ആലപ്പുഴ: ആലപ്പുഴയിൽ ഡോക്ടർ ദമ്പതികളുടെ 15 വയസുകാരനായ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നിൽ ലഹരി മാഫിയയുടെ നീരാളിക്കൈകളെന്ന് സംശയം. സനാതനപുരം വൈക്കത്ത് വീട്ടിൽ ഡോ. ജോഷി ജോസഫിന്റെ മകൻ നിഖിൽ ജോഷി(15)യൊണ് മരിച്ച നിലയിൽ കാണപ്പട്ടെത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. തുടർന്ന് വീട്ടുകാർ നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ വാതിൽ തകർത്ത് അകത്തു കടന്നു. കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഡോ. സംഗീതയാണ് കുട്ടിയുടെ മാതാവ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ എന്താണ് മരണകാരണമെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

അസ്വാഭാവിക മരണത്തിനാണ പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ ശരീരത്തിൽ നീലനിറം കണ്ടതാണ് പൊലീസിന് സംശയം ഉയർത്തിയത്. രാവിലെ സംഭവസമയത്ത് കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. മുത്തച്ഛനും മുത്തശ്ശിയും മാറി മാറി വിളിച്ചെങ്കിലും കുട്ടി ഉണർന്നില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വാതിൽ തകർത്ത് അകന്നു കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനറൽ ആശുപത്രിയിൽ പീഡിയാട്രീഷനായ അമ്മയും സ്വകാര്യ ആശുപത്രിയിൽ പീഡിയാട്രീഷനായ അച്ഛനും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.സ്വകാര്യ സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന നിഖിലിന് കാര്യമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടില്ല.ശരീരത്തിൽ നീല നിറം കണ്ട സാഹചര്യത്തിലാണ് വിഷാംശം ശരീരത്തിൽ കടന്നിരിക്കാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നത്. ആലപ്പുഴയിലെ ലഹരി മരുന്ന് മാഫിയയുടെ കൈകൾ മരണത്തിന് പിന്നിലുണ്ടോയെന്നും സംശയം ഉയർന്നിരിക്കുന്നു.

സ്‌കൂളുകൾക്ക് ചുറ്റും ഇടക്കാലത്ത് പുകയിലയുടെയും കഞ്ചാവിന്റെയും വിൽപന തകൃതിയായതോടെ അദ്ധ്യാപക-രക്ഷാകർതൃ സംഘടനകൾ ഇടപെട്ട് പൊലീസ് സഹായത്തോടെ ഫലപ്രദമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ, പുകയില ഉത്പന്നങ്ങളും കഞ്ചാവും കിട്ടാതായതോടെ വീര്യം കൂടിയ ന്യൂജൻ ലഹരികളായ അക്‌സർ ഫെവിക്കോൾ, വൈറ്റ്‌നർ, ടിന്നർ എന്നിവയിലേക്ക് തിരിഞ്ഞിരിക്കുകയാണ് കുട്ടികൾ. സിന്തറ്റിക് റബർ ഫെവിക്കോൾ എന്ന പേരിലെ അക്‌സർ, വൈറ്റ്‌നർ, ടിന്നർ എന്നിവയുടെ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് പല കുട്ടികൾക്കും അറിവില്ല. പല സ്‌കൂളുകളുടെയും പരിസരത്ത് ഇത്തരത്തിലുള്ള ഒഴിഞ്ഞ നിരവധി ടിന്നുകൾ കണ്ടെത്തിയിട്ടുമുണ്ട്.

വീട്ടിലെ ചുറ്റുപാടുകൾ, രക്ഷാകർത്താക്കളുടെ ശ്രദ്ധയില്ലായ്മ എന്നിവയാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്. ഇതിലൂടെ കുട്ടികൾ മയക്കുമരുന്നിലേക്ക് ആകർഷിക്കപ്പെടുന്നു. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയുടെ കേന്ദ്രങ്ങളും ഏജന്റന്മാരും വർധിച്ചിട്ടുണ്ട് .ലഹരി എങ്ങനെ സ്വന്തമാക്കാം എന്ന് ഗവേഷണം നടത്തുന്നവരും ഏറെ. ബൈക്കിന്റെ പെട്രോൾ ടാങ്ക് തുറന്ന് മൂക്ക് അതിലേയ്ക്ക് താഴ്‌ത്തി ആഞ്ഞുവലിച്ച് പെട്രോൾ ഗന്ധത്തിലൂടെ ലഹരി ആസ്വദിക്കുന്ന സമ്പ്രദായം ഇപ്പോഴുണ്ട്. ഫെവിക്കോൾ, അതുപോലെതന്നെ റബർ ഒട്ടിക്കുന്ന സൊല്യൂഷൻ എന്നിവയും കുട്ടികൾക്ക് പ്രിയമുള്ള ലഹരിസാധനങ്ങളായി തീർന്നിട്ടുണ്ട്.

