ന ശുഭസൂചന നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഡോ.വി.ജി. സൊമനി. 'സന്തോഷകരമായ പുതുവർഷം വരും, നമ്മുടെ കൈവശം ചിലതുണ്ടാകും. അത്രമാത്രമെ സൂചിപ്പിക്കാൻ സാധിക്കൂ'-അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വിദഗ്ധരുമായി നിർണായക യോഗം ചേരാനിരിക്കെയാണ് ഇക്കാര്യം പറഞ്ഞത്. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നതിനെക്കുറിച്ച്് യോഗം തീരുമാനമെടുക്കുക.

വാക്‌സീൻ വിതരണത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇന്ത്യയിൽ തന്നെ നിർമ്മിച്ച വാക്‌സീൻ ജനങ്ങൾക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ഫൈസർ എന്നിവയുടെ വാക്‌സീനുകൾക്ക് അടിയന്തര അനുമതി നൽകുന്നതിൽ തീരുമാനമെടുക്കാൻ പ്രത്യേകം സംഘത്തെ നിയോഗിച്ചിരുന്നു.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാസെൻഗയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്‌സിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്നത്. ഭാരത് ബയോടെക് ഐസിഎംആറുമായി ചേർന്ന് കോവാക്‌സിൻ ആണ് വികസിപ്പിച്ചത്. ഇവ രണ്ടും അനുമതിക്കായി കാത്തിരിക്കുകയാണ്. അതേ സമയം ഫൈസർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ വാക്‌സീനായിരിക്കും ആദ്യം അനുമതി ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു. 50 ദശലക്ഷം ഡോസ് വാക്‌സീൻ നൽകാൻ സാധിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇന്ത്യക്കായിരിക്കും ആദ്യം വാക്‌സീൻ വിതരണം ചെയ്യുകയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡാർ പൂനവാല പറഞ്ഞു.