ലോകത്തിലെ ആദ്യത്തെ സെൽഫ്ഫ്‌ലൈയിങ് ടാക്‌സികളുള്ള നഗരമെന്ന പദവിക്കായുള്ള മത്സരത്തിൽ അവസാനം ദുബായും പങ്ക് ചേർന്നിരിക്കുകയാണ്. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന കാറും ബസും യാഥാർത്ഥ്യമാക്കാൻ ലോകത്തിലെ വിവിധ നഗരങ്ങൾ ഒരുങ്ങുന്നതിനിടയിലാണ് പൈലറ്റില്ലാതെ പറക്കുന്ന ഈ വോളോകോപ്റ്റർ യാഥാർത്ഥ്യമാക്കാൻ ദുബായ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ചെറിയ ഹെലികോപ്റ്ററിന് സമാനായ വോളോകോപ്റ്ററിന് 18 പ്രൊപ്പല്ലറുകളുണ്ടെന്ന പ്രത്യേകതയുണ്ട്. ഈ ആകാശയാനത്തിൽ രണ്ട് പേർക്ക് സ്വയം പറന്ന് യാത്ര ചെയ്യാൻ സാധിക്കുകയും ചെയ്യും.

ലോകത്തിലെ ആദ്യത്തെ ഡ്രോൺ ടാക്‌സി സർവീസ് എന്ന നിലയിലാണിത് ദുബായിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അറബ് ലോകത്തെ ഈ പുതിയ ടെക്‌നോളജിയുടെ തുടക്കക്കാരാക്കുകയെന്ന കടുത്ത ആഗ്രഹത്തോടെയാണ് ദുബായ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ജർമൻ ഡ്രോൺ സ്ഥാപനമായ വോളോകോപ്റ്റർ ആണ് ഫ്‌ലൈയിങ് ടാക്‌സി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചെറുതും രണ്ട് സീറ്റുകളുള്ളതുമായ ഹെലികോപ്റ്റർ കാബിന് മേൽ 18 പ്രൊപ്പല്ലറുകൾ ഘടിപ്പിച്ചുള്ള ഒരു പരീക്ഷണമാണിത്. ഇപ്പോഴും പരീക്ഷണഘട്ടത്തിലായ ഈ ആകാശയാനത്തിന് ഇതുവരെ ഔദ്യോഗികമായി പേരിട്ടിട്ടില്ല.

റിമോട്ട് കൺട്രോൾ ഗൈഡൻസില്ലാതെ പറക്കാനാവുന്ന ഇതിന് പരമാവധി 30 മിനുറ്റു വരെയാണ് ഒറ്റയടിക്ക് പറക്കാൻ സാധിക്കുന്നത്. നല്ല ഫണ്ട് നിക്ഷേപിച്ച് ഡസൻ കണക്കിന് യൂറോപ്യൻ, യുഎസ് കമ്പനികൾ ഇത്തരം ആകാശവാഹനങ്ങൾ വികസിപ്പിക്കുന്നതിനുള്ള തിരക്ക് പിടിച്ച ശ്രമത്തിലാണിപ്പോൾ . അവരോടാണ് വോളോകോപ്റ്റർ മത്സരിക്കുന്നത്. ഓരോ സ്ഥാപനവും അവരുടേതായ രീതിയിലാണീ സ്വപ്‌നയാനം വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്. എയറോ സ്‌പേസ് ഭീമനായ എയർബസ് ഇത്തരം സാങ്കേതിക വിദ്യ വികസിപ്പിക്കാൻ രംഗത്തുണ്ട്.

ഇതിലൂടെ 2020 ആകുമ്പോഴേക്കും സെൽഫ് പൈലറ്റിങ് ടാക്‌സി യാഥാർത്ഥ്യമാക്കാനാണ് കമ്പനി ഒരുങ്ങുന്നത് . ഇതിന് പുറമെ ഗൂഗിളിന്റെ കോ ഫൗണ്ടറായ ലാറി പേജും കിറ്റി ഹാക്ക് എന്ന കമ്പനിക്ക് ഇത്തരം സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ തങ്ങളുടെ പാർട്ട്ണർമാരുമായി ചേർന്ന് കൊണ്ട് ഫ്‌ലൈയിങ് ടാക്‌സി വികസിപ്പിക്കാൻ യൂബറും രംഗത്തുണ്ട്. ഇതിന്റെ സുരക്ഷാപിഴവുകളെല്ലാം പരിഹരിച്ചതിന് ശേഷം മാത്രമേ ഇത് ജനങ്ങളുടെ ഉപയോഗത്തിന് ലഭ്യമാക്കുകയുള്ളുവെന്നാണ് വോളോകോപ്റ്റർ കോ ഫൗണ്ടറായ അലക്‌സാണ്ടർ സോസെൽ വെളിപ്പെടുത്തുന്നത്. ദൂബായിലെ പരീക്ഷണപ്പറക്കലിന് മുന്നോടിയായി നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.