ദുബായ്: കേരളം കൊച്ചി മെട്രോയ്ക്ക് പിറകെയാണ്. ദുബായ് അതുക്കും മേലെ പറക്കുകയാണ്. പറക്കും ടാക്സികൾ ഇനി ദുബായിയുടെ ആകാശവീഥികൾ സ്വന്തമാക്കും. ഈവർഷം അവസാനത്തോടെ ദുബായിയുടെ ഈ സ്വപ്നപദ്ധതി പരീക്ഷണപ്പറക്കൽ തുടങ്ങും.

വർധിച്ചു വരുന്ന ഗതാഗത തിരക്ക് ഫലപ്രദമായി കുറയ്ക്കാൻ ഈ ടാക്സികൾക്കാകും. ഡ്രൈവറില്ലാതെ പറക്കുന്ന ഈ ടാക്സികളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വൻ സുരക്ഷ ക്രമീകരണങ്ങളോടു കൂടിയ ഓട്ടോണമസ് എയർ ടാക്സി നിർമ്മിക്കുന്നത് ജർമൻ കമ്പിനിയായ വോളോകോപ്റ്ററാണ്. വോളോകോപ്റ്ററുമായി ദുബായ് റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റി(ആർ.ടി.എ) ഇതു സംബന്ധിച്ച കരാർ ഒപ്പുവെച്ചു.

മണിക്കൂറിൽ 100 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന എയർടാക്സിയുടെ പരമാവധിപറക്കൽ സമയം 30 മിനിട്ടാണ്. സുരക്ഷിതമായ പറക്കലിനും ലാന്റിങ്ങിനും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത 18 റൂട്ടറുകളാണ് സുരക്ഷക്കായി പ്രവർത്തിക്കുന്നത്. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന പറക്കും ടാക്സിയെ നിയന്ത്രിക്കുന്നത് ഓട്ടോപൈലറ്റ് സംവിധാനമാണ് .

ലോകത്തിലെ ആദ്യ സ്മാർട്ട്സിറ്റിയായി ദുബായിയെ മാറ്റാനായുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്വപ്നപദ്ധതിയാണിത്. 2030-ഓടെ ദുബായിയിലെ ഗതാഗതസംവിധാനത്തിലെ വലിയൊരു ശതമാനം ഡ്രൈവറില്ലാ വാഹനങ്ങളാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആർ.ടി.എ. ഡയറക്ടർ ജനറൽ മാതർ അൽ തായർ പറഞ്ഞു.

ആർ.ടി.എ.യുടെ ഉന്നതതല സംഘം പറക്കും ടാക്സി നിർമ്മിക്കുന്ന വോളോകോപ്റ്റർ കമ്പനി സന്ദർശിച്ചു സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി. പറക്കും ടാക്സികളുടെ പ്രവർത്തനം സംബന്ധിച്ചുള്ള നിയമനിർമ്മാണത്തിന് ദുബായ് സിവിൽ ഏവിയേഷൻ അഥോറിറ്റിയുമായി ആർ.ടി.എ. കൂടിയാലോചനകൾ നടത്തുകയാണെന്നും അധികൃതർ പറഞ്ഞു.