കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ഹവാലി ഗവർണറേറ്റിലാണ് മയക്കു മരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടന്നിട്ടുള്ളത്. ഇവിടെ മുൻ വർഷത്തേതിനെക്കാൾ 24.7 ശതമാനം കുറ്റകൃത്യങ്ങളാണ് വർധിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഹവാലി ഗവർണേറ്റിനു പിന്നിൽ ഫർവാനിയ, അസിമ, അഹ്മദി, ജഹ്ര, മുബാറക് അൽകബീർ എന്നീ ഗവർണറേറ്റുകളാണുള്ളത്.

ഹവാലി ഗവർണറേറ്റിൽ കഴിഞ്ഞ വർഷം 7281 കുറ്റകൃത്യങ്ങളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. ഇവിടെ തന്നെ സാൽമിയ പൊലീസ് സ്‌റ്റേഷനിലാണ് ഏറ്റവും കൂടുതൽ മയക്കുമരുന്നു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നുഗ്ര, ജബ്രിയ എന്നീ പൊലീസ് സ്‌റ്റേഷനുകളാണ് ഇക്കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനത്തു നിൽക്കുന്നത്.

ഫർവാനിയ ഗവർണറേറ്റിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങൾ 5945 ആണ്. കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ മുമ്പന്തിയിൽ നിൽക്കുന്നവരാകട്ടെ ബദൂൺസ് ആണ്. ലെബനീസുകാരും കുവൈറ്റികളും ആണ് ഇവർക്കു പിന്നിൽ.