ലണ്ടൻ: ലൈംഗികാപവാദ കേസിൽ ഉൾപ്പെട്ട ആൻഡ്രൂ രാജകുമാരന്റെ ഡ്യുക്ക് ഓഫ് യോർക്ക് പദവി ഉൾപ്പടെയുള്ള രാജപദവികൾ എടുത്തുമാറ്റിയെങ്കിലും അദ്ദേഹത്തിന്റെ മുൻ ഭാര്യ സാറാ ഫെർഗുസണിന് ഡച്ചസ് ഓഫ് യോർക്ക് പദവിയിൽ തുടരാൻ കഴിയും. മുൻ ഭർത്താവ് അക്ഷരാർത്ഥത്തിൽ സ്വന്തം കുടുംബത്തിൽ നിന്നും നിഷ്‌കാസിതനായെങ്കിലും സാറയ്ക്ക് ഡച്ചസ് ഓഫ് യോർക്ക് എന്ന പദവിയിൽ തുടരാൻ കഴിയുമെന്ന് അവരുടെ സുഹൃത്തുക്കൾ വ്യക്തമാക്കി. അതുപോലെ ആൻഡ്രുവിന്റെ മക്കളായ ബിയാട്രീസിനും യൂജിനിനും എച്ച് ആർ എച്ച് പദവി നഷ്ടപ്പെടുകയുമില്ല.

1986-ൽ വിവാഹ സമയത്താണ് എലിസബത്ത് രാജ്ഞി തന്റെ രണ്ടാമത്തെ മകനായ ആൻഡ്രൂവിന് ഡ്യുക്ക് ഓഫ് യോർക്ക് പദവി നൽകിയത്. ഈ പദവി ഏറെ പ്രത്യേകതകൾ ഉള്ളതാണ്. എലിസബത്ത് രാജ്ഞിയുടെ പിതാവായ ജോർജ്ജ് ആറാമനും അതിനു മുൻപ് അദ്ദേഹത്തിന്റെ പിതാവായ ജോർജ്ജ് അഞ്ചാമനും വഹിച്ച പദവിയാണിത്. വിവാഹബന്ധം വേർപെടുത്തിയതിനു ശേഷവും സാറയ്ക്ക് ഡച്ചസ് ഓഫ് യോർക്ക് പദവിയിൽ തുടരാൻ അനുമതി നൽകിയിരുന്നു. എന്നാൽ, അവർ മറ്റാരെയെങ്കിലും വിവാഹം ചെയ്താൽ ആ പദവി നഷ്ടപ്പെടും.

അതുപോലെ ഇവരുടേ മക്കളായ ബിയാട്രീസ് രാജകുമാരിയും യൂജിനി രാജകുമാരിയും ഇനിയും രാജകുമാരിമാരായി തന്നെ തുടരും. ഒപ്പം അവരുടെ എച്ച് ആർ എച്ച് പദവി അവർക്ക് നഷ്ടപ്പെടുകയുമില്ല. അവരുടെ പ്രൊഫഷണൽ മേഖലകളിൽ ഇരുവരും രാജകുമാരി എന്ന പദം പേരിനൊപ്പം ഉപയോഗിക്കാറില്ലെങ്കിലും കോർട്ട് സർക്കുലർ പോലുള്ള ഔദ്യോഗിക രേഖകളിൽ രാജകുമാരി എന്ന വാക്കും ഒപ്പം എച്ച് ആർ എച്ച് പദവിയും ഇരുവരുടെയും പേരിനൊപ്പം ഉപയോഗിക്കാറുണ്ട്.സാറാ ഫെർഗുസൺ തന്റെ ട്വീറ്റർ അക്കൗണ്ട് ഹാൻഡിലിൽ പോലും ഡച്ചസ് എന്ന പദവി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല, അവർ എഴുതിയ പുസ്തകങ്ങളുടെ കവർപേജുകളിലും തന്റെ രാജപദവി അവർ പരാമർശിക്കാറുണ്ട്.

ഏതായാലും ഈ വിവാദങ്ങളുടെ പേരിൽ സാറ പൊതുപരിപാടികളിൽ നിന്നും ഒഴിഞ്ഞു നിൽക്കില്ല എന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. സാറയോ മക്കളോ ഒരു തെറ്റും ചെയ്തിട്ടില്ല. മാത്രമല്ല. ആൻഡ്രൂ നിരപരാധിയാണെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു. സാറയും ആൻഡ്രുവും വിവാഹമോചിതരാണെങ്കിലും അവർ ഇപ്പോഴും നല്ല ബന്ധത്തിലാണ്. വിൻഡ്സറിൽ, രാജ്ഞിയുടെ മാതാവിന്റെ ഗൃഹമായിരുന്ന റോയൽ ലോഡ്ജിലാണ് ഇരുവരും താമസിക്കുന്നത്. മാത്രമല്ല, സ്ഥിരമായി ഇരുവരും ഒരുമിച്ച് രാജ്ഞിയെ സന്ദർശിക്കാറുമുണ്ട്.