മലപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ നടന്ന പൊലീസ് റെയ്ഡിൽ കണ്ടെടുത്തത് 20 ഓളം പേർക്ക് ഒരുമിച്ച് കഞ്ചാവ്, ഹഷീഷ് തുടങ്ങിയ മയക്കുമരുന്നുകൾ പല രീതിയിൽ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും വ്യാപകമായ ലഹരികളും. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ കുറ്റിപ്പുറം പൊലീസ് പിടികൂടി. കോളേജിൽ നടന്ന അടി പിടിക്കേസിലെ പ്രതികൾ ഹോസ്റ്റലിൽ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് പരിശോധന.

പരിശോധനയിൽ 20 ഓളം പേർക്ക് ഒരുമിച്ച് കഞ്ചാവ്, ഹഷീഷ് തുടങ്ങിയ മയക്കുമരുന്നുകൾ പല രീതിയിൽ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും മുറിയിൽ നിന്നും കണ്ടെടുത്തു. ചെറിയ ഒരു വിഭാഗം കുട്ടികൾ ലഹരിക്ക് അടിമയാകുന്നതിനാൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ തമ്മിലും, നാട്ടുകാരുമായും സംഘർഷങ്ങൾ നടക്കുന്നത് പതിവാണ്.

പ്രശ്നക്കാർക്കെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കാത്തതാണ് കുഴപ്പങ്ങൾ രൂക്ഷമാവാൻ കാരണം എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മാസം നടന്ന അടിപിടിയിൽ 15 ഓളം വിദ്യാത്ഥികൾക്ക് പരിക്ക് പറ്റുകയും ഒരു കുട്ടിയുടെ എല്ല് പൊട്ടുകയും ചെയ്തിട്ടും 2 പേർക്കെതിരെ മാത്രമാണ് അധികൃതർ നടപടിയെടുത്തത്. ഇവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യാനുള്ള ശുപാർശ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും.

നിലവിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ പ്രത്യേക പരിശോധനകൾ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കുറ്റിപ്പുറം പൊലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ, എസ് സി പി ഒ ജയപ്രകാശ് സുമേഷ്, അലക്സ് സാമുവൽ, വിജീഷ് ജോസ് പ്രകാശ്, ടോണി ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.