മംഗളൂരു: വിവിധ റെയ്ഡുകളിൽ പിടിച്ചെടുത്ത 1,28,74,700 രൂപ വിലവരുന്ന മയക്കുമരുന്നുകൾ മംഗളൂരുവിൽ പൊലീസ്, കോടതിയുടെ അനുമതിയോടെ ജൈവമാലിന്യ സംസ്‌കരണ രീതിയിൽ പരസ്യമായി നശിപ്പിച്ചു. 634 കിലോ കഞ്ചാവ്, 150 ഗ്രാം ഹെറോയിൻ, 320 ഗ്രാം എംഡിഎംഎ എന്നിങ്ങനെ മംഗ്‌ളുരു സിറ്റി പൊലീസ് കമീഷനറേറ്റ് പരിധിയിൽ 95 കേസുകളിൽ പിടിച്ചെടുത്തവയാണിത്. ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സൊനവാനെ, ബണ്ട് വാൾ എ എസ് പി ശിവൻശു രജ്പുട്ട്, പുത്തൂർ ഡി വൈ എസ് പി ഡോ. ഗന പി കുമാർ എന്നിവർ നേതൃത്വം നൽകി.

ഉഡുപ്പിയിൽ 19 കേസുകളിലായി പിടികൂടിയ മയക്കുമരുന്ന് ജില്ലാ പൊലീസ് നശിപ്പിച്ചു. 2.7 ലക്ഷം രൂപ വിലമതിക്കുന്ന 9.7 കിലോ കഞ്ചാവും 55,000 രൂപ വിലമതിക്കുന്ന 410 ഗ്രാം ചരസും പൊലീസ് നശിപ്പിച്ചു. ആകെ 3.3 ലക്ഷം രൂപയാണ് നശിച്ചത്. പടുബിദ്രിയിലെ നന്ദിക്കൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ആയുഷ് എൻവിറോടെക് പ്രൈവറ്റ് ലിമിറ്റഡിൽ ആണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്. എസ്‌പി എൻ വിഷ്ണുവർധൻ, അഡീഷണൽ എസ്‌പി എസ് ടി സിംഗലിംഗപ്പ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ വർഷവും സമാനരീതിയിൽ ലഹരി വസ്തുക്കൾ പൊലീസ് നശിപ്പിച്ചിരുന്നു .