- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുതൽ തള്ളുകൾ എല്ലാം പൊളിഞ്ഞു; സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പാരസെറ്റാമോൾ പോലും സ്റ്റോക്കില്ലാത്ത അവസ്ഥയിൽ; അവശ്യ മരുന്നുകൾക്കും കയ്യുറകൾക്കും ക്ഷാമം; പർച്ചേസിംഗിലെ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവന്നതോടെ പർച്ചേസ് മാനേജർമാരും ഫയലിൽ ഒപ്പിടാൻ മടിക്കുന്നു
കണ്ണൂർ: കോവിഡ് അതിശക്തമായി പടർന്നു പിടിക്കുമ്പോൾ സംസ്ഥാനത്ത് അവശ്യ മരുന്നുകൾക്ക് ക്ഷാമം. സംസ്ഥാനത്തെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡ്രിപ്പ് നൽകാനുള്ള സലൈൻ സൊല്യൂഷനും (നോർമൽ സലൈൻ) തീരുന്ന അവസ്ഥയാണ്. രക്തം കട്ടപിടിക്കുന്നതു തടയുന്ന ഹെപാരിൻ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളും കയ്യുറകളും എന്തിനേറെ പാരസെറ്റാമോൾ പോലും സ്റ്റോക്കില്ലാത്ത സ്ഥിതിയാണു പലയിടത്തും.
മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്സിഎൽ) ക്രമക്കേടുകളെത്തുടർന്നു പർച്ചേസ് ഓർഡർ നൽകാത്തതാണു പ്രതിസന്ധിക്കു കാരണം. ക്രമക്കേടുകൾ വൻ വിവാദമായതോടെ ഫയലുകളിൽ ഒപ്പിടാൻ പർച്ചേസ് മാനേജർ മടിക്കുകയാണ്. കോവിഡ് ഒന്നാം തരംഗത്തിലെ പർച്ചേസുകളാണ് വൻ വിവാദങ്ങൾക്ക് ഇടയാക്കിയത്. ആസൂത്രിതമായ അഴിമതി തന്നെയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മരുന്നുകൾ വാങ്ങുന്നതും പ്രശ്നത്തിലായത്.
നിലവിൽ 3.5 ലക്ഷം ബോട്ടിൽ സലൈൻ സൊല്യൂഷൻ മാത്രമാണു സംസ്ഥാനത്തുള്ള സ്റ്റോക്ക്. ഇത് 7 ദിവസത്തേക്കേ മതിയാകൂ. കഴിഞ്ഞ ഒക്ടോബറിൽ നൽകേണ്ട ഓർഡർ കഴിഞ്ഞ 5നാണ് നൽകിയത്. ഉൽപന്നം എത്തണമെങ്കിൽ കുറഞ്ഞതു 45 ദിവസമെങ്കിലും വേണം. ഉടൻ ഓർഡർ നൽകിയില്ലെങ്കിൽ ദിവസങ്ങൾക്കകം സർക്കാർ മെഡിക്കൽ കോളജുകളിൽ ഉൾപ്പെടെ ഐവി ഫ്ളൂയിഡിലെ പ്രധാന ഘടകമായ നോർമൽ സലൈൻ കിട്ടാതാകും. ഇതു രോഗികളെ വലയ്ക്കും. വെയർഹൗസ് മാനേജർമാരും മെഡിക്കൽ കോളജ് സൂപ്രണ്ടുമാരും നിരന്തരം ആവശ്യപ്പെട്ടിട്ടും കോർപറേഷൻ പർച്ചേസിനു തയാറാകുന്നില്ല.
ടിപിആർ കുത്തനെ ഉയർന്ന് കോവിഡ് മൂന്നാം തരംഗ സാധ്യത മുന്നിൽക്കാണുമ്പോഴാണ് അവശ്യമരുന്നുകളില്ലാത്ത സ്ഥിതിയിലേക്ക് സർക്കാർ ആശുപത്രികൾ നീങ്ങുന്നത്. രാജ്യത്തെ പ്രധാന നോർമൽ സലൈൻ നിർമ്മാതാക്കളുടെ പക്കൽ വിതരണത്തിനു മതിയായ സ്റ്റോക്കില്ല. മൂന്നാം തരംഗം പേടിച്ച് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾ വൻതോതിൽ ഇതു വാങ്ങിക്കൂട്ടുകയാണ്.
കണ്ണൂർ ജില്ലയിൽ അടക്കം മോണോക്ലോനൽ, റെംഡിസിവിർ തുടങ്ങിയ കോവിഡ് മരുന്നുകൾക്ക് ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് മരുന്നുക്ഷാമത്തിന്റെ ആദ്യ ഇര. ജില്ലയിൽ കിട്ടാനില്ലാത്തതിനാൽ പുറത്തുനിന്ന് വരുത്തിയാണ് ശൈലജയ്ക്ക് മോണോക്ലോനൽ ആന്റിബോഡി മരുന്ന് നൽകിയത്. ശ്വാസകോശ, ഹൃദയരോഗങ്ങളുള്ളവർക്കും ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുള്ളവർക്കും കോവിഡ് മാരകമാകാതിരിക്കാൻ നൽകുന്നതാണ് മോണോക്ലോനൽ ആന്റിബോഡി.
കോവിഡ് ബ്രിഗേഡിന്റെ സേവനം അവസാനിപ്പിച്ചതും കോവിഡ് പ്രതിരോധത്തെ സാരമായി ബാധിക്കും. ഇവരെ പുനർ നിയമിക്കാനും പദ്ധതിയില്ല. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ആശുപത്രികൾക്ക് കോവിഡ് പ്രതിരോധത്തിനായുള്ള പർച്ചേസുകൾ നടത്തി ബില്ല് സർക്കാരിനു കൊടുക്കാനുള്ള അവസരമുണ്ടായിരുന്നു. മോണോക്ലോണൽ ആന്റിബോഡി മരുന്ന്, വയലിന് 1.20 ലക്ഷം രൂപയാണു വില. ആരോഗ്യ മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിൽ പ്രതിസന്ധി ഉന്നയിച്ചെങ്കിലും തീരുമാനം ആയിട്ടില്ല. പേപ്പട്ടി വിഷത്തിനുള്ള ആന്റി റാബീസ് സീറം, ഇൻട്രാഡെർമൽ റാബീസ് വാക്സീൻ എന്നിവ പല ജില്ലകളിലും കിട്ടാനില്ല.
മറുനാടന് ഡെസ്ക്