ദുബായ് : ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണ്ണ തോതിലേക്ക്. ബുധനാഴ്ചയുണ്ടായ എമിറേറ്റ്‌സ് വിമാനാപകടത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയതായും സർവീസുകൾ പൂർണതോതിൽ പുനരാരംഭിച്ചതായും ദുബായ് വിമാനത്താവള അഥോറിറ്റി അറിയിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള 21 വിമാനക്കമ്പനികളുടെ 109 സർവീസുകൾ ഇന്നലെയും റദ്ദാക്കി. വിദേശ കമ്പനികളുടെ വിമാനങ്ങൾ വന്നുപോകുന്ന ടെർമിനൽ ഒന്നിലെ സർവീസുകളാണു മുടങ്ങിയത്. എന്നാൽ ഇന്ന് മുതൽ സർവ്വീസുകൾ റദ്ദാക്കില്ല. എന്നാൽ സമയക്രമത്തിൽ മാറ്റങ്ങളുണ്ടാകും. അതിനാൽ ദുബായ് വിമാനത്താവളം ഉപയോഗിക്കുന്നവർ സർവ്വീസിന്റെ സമയക്രമങ്ങളെ കുറിച്ച് കൃത്യത വരുത്തണം.

അഞ്ഞൂറിലേറെ സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നു പ്രയാസത്തിലായ യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനാണു ശ്രമമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വലിയ വിമാനങ്ങളിൽ പരമാവധി സർവീസുകൾ നടത്തും. ഇന്ത്യയിൽ നിന്നുള്ള ദുബായ് സർവീസുകൾ ഇന്നു പൂർണമായും സാധാരണനിലയിലാകും. സ്‌പൈസ് ജെറ്റ് ഇന്നലെ മുതൽ എല്ലാ സർവീസുകളും പുനരാരംഭിച്ചു. എയർ ഇന്ത്യ, ജെറ്റ് എയർവേയ്‌സ്, ഇൻഡിഗോ എന്നിവയുടെ സർവീസുകളെല്ലാം ഇന്നു പൂർവസ്ഥിതിയിലാകും. ജെറ്റ് എയർവേയ്‌സിന്റെ മംഗളൂരു വിമാനം മാത്രം ഷാർജയിൽ നിന്നാകും പുറപ്പെടുക.

കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ മൂന്നു വിമാനങ്ങൾ ഇന്നലെ വൈകി. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദുബായിൽ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചതിനെ തുടർന്നാണിതെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ 11.35നുള്ള കോഴിക്കോട് -ബഹ്‌റൈൻ, രാവിലെ 11.45നുള്ള കോഴിക്കോട് - ദോഹ വിമാനങ്ങൾ ഉച്ചയ്ക്കു രണ്ടരയ്ക്കും രാവിലെ 9.15നു പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട് - ദുബായ് സർവീസ് ഉച്ചകഴിഞ്ഞ് 1.55നുമാണു തിരിച്ചത്. ഇന്നും ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകും.

വിമാനം കത്തുന്നതിലേക്ക് കാര്യങ്ങൾ എത്തിയതിനെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്‌സ് വിമാനം ബുധനാഴ്ച ഇടിച്ചിറക്കിയതിനെ തുടർന്ന് ഇന്നലെ വരെ 242 സർവീസുകളാണു റദ്ദാക്കിയത്. 64 സർവീസുകൾ സമീപ വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഇരുപതിനായിരത്തിലേറെ യാത്രക്കാർ വലഞ്ഞിരുന്നു. അപകടകാരണമറിയാൻ വിമാനത്തിലെ ബ്ലാക്ക് ബോക്‌സിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. ഫ്‌ലൈറ്റ് ഡേറ്റയും കോക്പിറ്റ് സംഭാഷണങ്ങളും വിമാന ഭാഗങ്ങളും പരിശോധിച്ചുവരികയാണ്.

ദുബായ് ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ബോയിങ്, എമിറേറ്റ്‌സ്, റോൾസ് റോയ്‌സ് എന്നിവയും സഹകരിക്കുന്നു.