കോതമംഗലം: കറുകടത്ത് റേഷൻവാങ്ങി മടങ്ങിയ അമ്മയും മകനും കാർ ഇടിച്ച് മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർ തൊടുപുഴ കൊല്ലപ്പിള്ളീൽ ജിജോ മാത്യു അമിത മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്. ഇന്നലെ രാത്രി കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.100 എം എൽ രക്തത്തിൽ 70 എം എൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതായിട്ടാണ് പരിശോധന റിപ്പോർട്ട് .ഇന്നലെ വൈകിട്ട് 5.30 തോടെയായിരുന്നു നാടിനെ ദുഃഖത്തിലാഴ്തിയ അപകടം.

കറുകടം ഷാപ്പുംപടി പത്തലക്കൂട്ടം അപ്പുവിന്റെ ഭാര്യ സിന്ധു (45)മകൻ അനന്തു(17) എന്നിവരാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത മാത്യുവിന്റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും. ആലപ്പുഴയിൽ ബി എസ് എൻ എന്നലിൽ എഞ്ചിനിയറായ മാത്യു ഇന്നലെ നേര്യമംഗലത്തെ ചീട്ടുകളി കേന്ദ്രത്തിൽ നിന്നും മൂവാറ്റുപുഴയിമടങ്ങും വഴിയാണ് അപകടം സൃഷ്ടിച്ചതെന്നും പൊലീസ് അറിയിച്ചു.

പാതയോരത്തുകൂടി നടന്നുപോകുകയായിരുന്ന സിന്ധുവിനെയും മകനെയും ജിജോ ഓടിച്ചിരുന്ന സാന്ററോ കാർ ഇടിച്ച് തെറിപ്പികയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 15 മീറ്ററിലേറെ ദൂരത്തെക്ക് തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. സംഭവ സ്ഥലത്ത് അനക്കമില്ലാത്ത അവസ്ഥയിലയിൽ കാണപ്പെട്ട ഇവരെ ഉടൻ ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവരെ ഇടിച്ച് തെറിപ്പിച്ചശേഷം തൊട്ടടുത്ത് ഇലട്രിക് പോസ്റ്റിടിച്ചാണ് കാർ നിന്നത്. പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ഇന്നോവയിൽ ഇടിച്ച ശേഷമാണ് കാർ റേഷൻ സാധനങ്ങൾ വാങ്ങി റോഡ് മുറിച്ചുകടക്കാൻ കാത്തുനിന്നിരുന്ന മാതാവിനെയും മകനെയും ഇടിച്ചിട്ടത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദ്ദേഹം ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.