തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനം പിടിയായ ഡിവൈഎഫ്‌ഐ നേതാവ് സ്റ്റേഷനിൽ പൊലീസുകാരെ വെല്ലുവിളിച്ച് അഴിഞ്ഞാടി. ഉദ്യോഗസ്ഥരെ തെറിവിളിച്ചും മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഉദ്യോഗസ്ഥരെ വിരട്ടിയും നേതാവ് ബഹളം വെക്കുകയായിരുന്നു. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്തായിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാവ് നഹാസാണ് മദ്യലഹരിയിലും ഭരണക്കാരനെന്ന് ഹുങ്കും വെച്ച് പൊലീസുകാരെ തെറിവിളിച്ച് പെരുമാറിയത്.

തിരുവനന്തപുരത്തെ ഫോർട്ട് സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. പൊലീസ് സ്ഥിരം നടത്തുന്ന വാഹന പരിശോധനക്കിടെ മദ്യപിച്ചു വാഹനം ഓടിച്ചതിന് പിടിക്കപ്പെടുകയായിരുന്നു ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ്. മദ്യലഹരിയിൽ സ്റ്റേഷനിൽ ബഹളം വെക്കുകയും പൊലീസിന് നേരെ തട്ടികയറുകയമാണ് അദ്ദേഹം ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ സംഭവം ഫോർട്ട് സ്‌റ്റേഷനിലാണ് നടന്നതെന്ന് സിഐ സമ്മതിക്കുകയായിരന്നു.

ഐപിസി 185 അനുസരിച്ച് കേസ് ചാർജ്ജു ചെയ്യപ്പെട്ട പ്രതി സ്റ്റേഷനിൽ എത്തും വരെ മാന്യമായാണ് പെരുമാറിയത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണന്നും കേസിൽ നിന്നും ഒഴിവാക്കണമെന്നും പൊലീസിനോട് പറഞ്ഞെങ്കിലും വൈദ്യ പരിശോധനക്ക് കൊണ്ടു പോകാനായിരുന്നു സ്റ്റേഷനിലെ തീരുമാനം. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. പൊലീസുകാരിൽ നിന്നും സഹായം ഉണ്ടാകില്ലെന്ന് ബോധ്യപ്പെട്ടതോടെ പ്രതി പെട്ടെന്ന് അക്രമ സ്വഭാവം പ്രകടിപ്പിക്കുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ തള്ളുകയും മേശയിൽ ആഞ്ഞടിച്ച് ബഹളം വെയ്ക്കുകയും ചെയ്തിട്ടും പൊലീസ് സംയമനം പാലിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ് ... പൊലീസ് തന്നെ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്..... അക്രമാസ്‌ക്തനായി പ്രതി പൊലീസുകാരോടു ചോദിക്കുന്നുണ്ട് .... ' കൊല്ല് .... കൊല്ല് ... നിങ്ങൾ എന്നെ എന്ത് ചെയ്യും ? ഞാൻ പിടിച്ചു പറിക്കാരനാണോ ? മോഷ്ടാവാണോ ? ഭയങ്കര സെറ്റപ്പിൽ വീഡിയോ പിടിക്കുകയാണല്ലോ ....... ഞാൻ പിടിച്ചു പറിച്ചിട്ടില്ല ..... മോഷ്ടിച്ചിട്ടുമില്ല ..... വല്ലവരെയും കയറി പിടിച്ചില്ല ...... നിങ്ങൾ ഇത് കാണിക്കരുത് ... ഞാൻ ഡിവൈഎഫ്‌ഐക്കാരനാണ്, എന്റെ ഗവൺമെന്റ് ഞാൻ വോട്ട് ചെയ്ത ഗവൺമെന്റാണ് കേരളം ഭരിക്കുന്നത് ..... മേശയിൽ ഇടിക്കുന്നു. ഇത് കാണിക്കണ്ട .... ഭയങ്കര സെറ്റപ്പ് തന്നെ .... ഉമ്മൻ ചാണ്ടിയല്ല .... പിണറായി വിജയനാണ് ഭരിക്കുന്നത് മനസിലാക്കിക്കോ ..... ഈ ഗവൺമെന്റിനെ നിലംപരിശാക്കാൻ പ്രവർത്തിക്കുന്നവരാണ് നിങ്ങൾ ...... നിങ്ങൾ ആർഎസ്എസുകാരാണ് ... ചാനലുകാരെ വിളി ..... എന്നെ ഉരുട്ടി കൊല്ല് ...:

ഡിവൈഎഫ്‌ഐക്കാരെ വെറുതെ വണ്ടിയിൽ പോകുമ്പോൾ പിടിക്ക് .... എടാ .... നിനക്കൊക്കെ നാണമില്ലേ ..... കാക്കി ഇട്ടു കൊണ്ട് നടക്കുന്നു .......' - ഇങ്ങനെ അക്രോശിക്കുകയും വെല്ലുവിളി നടത്തുകയും ചെയ്ത ഇയാളെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പിഴ ചുമത്തിയ ശേഷം രണ്ടാൾ ജാമ്യത്തിലാണ് വിട്ടയച്ചത് .... ഇയാൾ ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവാണന്ന് വിവരം ലഭിച്ചതോടെ പ്രതിയുടെ പേരുവിവരം പുറത്തു വിടാൻ ഫോർട്ട് പൊലീസ് തുടക്കത്തിൽ തയ്യാറായിട്ടില്ല. അതേ സമയം ഡിവൈഎഫ്‌ഐ ക്കാരന്റെ അതിക്രമങ്ങൾ വീഡിയോയിൽ പകർത്തിയ പൊലീസുകാരൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്ഥിരീകരണത്തിന് മാധ്യമ പ്രവർത്തകർ അടക്കം പൊലീസിനെ ബന്ധപ്പെട്ടെങ്കിലും ആദ്യം വിവരം പുറത്തുപറയാൻ പൊലീസുകാർ തയ്യാറായില്ല. ഭരണക്കാരുടെ നേതാവ് തന്നെയാണെന്ന ആശങ്ക കൊണ്ടാണ് പൊലീസുകാർ പേര് വെളിപ്പെടുത്താൻ തയ്യാറാകാതിരുന്നത്. ഉരുട്ടിക്കൊലകേസോടെ കുപ്രസിദ്ധിയിലേക്ക് കൂപ്പുകുത്തിയ ഫോർട്ട് പൊലീസ് മദ്യപിച്ചു വാഹനം ഓടിച്ചു വന്ന ഡിവൈഎഫ്‌ഐ പ്രവർത്തകനെ പ്രകോപിപ്പിച്ച് കുരുക്കിൽ പെടുത്തിയതാവാം എന്ന മറുവാദവും ഉയരുന്നുണ്ടെങ്കിലും അത് ശരിയല്ലെനനാണ് പൊലീസ് പറയുന്നത്.

ഭരിക്കുന്നത് തങ്ങളുടെ സർക്കാറാണെന്ന് പറഞ്ഞ് വെല്ലുവിളിക്കാൻ നേതാവിനെ പ്രേരിപ്പിച്ചത് പിടിപാട് തന്നെയാണെന്നും വിലയിരുത്തുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സിപിഎം പ്രവർത്തകർക്ക് പൊലീസ് സ്‌റ്റേഷനുകളിൽ നീതി കിട്ടുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ, പൊലീസിന് സ്വതന്ത്രാധികാരം നൽകിയിട്ടുണ്ടെന്ും അതിൽ കൈകടത്തരുതെന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി പ്രവർത്തകരോടായി നിർദ്ദേശിച്ചതും.