- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൊമാറ്റോ ജീവനക്കാരുടെ വേഷത്തിൽ ഒന്നുമറിയാത്ത പോലെ മൊബൈലും നോക്കി ഒരുടീം; കർണാടക രജിസ്ട്രേഷൻ കാർ നന്നാക്കുന്ന പോലെ അഭിനയിച്ച് മറ്റൊരു ടീമും; എംഡിഎംഎ കൈമാറാൻ എത്തിയ 'യൂഡോ'യെ വളഞ്ഞ് തോക്കുചൂണ്ടി വിരട്ടി കരുനാഗപ്പള്ളി സിഐ; ബെംഗളൂരുവിലെ വമ്പൻ സ്രാവ് വലയിലായത് ഇങ്ങനെ
കൊല്ലം: രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണിയായ ആഫ്രിക്കയിലെ ഘാനാ സ്വദേശി ക്രിസ്ത്യൻ യൂഡോയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത് സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിൽ. ബംഗളൂരു സർജാപുരയിൽ വച്ചാണ് ജീവൻ പണയപ്പെടുത്തി പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. വേഷപ്രച്ഛന്നരായ പൊലീസ് സംഘം യൂഡോയെ വളഞ്ഞപ്പോൾ ആക്രമിക്കാനെത്തിയവർക്ക് നേരെ കരുനാഗപ്പള്ളി സിഐ ജി ഗോപകുമാർ സിനിമാ സ്റ്റൈൽ തോക്കു ചൂണ്ടി വിരട്ടി. വെടി പൊട്ടുമെന്ന് മനസ്സിലായതോടെ സംഘാംഗങ്ങൾ ഓടി രക്ഷപെട്ടു.
മൂന്നാഴ്ച മുൻപാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കേരളപുരം സ്വദേശിയായ അജിത് എന്ന യുവാവിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് ഇടപാടുകാരുടെ ശൃഖലയെപറ്റി പൊലീസിന് മനസ്സിലാക്കാൻ കഴിഞ്ഞത്. അജിത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ നഴ്സിങ് പഠനം നടത്തുന്ന അൽത്താഫ് ആണ് ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയത് എന്ന് പൊലീസ് മനസിലാക്കി. അൽത്താഫിനെ അറസ്റ്റ് ചെയ്തപ്പോൾ പാലക്കാട് സ്വദേശിയും ബാംഗ്ലൂരിൽ നഴ്സിങ് വിദ്യാർത്ഥിയുമായ അൻവർ ആണ് വിദേശികളുമായി നേരിട്ട് ഇടപാട് നടത്തുന്നതെന്ന് പൊലീസ് മനസ്സിലാക്കി. അൻവറിനെ പൊലീസ് തന്ത്രപരമായി ബംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്തു. അൻവറാണ് യൂഡോയെ പറ്റിയുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്. യൂഡോയെ പിടികൂടാൻ അത്ര എളുപ്പമല്ലെന്ന് പൊലീസിന് മനസ്സിലായി. ഇതോടെ കേരളത്തിലേക്ക് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന പ്രധാന കണ്ണിയായ യൂഡോയെ പിടികൂടാൻ കരുനാഗപ്പള്ളി സിഐയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം പൊലീസ് ഉറക്കമിളച്ചുള്ള പരിശ്രമത്തിലായിരുന്നു. അങ്ങനെയാണ് അൻവറിനെ മുൻപിൽ നിർത്തി പൊലീസ് കളി തുടങ്ങിയത്.
