- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് കാർ ഓടിച്ചു ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയി; മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്ഐയെ നാട്ടുകാർ പിടികൂടി; ബൈക്ക് യാത്രക്കാരായ പുരുഷനും സ്ത്രീക്കും കാലിന് സാരമായി പരിക്കേറ്റു; സംഭവം തൃശ്ശൂർ കണ്ണാറയിൽ
തൃശൂർ: മദ്യലഹരിയിൽ കാർ ഓടിച്ചു ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ എഎസ്ഐയും സംഘവും അറസ്റ്റിലായി. മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടിയത്. ഇന്നലെ രാത്രി തൃശ്ശൂർ കണ്ണാറയിലാണ് സംഭവം. ലിൽജിത്ത് (24), കാവ്യ (22) എന്നിവർക്കാണ് കാലിന് സാരമായി പരിക്കേറ്റത്.
മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും പ്രശാന്തിനും സംഘത്തിനുമെതിരെ കേസെടുത്തു. ബൈക്ക് യാത്രക്കാരായ രണ്ട് പേർക്കും കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെയും കാലൊടിഞ്ഞു. മുട്ടിന് ഗുരുതരമായ പരിക്കേറ്റതിനാൽ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചു. കണ്ണാറയിലെ ഒരു വീട്ടിലെ പിറന്നാൾ ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു സംഘം. അപകടം നടന്ന് മുന്നോട്ട് പോയ കാർ ഒരു കിലോമീറ്റർ ദൂരെ നിർത്തി. ടയർ പൊട്ടിയതിനെ തുടർന്നാണ് എഎസ്ഐയും സംഘവും കാർ നിർത്തിയത്. നാട്ടുകാർ പിന്നാലെയെത്തി പിടികൂടി. പ്രകോപിതരായ നാട്ടുകാരിൽ നിന്ന് പൊലീസെത്തിയാണ് ഇവരെ രക്ഷിച്ചത്.
ഇന്നലെ ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാരനെ ഷൂ കൊണ്ടു ചവിട്ടിയ സംഭവത്തിൽ കണ്ണൂർ റെയിൽവേ എഎസ്ഐ എം.സി പ്രമോദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവവും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു വരികയാണ്. ഹൈക്കോടതിയിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും സംസ്ഥാന പൊലീസിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴുണ്ടായ സസ്പെൻഷൻ സേനയിൽ അതൃപ്തി പടർത്തിയിരിക്കുന്നത്. ഇങ്ങനെ പോവുകയാണെങ്കിൽ പൊലീസ് യാതൊരു വിഷയത്തിലും ഇടപെടാതെ കൈ കെട്ടി മാറി നിൽക്കുമെന്നാണ് ഇതേക്കുറിച്ചു ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
ഇന്റലിജൻസ് എഡിജിപിയാണ് കുറ്റാരോപിതനായ കെ.വി പ്രമോദിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. യാത്രക്കാരനോട് എഎസ്ഐ എംസി പ്രമോദ് അതിക്രൂരമായി പെരുമാറിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെ ഇയാളെ റെയിൽവേ ചുമതലയിൽ നിന്നും മാറ്റാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പാലക്കാട് റെയിൽവേ ഡിവൈഎസ്പിയും കണ്ണൂർ സ്പെഷൽ ബ്രാഞ്ച് എസിപിയും നടത്തിയ അന്വേഷണങ്ങളിൽ ഉദ്യോഗസ്ഥൻ മനുഷ്യത്വരഹിതമായി പെരുമാറിയെന്നാണ് കണ്ടെത്തിയിരുന്നു.
പാലക്കാട് റെയിൽവേ ഡിവൈഎസ്പിയും കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് എസിപിയും നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ എ എസ് ' ഐയ്ക്കു പ്രതികൂലമായതോടെയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സ്ത്രീകളുടെ അടുത്ത് മദ്യലഹരിയിൽ ടിക്കറ്റില്ലാതെ ഇരുന്ന് യാത്രചെയ്യുന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്തതിൽ തെറ്റില്ലെന്നും പക്ഷെ കോച്ചിലൂടെ വലിച്ചിഴച്ചതും മുഖത്തടിച്ചതും ബൂട്ട് കൊണ്ട് നെഞ്ചിൽ ചവിട്ടിയതും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും വകുപ്പുതല അന്വേഷണത്തിൽ പറയുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