കൊച്ചി: ലഹരി ഉപയോഗിച്ച വിവരം വീട്ടുകാരോട് പറഞ്ഞു എന്നാരോപിച്ച് 17 കാരന് കൂട്ടുകാരുടെ ക്രൂര മർദ്ദനം. കളമശ്ശേരി ഗ്ലാസ്സ് ഫാക്ടറി കോളനിയിലെ 17 കാരനാണ് സുഹൃത്തുക്കളായ സമ പ്രായക്കാരുടെ മർദ്ദനമേറ്റത്. മർദ്ദനമേറ്റ് അവശനായ കുട്ടി ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് സംഭവം. ഒപ്പമുള്ള സുഹൃത്തുക്കൾ ലഹരി ഉപയോഗിച്ച വിവരം അവരുടെ വീടുകളിൽ പറഞ്ഞു എന്നാരോപിച്ച് ആരും ഇല്ലാത്ത സ്ഥലത്തെത്തിച്ച് മർദ്ദിക്കുകയായിരുന്നു. അർദ്ധ നഗ്‌നനാക്കിയ ശേഷം കൂട്ടം കൂടി നിന്ന് നാലിലധികം കുട്ടികൾ ചേർന്നായിരുന്നു മർദ്ദനം. തലയ്ക്ക് പലവട്ടം കാലുപയോഗിച്ച് മർദ്ദിച്ചു.

നടുവിന് കയറി ഇരുന്ന നട്ടെല്ലിന് ഇടിച്ചു. മെറ്റൽ നിരത്തി ഇട്ട് അതിന് മുകളിൽ മുട്ടു കുത്തിച്ച് മണിക്കൂറുകളോളം നിർത്തി. മെറ്റലിൽ മുട്ടു കുത്തി നിൽക്കുമ്പോൾ ഒരാൾ തോളിൽ കയറി ഇരിക്കുന്നുമുണ്ട്. വടിയും മറ്റു പോയോഗിച്ച് അടിക്കുന്നുമുണ്ട്. പിന്നീട് പാട്ടു വച്ച് ഡാൻസ് കളിപ്പിക്കുകയും ചെയ്തു.

ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇതിനിടയിൽ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ പരിശോധിച്ച ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ മർദ്ദനം നടത്തിയവർ പ്രായപൂർത്തിയാകാത്തവരാണ് എന്ന് കണ്ടെത്തി.

അതിനാൽ പൊലീസിന് മറ്റ് നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി മർദ്ദനമേറ്റ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 3 മാസം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത് എന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ പറയുന്നത്.

അതേ സമയം കുട്ടിയുടെ മൊഴി പിന്നീട് പൊലീസ് രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കളമശ്ശേരി എസ്. എച്ച്.ഒയ്ക്കാണ് അന്വേഷണ ചുമതല. മർദ്ദനം നടന്ന കോളനിയിൽ ലഹരി ഉപയോഗിക്കുന്ന കുട്ടികൾ നിരവധിയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. മർദ്ദന സമയത്ത് കുട്ടികൾ ലഹരി ഉപയോഗിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ചൈൽഡ് ലൈൻ പ്രവർത്തകപുടെ റിപ്പോർട്ട് അനുസരിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാതെ പ്രതികളെ ഹാജരാക്കുമെന്നാണ് വിവരം. ബോർഡാണ് ശിക്ഷ തീരുമാനിക്കുന്നത്.