യൂഡോയെ അറസ്റ്റ് ചെയ്യാൻ സഹായിച്ചാൽ മാപ്പു സാക്ഷിയാക്കാം എന്ന് അൻവറിന് പൊലീസ് വാഗ്ദാനം നൽകി. തുടർന്ന് അൻവറിന്റെ ഫോണിൽ നിന്നും യൂഡോയെ വീഡിയോ കോളിൽ വിളിച്ച് എം.ഡി.എം.എ വേണം എന്ന് പൊലീസ് അറിയിച്ചു. സർജാപുരയിൽ എത്താമെന്ന് യൂഡോ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അൻവറും പൊലീസ് സംഘവും സ്ഥലത്തെത്തി കാത്തു നിന്നു. ഇതിനിടയിൽ രണ്ട് അഭിഭാഷകരും ഓട്ടോ റിക്ഷക്കാരനുമായി തർക്കമുണ്ടാകുകയും കർണ്ണാടക പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. പൊലീസിനെ കണ്ടതോടെ യൂഡോ അൻവറിനെ സമീപത്തേക്ക് വന്നില്ല. ഇതോടെ ഓപ്പറേഷൻ പാളിപ്പോയി എന്ന് കരുതി പൊലീസ് അൻവറുമായി മടങ്ങി. എന്നാൽ പൊലീസ് വീണ്ടും ഒന്നു കൂടി പരിശ്രമിക്കാമെന്ന് കരുതി അൻവറിനോട് മറ്റൊരു സ്ഥലത്തേക്ക് എത്താൻ ആവശ്യപ്പെടാൻ നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ കാത്തു നിന്ന സ്ഥലത്തിന്റെ മറ്റൊരു ഭാഗത്തേക്ക് എത്താൻ യൂഡോ അറിയിച്ചു. ഒരു കാരണവശാലും യൂഡോ രക്ഷപെടരുതെന്ന് തീരുമാനിച്ച പൊലീസ് സംഘം പിന്നെ തിരക്കഥ മാറ്റിയെഴുതി.
സമീപത്ത് നിന്നും സൊമാറ്റോ ജീവനക്കാരുടെ യൂണിഫോമും ഒരു കാറും രണ്ട് ബൈക്കും തരപ്പെടുത്തി. യൂഡോ എത്താമെന്ന് പറഞ്ഞ സ്ഥലത്ത് സൊമാറ്റോ ജീവനക്കാരെന്ന രീതിയിൽ പൊലീസ് നിലയുറപ്പിച്ചു. കർണ്ണാടക രജിസ്ട്രേഷൻ കാർ നിർത്തിയിട്ട് മെക്കാനിക്കൽ തകരാർ പരിഹരിക്കുന്നതു പോലെയും പൊലീസ് നിന്നു. അൽപ്പ സമയത്തിനകം തന്നെ യൂഡോ സ്ഥലത്തെത്തി. അൻവറുമായി സംസാരിക്കുകയും എം.ഡി.എം.എ കൈമാറുകയും ചെയ്തു. ഉടൻ തന്നെ പൊലീസ് സംഘം യൂഡോയെ വളഞ്ഞു. അപകടം മനസ്സിലായ യൂഡോ ഉച്ചത്തിൽ അലറിയതോടെ ഒരു കാറിൽ നിന്നും സ്ത്രീ അടക്കമുള്ള ഒരു സംഘം ആളുകൾ പൊലീസിന് നേരെ പാഞ്ഞടുത്തു. ഇതോടെയാണ് സിഐ ഗോപകുമാർ റിവോൾവർ എടുത്തു ചൂണ്ടിയത്. തോക്കു കണ്ടതോടെ സംഘം ഭയന്നു പിന്മാറി. ഉടൻ തന്നെ യൂഡോയെ വാഹനത്തിൽ കയറ്റി പൊലീസ് സംഘം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. കർണ്ണാടക പൊലീസ് അറിയാതെയായിരുന്നു ഓപ്പറേഷൻ. കാരണം ലഹരിമാഫിയകൾക്ക് പൊലീസുമായി അടുത്ത ബന്ധമാണുള്ളത്. ഏതെങ്കിലും കാരണവശാൽ വിവരം ചോർന്നാൽ പ്രതിയെ പിടികൂടാൻ കഴിയില്ല എന്നതിനാൽ രഹസ്യമായിട്ടായിരുന്നു എല്ലാം നടന്നത്. പൊലീസിന്റെ പിടിയിലാകുമ്പോൾ യൂഡോയുടെ കൈവശം 52 ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നു.
കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ എം.ഡി.എം.എ, ഹെറോയിൻ എന്നിവയുൾപ്പെടെയുള്ള മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് അറസ്റ്റിലായ ക്രിസ്റ്റ്യൻ യൂഡോ. യൂഡോ ഉൾപ്പെടെയുള്ള ആഫ്രിക്കൻ വംശജർ ലഹരികടത്തിന്റെ എല്ലാ തലത്തിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. നൈജീരിയക്കാരാണ് ഇതിൽ ഏറെയും. മുൻപ് സൈബർ കുറ്റകൃത്യങ്ങളിൽ വ്യാപകമായിരുന്ന നൈജീരിയക്കാർ പൊലീസ് നടപടികൾ വർധിച്ചതോടെയാണ് ലഹരികടത്തിലേക്കുകൂടി ശ്രദ്ധ തിരിച്ചത്. വിദ്യാർത്ഥി വീസയിലാണ് ഏറെപ്പേരും ഇന്ത്യയിൽ എത്തുന്നത്. കുടുംബത്തെയും ഒപ്പം കൂട്ടും. ക്രിസ്ത്യൻ യൂഡോ ബംഗളൂരു സെന്റ് ജോസഫ്സ് കോളജിൽ ബികോം വിദ്യാർത്ഥിയാണ്. വടക്കൻ ബംഗളൂരു കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. അവിടെ എം.ഡി.എം.എ നിർമ്മാണ യൂണിറ്റ് വരെ തയാറാക്കിയിട്ടുണ്ട്. പൊലീസ് കരുതിയതിനേക്കാൾ ബുദ്ധികൂർമതയുള്ളവരാണ് നൈജീരിയക്കാർ. എം.എസ്.സി കെമിസ്ട്രി വരെ നേടിയ പലരും അതുവഴി ലഭിച്ച അറിവുകൾ ലഹരിനിർമ്മാണത്തിന് ഉപയോഗിക്കുന്നു.
കാരിയർമാരിൽ പ്രധാനികൾ സ്ത്രീകളാണ്. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് ലഹരികടത്തിയാൽ പരിശോധന കുറയും. സിന്തറ്റിക് ലഹരിവസ്തുക്കൾ കഞ്ചാവ് പോലെ കടത്താൻ ബുദ്ധിമുട്ടില്ല. എം.ഡി.എം.എ കാഴ്ചയിൽ ഉപ്പുപരൽ പോലെയുള്ളതുകൊണ്ട് സംശയവും തോന്നില്ല. ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരെത്തുന്ന മലയാളി വിദ്യാർത്ഥികൾ സാമ്പത്തികലാഭം മുന്നിൽക്കണ്ടാണ് മയക്കുമരുന്ന് വിൽപ്പനസംഘത്തിന്റെ പിടിയിലാകുന്നത്. വിദേശികൾ 1,100 രൂപയ്ക്ക് നൽകുന്ന ഒരു ഗ്രാം എം.ഡി.എം.എ ചില കെമിക്കലുകൾ കലർത്തി തൂക്കം വർധിപ്പിച്ചാണ് ഇവർ കേരളത്തിൽ വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ തൂക്കം വർധിപ്പിച്ച ലഹരിമരുന്ന് ഗ്രാമിന് 3,000 രൂപയ്ക്ക് വിറ്റ് അമിതലാഭം നേടാം എന്നതാണ് വിദ്യാർത്ഥികളെ ഇതിലേയ്ക്ക് ആകർഷിക്കുന്നത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് വിദ്യാർത്ഥികളടക്കമുള്ളവർ ലഹരി വിതരണക്കാരാകുന്നത്.
മയക്കുമരുന്ന് ചില്ലറ വിൽപ്പനക്കാരന്റെ അറസ്റ്റ് നിസാരമാക്കാതെ അന്വേഷിച്ചിറങ്ങിയ കരുനാഗപ്പള്ളി പൊലീസിന്റെ ദൃഢനിശ്ചയമാണ് നിർണ്ണായക അറസ്റ്റിന് വഴിവച്ചത്. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി എസ് പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്.എച്ച്.ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ജിമ്മി ജോസ്, ശരത് ചന്ദ്രൻ, എഎസ്ഐമാരായ ഷാജിമോൻ, നന്ദകുമാർ, സീനിയർ സി.പി.ഒമാരായ രാജീവ്, സാജൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.