- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ മോഷണത്തിനിടെ ഇന്ത്യക്കാരായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പതിനെട്ടും പതിമൂന്നും വയസ് പ്രായമുള്ള പെൺകുട്ടികളെ അടുത്ത മാസം വിസ്തരിക്കും; പാക്കിസ്ഥാൻ സ്വദേശിയായ മുഖ്യപ്രതിയെ വീഡിയോ കോൺഫറൻസിൽ വിസ്തരിച്ചു
ദുബായ്: ദുബൈയിൽ മോഷണത്തിനിടെ ഇന്ത്യക്കാരായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പതിനെട്ടും പതിമൂന്നും വയസ് പ്രായമുള്ള പെൺകുട്ടികളെ അടുത്ത മാസം വിസ്തരിക്കും. ഫെബ്രുവരി പത്തിനാണ് കേസിലെ വിചാരണ നടക്കുന്നത്. കൊല്ലപ്പെട്ട ദമ്പതികളുടെ ഒരു സുഹൃത്തും ഇതേദിവസം കോടതിയിൽ ഹാജരായി മൊഴി നൽകും. കേസിലെ പ്രതിയായ പാക്കിസ്ഥാൻ സ്വദേശിയെ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയിരുന്നു.
കഴിഞ്ഞ വർഷം ജൂണിലാണ് അറേബ്യൻ റാഞ്ചസ് മിറാഡറിലെ വില്ലയിൽ ദമ്പതികളെ കൊലപ്പെടുത്തിയത്. ഷാർജയിൽ ബിസിനസ് നടത്തി വരികയായിരുന്ന ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ(40), വിധി ആദിയ എന്നിവരാണ് കുത്തേറ്റ് മരിച്ചത്. ദമ്പതികളെ കൊലപ്പെടുത്തുകയും ഇവരുടെ മകളെ കുത്തിപ്പരിക്കേൽപ്പിച്ച് മോഷണം നടത്തുകയും ചെയ്ത 24കാരനായ പ്രതിക്കെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകം, കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കുക, മോഷണം എന്നീ വകുപ്പുകൾ ചുമത്തുകയും ചെയ്തിരുന്നു.
ജൂൺ 17ന് രാത്രിയാണ് മോഷണം ലക്ഷ്യമിട്ട് പ്രതി ഇന്ത്യൻ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടിൽ അറ്റകുറ്റപ്പണികൾക്കായി നേരത്തെ ഇയാൾ ചെന്നിട്ടുണ്ട്. ദമ്പതികൾക്കൊപ്പം 18ഉം 13ഉം വയസായ രണ്ട് മക്കളും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. വീട്ടിലുള്ള എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് മതിലിലൂടെ കയറി ബാൽക്കണി വഴിയാണ് പ്രതി അകത്ത് പ്രവേശിച്ചത്. വീടിനകത്ത് കയറി ആദ്യത്തെ പരിശോധനയിൽ 2000 ദിർഹമുള്ള പഴ്സ് കിട്ടി. തുടർന്ന് മുകളിലത്തെ നിലയിലുള്ള ദമ്പതികളുടെ മുറിയിൽ കയറി വിലപിടിപ്പുള്ള വസ്തുക്കൾ തെരയുന്നതിനിടെ ഹിരൺ ആദിയ ഉണർന്നു.
ഇയാൾ ബഹളം വെച്ചതോടെ പ്രതി, കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ഹിരണിനെ കുത്തി ബഹളം കേട്ട് ഉണർന്ന ഭാര്യ വിധിയേയും ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ പലതവണ കുത്തിയാണ് പ്രതി ഇരുവരുടെയും മരണം ഉറപ്പാക്കിയത്. ഭർത്താവിനെ 10 തവണയും ഭാര്യയെ 14 തവണയും കുത്തിയാണ് പ്രതി കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. നിലിവിളി കേട്ട് ഉറക്കമുണർന്ന 18കാരിയായ മകൾ മാതാപിതാക്കളുടെ മുറിയിൽ ചെന്നുനോക്കിയപ്പോഴാണ് ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ബഹളം വെച്ചതോടെ കുട്ടിയെയും കുത്തിപ്പരിക്കേൽപ്പിച്ചു. ഇതിനിടെ ഇയാൾ വീട്ടിൽ നിന്ന് രക്ഷപെട്ടു.
കുട്ടിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ്, കുത്താനുപയോഗിച്ച കത്തി വീടിന് 1000 മീറ്റർ അകലെ നിന്ന് കണ്ടെടുത്തു. വ്യാപക തെരച്ചിൽ നടത്തിയ പൊലീസ് സംഘം 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെങ്കിലും കോടതിയിൽ ഇയാൾ കുറ്റം നിഷേധിച്ചു.
മറുനാടന് ഡെസ്ക്