പോസ്റ്റൽ സ്റ്റാമ്പുകളുടെ വശത്ത് തേയ്ച്ചിരിക്കുന്ന പശ ധാരാളമായി നാവിൽ പുരട്ടിയാൽ ലഹരി ഉണ്ടാകുമെന്ന് പറയുന്നു. തേനിൽ മുക്കിയിട്ട കൂൺ ആണ് മറ്റൊരു സാധനം. പാന്മസാലകൾ ഇളംപ്രായത്തിൽതന്നെ വിദ്യാർത്ഥികൾക്കിടയിൽ പ്രചാരമുള്ള മറ്റൊരു ലഹരിവസ്തുവാണ്. ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ധാരാളമായി എത്തിയതോടെ പാന്മസാല കൂടാതെ കഞ്ചാവെണ്ണയിൽ വറുത്തെടുത്ത അടയ്ക്ക കൂടാതെ പുകയില, ചുണ്ണാമ്പ്, നി്ക്കൽ, കാട്‌ലിയൻ തുടങ്ങിയ പദാർത്ഥങ്ങൾ ഒരു മിശ്രിതമാക്കി ലഹരിപദാർഥമായി കഴിക്കുന്ന സമ്പ്രദായം കേരളത്തിൽ വ്യാപകമായിട്ടുണ്ട്. ഇവയെല്ലാം മസ്തിഷ്‌ക്കത്തിന് തകരാറുണ്ടാക്കുന്നതും കാൻസർപോലുള്ള രോഗങ്ങൾ ക്ഷണിച്ചുവരുത്തുന്നതുമാണ്. ഇവ കഴിച്ച് ശീലിച്ചവർക്ക് അനിയന്ത്രിതമായ ദേഷ്യവും വിഷാദവും ഓർമ്മക്കുറവും മറ്റും ഉണ്ടാകും.

അഞ്ചാംക്ലാസ് മുതൽ ഹൈസ്‌കൂൾ വരെയുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയയുടെ പ്രവർത്തനം. നഗരത്തിലും ഉൾനാടൻ പ്രദേശങ്ങളിലും സംഘത്തിലെ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ടിന്നർ, വൈറ്റ്നർ തുടങ്ങിയ മിശ്രിതങ്ങൾ ഉപയോഗിച്ച്് വിദ്യാർത്ഥികളെ ആകർഷിച്ച് വിശ്വാസം പിടിച്ചു പറ്റിയതിനുശേഷം കഞ്ചാവു ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾക്ക് അടിമയാക്കുന്നു.

സ്‌കൂളുകളുടെ നിശ്ചിത പരിധിക്കുള്ളിൽ പുകയില ഉത്പന്നങ്ങളുടെയും മറ്റ് ലഹരി വസ്തുക്കളുടെയും നിരോധനം നിയമം മൂലം കർശനമാക്കിയതോടെയാമ് ലഹരിയുണ്ടാക്കുന്ന മറ്റ് പദാർഥങ്ങൾ നൽകി വിദ്യാർത്ഥികളെ ഉപഭോക്താക്കളാക്കാൻ കാരണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. പെട്രോളിയം ചേരുവകൾ ഉള്ള ഇത്തരം വസ്തുക്കൾ പൊട്ടിച്ച് കവറിലാക്കി വായും മൂക്കും ഇതിനുള്ളിൽ കടത്തി ഗന്ധം വലിച്ചെടുത്ത്് ലഹരി കണ്ടെത്തുകയാണ് സാധാരണ ചെയ്തുവരുന്നത്. ഇത് ശ്വസിക്കുന്നതോടെ മൂന്നുമുതൽ അഞ്ചു മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ലഹരി ലഭിക്കുമെന്നാണ് സൂചന.