ഹുസ്റ്റൺ: മദ്യലഹരിയിൽ യൂബർ ടാക്‌സി ഡ്രൈവറെ കൈയേറ്റം ചെയ്ത ഇന്ത്യൻ വംശജയായ ലേഡി ഡോക്ടറെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു. മിയാമി ആശുപത്രിയിലെ ഇന്ത്യൻ വംശജയായ അഞ്ജലി രാംകിസൂണി(30)നെയാണ് ജോലിയിൽ നിന്നു പിരിച്ചു വിട്ടിരിക്കുന്നത്. യാത്രക്കിടയിൽ യൂബർ ടാക്‌സി ഡ്രൈവറെയും അയാളുടെ വാഹനത്തേയും ആക്രമിക്കുന്ന വീഡിയെ ഇന്റർനെറ്റിൽ വന്നതോടെ ഡോക്ടർ അവധിയിലായിരുന്നു. 

ഡ്രൈവറെ ഡോക്ടർ ആക്രമിക്കുന്ന വീഡിയോ ഏഴു ലക്ഷം ആളുകളാണ് ഇതിനോടകം കണ്ടത്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു. തുടർന്ന് ഡോ. അഞ്ജലി പരസ്യമായി മാപ്പുചോദിക്കുകയും ചെയ്തിരുന്നു. ഡ്രൈവർ ഇവർക്കെതിരേ പരാതി കൊടുത്തിരുന്നില്ല എന്നതാണ് മറ്റൊരു കാര്യം.

ജാക്‌സൺ ഹെൽത്ത് സിസ്റ്റത്തിൽ ന്യൂറോളജി വകുപ്പിൽ ജോലി ചെയ്തിരുന്ന ഡോ. അഞ്ജലി മദ്യലഹരിയിലാണ് ടാക്‌സി ഡ്രൈവറെ കൈയേറ്റം ചെയ്തത്. യാതൊരു പ്രകോപനവുമില്ലാതെ ഡ്രൈവറെ ആക്രമിക്കുകയും അയാളുടെ കാറിന് കേടുവരുത്തുകയും ചെയ്യുന്നതായി വീഡിയോയിൽ വ്യക്തമാണ്. കാറിൽ കയറിയ ഡോക്ടർ ഉള്ളിൽ നിന്ന് വസ്തുക്കൾ എടുത്ത് പുറത്തേക്ക് എറിയുന്നതും കാണാം.