- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെണ്ടർ നടപടികൾ മൂന്ന് മാസം വൈകിയതോടെ മരുന്നുകൾക്ക് 30 കോടി അധികം നൽകണം; കൃത്യസമയത്ത് മരുന്നുകൾ ലഭിക്കാതെ വരുന്നതോടെ സർക്കാർ ആശുപത്രികൾ മരുന്നുക്ഷാമത്തിലേക്കും; മരുന്നു കമ്പനികൾക്ക് കഴിഞ്ഞവർഷത്തെ പണവും നൽകിയില്ല; വീണ ജോർജ്ജിന്റെ ആരോഗ്യ വകുപ്പിൽ എല്ലാം കുത്തഴിഞ്ഞ അവസ്ഥയിൽ
കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോർജ്ജിന് സ്വന്തം വകുപ്പു ഭരിക്കേണ്ട കാര്യത്തിൽ യാതൊരു പിടിയുമില്ലെന്ന ആക്ഷേപം കുറച്ചുകാലമായി ശക്തമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് വകുപ്പിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നത് വളരെ പരിയെയാണ്. ഇതാകട്ടെ മൊത്തത്തിൽ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. ഏറ്റവും ഒടുവിലായി ആരോഗ്യ വകുപ്പിലെ കുത്തഴിഞ്ഞ അവസ്ഥ കാരണം മരുന്നു ക്ഷാമത്തിലേക്കാണ് സർക്കാർ ആശുപത്രികൾ നീങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവന്നത്.
ടെൻഡർ നടപടികൾ 3 മാസത്തോളം വൈകുകയും മരുന്നിന് 30 കോടിയോളം രൂപ അധികം നൽകേണ്ടിവരികയും ചെയ്യുന്നതോടെ സർക്കാർ ആശുപത്രികളെ കാത്തിരിക്കുന്നത് കടുത്ത മരുന്നുക്ഷാമം ആണെന്ന് വാർത്ത പുറത്തുവിട്ടത് മലയാള മനോരമയാണ്. 3 ആഴ്ചത്തേക്കുള്ള മരുന്നു മാത്രമാണ് സ്റ്റോക്കുള്ളതെന്നാണ് വാർത്തയിൽ ചൂണ്ടിക്കാട്ടുന്ന കാര്യം.
പഞ്ഞി, പിപിഇ കിറ്റ്, ഗ്ലൗസ്, കുട്ടികളുടെ പോഷകാഹാരം എന്നിവയാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) വെയർഹൗസിൽ ശേഷിക്കുന്നത്. സുലഭമായി മരുന്നു ലഭിക്കുന്ന സാഹചര്യമല്ലെന്നും സ്റ്റോക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് കുറവുള്ളിടത്തേക്കു നൽകി തൽക്കാലം പിടിച്ചുനിൽക്കണമെന്നുമാണ് കെഎംഎസ്സിഎൽ നിർദ്ദേശം നൽകിയിരിക്കുന്നത്.
നവംബറിൽ തുടങ്ങുന്ന ടെൻഡർ നടപടികൾ മാർച്ചിൽ പൂർത്തിയാക്കി ഏപ്രിൽ ആദ്യപാദത്തിൽ മരുന്നു വിതരണം ആരംഭിക്കുന്നതാണ് കെഎംഎസ്സിഎലിലെ പതിവ്. എന്നാൽ, 202223 ലേക്കുള്ള 754 അവശ്യമരുന്നുകളുടെയും 85 സ്‌പെഷ്യൽറ്റി മരുന്നുകളുടെയും ടെൻഡർ അന്തിമമാക്കിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.
30 കോടിയോളം രൂപ സർക്കാർ അധികം ചെലവഴിക്കണം എന്നതിനു പുറമേ ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളും ടെൻഡറിലുണ്ട്. ഇതെല്ലാം തരണം ചെയ്ത് ഓർഡർ നൽകിയാലും ജൂലൈ പകുതിയോടെ മാത്രമേ വിതരണം നടക്കുകയുള്ളൂ. കമ്പനികൾക്ക് കഴിഞ്ഞ വർഷത്തെ പണം നൽകിയിട്ടില്ല എന്നതാണു മറ്റൊരു പ്രശ്‌നം. ക്ഷാമം വരുമ്പോൾ 'കാരുണ്യ കമ്യൂണിറ്റി ഫാർമസി' വഴി ഉയർന്ന വിലയ്ക്ക് മരുന്നു വാങ്ങാനുള്ള നീക്കവും നടക്കുന്നുണ്ട്.
