- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീയറ്ററുകാർ ഈച്ചയാട്ടി ഇരുന്നപ്പോൾ പ്രേക്ഷകരെ ബിഗ് സ്ക്രീനിലേക്ക് എത്തിച്ചത് കുറുപ്പ്; മോഹൻലാൽ പോലും മടിച്ചിടത്ത് വിജയം കൊയ്തത് ദുൽഖറിന്റെ ഈ ധൈര്യം; എന്നിട്ടും കാര്യം കഴിഞ്ഞപ്പോൾ താരം തീയറ്റരുകാർക്ക് കറിവേപ്പില; സല്യൂട്ടിന്റെ ഒടിടി റിലീസിൽ ദുൽഖറിന് വിലക്കേർപ്പെടുത്തിയ ഫിയോക്കിന്റെ നടപടിയിൽ പ്രതിഷേധം
കൊച്ചി: ദുൽഖർ സൽമാന് തീയറ്റർ വിലക്കേർപ്പെടുത്തിയ ഫിയോക്കിന്റെ നടപടിയിൽ പ്രതിഷേധവുമായി ആരാധകർ. തീയറ്റർ ഉടമകൾ ഈച്ചയാട്ടിയിരുന്ന കാലത്ത് കുറുപ്പ് തീയറ്ററിൽ എത്തിച്ചു പുത്തൻ ഉണർവ്വു നൽകിയ താരത്തിന് തന്നെ പണി കൊടുത്തു എന്ന വികാരമാണ് തീയറ്റർ ഉടമകൾക്ക് ഉള്ളത്. അടുത്തകാലത്തായി മലയാള സിനിമയുടെ പ്രധാന രക്ഷകനായത് ദുൽഖർ സൽമാൻ തന്നെയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം ഒടിടിക്ക് കൊടുത്തു എന്ന കാരണത്താൽ വിലക്കേർപ്പെടുത്തിയത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ആരാധകരുടെ പക്ഷം.
നേരത്തെ കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ ആദ്യം തിയേറ്റർ റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രം ദുൽഖറിന്റെ 'കുറുപ്പ്' ആയിരുന്നു. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഉൾപ്പടെ ഒടിടി റിലീസിന് ഒരുങ്ങിയ സമയത്തായിരുന്നു കുറുപ്പിന്റെ റിലീസ്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 35 കോടിയിലധികം കളക്ഷനും നേടി കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയവുമായി മാറി.
കുറിപ്പിന്റെ വിജയത്തെ പിൻപറ്റിയാണ് മരയ്ക്കാർ തീയറ്ററിൽ എത്തിയതും. അതേസമയം ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നത്. ജനുവരി 14 ന് സല്യൂട്ട് തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് കരാർ ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയിൽ എത്തുന്നതെന്നും സംഘടന പറയുന്നു. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമ്മിച്ചത്. ദുൽഖറിന്റെ വലക്ക് എത്രകാലത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി.
ജനുവരിയിൽ തിയേറ്റർ റിലീസ് ചെയ്യുവാൻ തീരുമാനിച്ച ചിത്രമായിരുന്നു സല്യൂട്ട്. എന്നാൽ ഓമിക്രോൺ ഭീഷണിയെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു. ഇപ്പോൾ ചിത്രം ഒടിടിക്ക് നൽകുന്നത് തിയേറ്റർ ഉടമകളോട് ചെയ്യുന്ന ചതിയാണ്. ദുൽഖർ സൽമാൻ അഭിനയിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ല എന്ന് വിജയകുമാർ അറിയിച്ചു. കഴിഞ്ഞ വാരമായിരുന്നു ദുൽഖർ സൽമാൻ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവിട്ടത്.
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് 'സല്യൂട്ട്'. അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ഛായാഗ്രഹണം - അസ്ലം പുരയിൽ, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരൻ, ആർട്ട് - സിറിൽ കുരുവിള, സ്റ്റിൽസ് - രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ - ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. - അമർ ഹാൻസ്പൽ, അസിസ്റ്റന്റ് ഡയറക്ടെഴ്സ് - അലക്സ് ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ. പിആർഒ - മഞ്ജു ഗോപിനാഥ്.
ഹേയ് സിനാമിക എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ബൃന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്തത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. അദിതി റാവുവും കാജൽ അഗർവാളുമാണ് ചിത്രത്തിലെ നായികമാർ. മാർച്ച് മൂന്നിനായിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മലയാളത്തിൽ കുറുപ്പാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
മറുനാടന് മലയാളി ബ്യൂറോ