ദുബായ്: ദുബായ് മറീനയിലെ 75 നില കെട്ടിടത്തിന് തീ പിടിച്ചു. ആഡംബര ഫ്‌ലാറ്റ് സമുച്ചയമായ സുലഫ ടവറിലാണ് തീ പിടിച്ചത്. മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. തീപിടത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

ഷോട്ട് സർക്യൂട്ടാകും അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ 35ാം നിലയിലാണ് ആദ്യം തീ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തീ മുകൾ നിലയിലേക്ക് പടർന്നു. കത്തിവീണ അവശിഷ്ടങ്ങളിലൂടെ താഴത്തെ നിലകളിലേക്കും തീപടരുകയായിരുന്നു. ഇതിനിടയിൽ സിവിൽ ഡിഫൻസ് അധികൃതരും പൊലീസും ചേർന്ന് കെട്ടിടത്തിനകത്തുള്ള നൂറുകണക്കിനാളുകളെ ഒഴിപ്പിച്ചു. മുകൾ നിലയിലെ കാർ പാർക്കിങ്ങിലേക്കും തീ പടർന്നു.

തീ പടരുന്നത് കണ്ട കെട്ടിടത്തിലുള്ളവരെല്ലാം പരിഭ്രാന്തരായി. എന്തു ചെയ്യണമെന്നറിയാതെ പകച്ചു. പലരും കൈയിൽ കിട്ടിയതെല്ലാം എടുത്ത് താഴേക്ക് ഓടി. കുട്ടികളുടെ നിലവിളിയും ഉയർന്നു. പലർക്കും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. പിടക്കെട്ടുകൾ ഓടിയറങ്ങിയവരിൽ പലരുടേയും കാല് കുഴഞ്ഞു മുന്നോട്ട് നിങ്ങാനാവാത്ത അവസ്ഥയുണ്ടായി. എന്നാൽ രക്ഷാപ്രവർത്തകരുടെ മികവ് ജീവനുകൾക്ക് അപകടമുണ്ടാകാതെ കാത്തു. എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു.

കത്തിവീണുകൊണ്ടിരുന്ന അവശിഷ്ടങ്ങൾ അപകടത്തിന് ഇടയാക്കുമെന്നതിനാൽ ഈ സമയം പരിസരത്തെ റോഡുകളെല്ലാം അടച്ചിരുന്നു. സുലഫ ടവറിന് ചുറ്റുമുള്ള കെട്ടിടങ്ങളിലെ താമസക്കാരെയും അധികൃതർ ഒഴിപ്പിച്ചു. പത്തിലേറെ ഫയർ എഞ്ചിനുകളാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്. മൂന്ന് മണിക്കൂർ കൊണ്ട് തീ നിയന്ത്രണവിധേയമാക്കിയതായും ആർക്കും പരിക്കില്ലെന്നും ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.

285 മീറ്റർ ഉയരമുള്ള സുലഫ ടവർ ഉയരം കൊണ്ട് ദുബായിലെ 23ാമത് കെട്ടിടമാണ്. ലോകത്തിലെ 127ാം സ്ഥാനത്തുള്ള ഈ കെട്ടിടത്തിൽ 2012 ൽ 36ാം നിലയിൽ തീപ്പിടിച്ചിരുന്നു. കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചവർക്ക് അധികൃതർ സമീപത്തുള്ള ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കി.