ആന്റിബയോട്ടിക് ഇൻജക്ഷൻ, ഗുളിക, രക്തസമ്മർദ, പ്രമേഹ, ഹൃദ്രോഗ മരുന്നുകൾ എന്നിവയുടെ സ്റ്റോക്ക് ശുഷ്‌കമാണ്. പേവിഷ വാക്‌സീൻ തീർന്നു. നോർമൽ സലൈൻ 3 ലക്ഷം കുപ്പി മാത്രമാണുള്ളത്. ഓരോ മാസവും 5 ലക്ഷം കുപ്പിയാണു വേണ്ടത്. ലാക്ടേറ്റ് 1.5 ലക്ഷവും ഡിഎൻഎസ് ഒരു ലക്ഷവും മാത്രം ബാക്കി. കുട്ടികൾക്കുള്ള സിറപ്പും ഗുളികയും ഇല്ല. ശസ്ത്രക്രിയാ നൂലും ശസ്ത്രക്രിയയ്ക്കു ശേഷം കഴിക്കേണ്ട വേദനസംഹാരിയും കുറവ്.
അതേസമയം സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കാൻ ജില്ലാതലത്തിൽ ക്രമീകരണങ്ങൾ നടത്താനാണ് മെഡിക്കൽ ഓഫിസർമാർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഇതിനായി കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ മൂന്നംഗ 'ക്രിട്ടിക്കൽ സപ്ലൈ ചെയിൻ കൺട്രോൾ' ടീമിനും രൂപം നൽകിയിട്ടുണ്ട്.
സ്റ്റോക്ക് പരിശോധിച്ച്, കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നു കുറവുള്ളിടത്തേക്കു മാറ്റാനാണു ഡിഎംഒമാർക്കു നൽകിയ നിർദ്ദേശം. മൊത്തത്തിൽ കണക്കെടുക്കുമ്പോൾ 37 % മരുന്നു സ്റ്റോക്ക് ഇപ്പോഴും ഉണ്ടെന്നാണു കോർപറേഷൻ വാദം. എന്നാൽ ഇതിൽ അവശ്യമരുന്നുകൾ പലതും ഇല്ലെന്ന കാര്യവും സമ്മതിക്കുന്നു. അവശ്യമരുന്നുകൾക്കു ഗുരുതരക്ഷാമം നേരിട്ടാൽ 'കാരുണ്യ' ഫാർമസി വഴി വാങ്ങി നൽകാനാണു തീരുമാനം. ഇതോടൊപ്പം ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കി, ഓർഡർ നൽകിയാലുടൻ 10% സ്റ്റോക്ക് അടിയന്തരമായി എത്തിക്കണമെന്നും കമ്പനികൾക്കു നിർദ്ദേശം നൽകും.
മരുന്നുകൾ ഉപയോഗിക്കുന്ന മുറയ്ക്ക് കെഎംഎസ്സിഎലിന്റെ സോഫ്റ്റ്‌വെയറിൽ അപ്‌ഡേറ്റ് ചെയ്യുന്നതിൽ വന്ന പിഴവാണ് ഇപ്പോഴത്തെ ക്ഷാമത്തിനു കാരണം എന്ന വിലയിരുത്തലിലാണ് അധികൃതർ. ഡോക്‌സിസൈക്ലിൻ പോലുള്ള മരുന്നുകൾ ചില ആശുപത്രികളിൽ ഒന്നര ലക്ഷത്തോളം ഡോസ് സ്റ്റോക്ക് ഇരിക്കുമ്പോൾ മറ്റിടങ്ങളിൽ തീരെ ഇല്ല. പേവിഷ വാക്‌സീൻ പൂർണമായി തീർന്നതിനു ശേഷമാണു മിക്ക ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്തത്.
മരുന്നുവിതരണത്തിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ചില ആഭ്യന്തര ക്രമീകരണങ്ങളാണു നടത്തുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. മരുന്നിന് ക്ഷാമം ഒരിടത്തു നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ തലത്തിൽ തന്നെ പ്രായോഗിക പരിഹാരം കാണുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിലെ വീഴ്‌ച്ചയാണ് ഇപ്പോഴത്തെ മരുന്നു ക്ഷാമത്തിന് വഴിവെച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