ബാഹുബലിയെപ്പോലൊരു ബ്രഹ്മാണ്ഡ ചിത്രം അരങ്ങുതകർത്ത് ആയിരംകോടി ക്‌ളബ്ബിലേക്ക് കുതിക്കുമ്പോൾ, ഈ റിലീസ് വേണോയെന്ന് പലരും ഞെറ്റി ചുളിച്ചതാണ്. ഓണത്തിനിടയിലാണോ, പുട്ടുകച്ചവടമെന്ന്.പക്ഷേ ദുൽഖർ സൽമാൻ നായകനായ അമൽനീരദ് ചിത്രം സിഐഎ അഥവാ കോമ്രേഡ് ഇൻ അമേരിക്കയുടെ രണ്ടാം പകുതി കണ്ടപ്പോൾ അന്തിച്ചിരുന്നുപോയി. ഈ കാണുന്നത് ഒരു മലയാള പടമാണോ, അല്‌ളെങ്കിൽ മൊഴിമാറ്റിയ ഹോളിവുഡ് ചിത്രമാണോ എന്നറിയാൻ സ്വയം നുള്ളിനോക്കേണ്ടിവന്നു. ബാഹുബലിയുടെ 250 കോടിയുടെ ബജറ്റ് അമലിന് കിട്ടിയിരുന്നെങ്കിൽ കഥ എന്താകുമായിരുന്നു?

സമാനമായ അനുഭവമായിരുന്നു, മഹേഷ് നാരായണന്റെ 'ടേക്ക് ഓഫും' സമ്മാനിച്ചത്. ദുബൈയിലും രാമോജിറാവു ഫിലിംസിറ്റിയിലുമൊക്കെ സെറ്റിട്ട് ഇറാഖ് ഉണ്ടാക്കാൻ കഴിയുമെങ്കിൽ, ഒരു പടികൂടി കടന്ന് നിക്കരാഗ്വേയും, മെക്‌സിക്കോയും, അമേരിക്കയുമൊക്കെ ഈ നാട്ടിലുണ്ടാക്കാൻ കഴിയുമെന്ന് അമൽ നീരദും തെളിയിച്ചിരിക്കുന്നു. അഭിമാനമുണ്ട്, അപാരം തന്നെയാണ് ഈ കഴിവ്! ഒരു ഹോളിവുഡ്ഡ് സിനിമയുടെ ബജറ്റും നമ്മുടെതും തട്ടിച്ചുനോക്കുമ്പോഴാണ് അമലിന്റെയും കൂട്ടരുടെയും പ്രതിഭയുടെ പ്രതാപമറിയുക. ഈ ചിത്രത്തിന്റെ നിർമ്മാതാവും അമൽ തന്നെയാണ്.

'ബിഗ് ബി' തൊട്ട് 'ഇയ്യോബിന്റെ പുസ്തകം' വരെയുള്ള അമലിന്റെ എല്ലാ സിനികളും ദൃശ്യങ്ങൾ കൊണ്ടുള്ള വിരുന്നായിരുന്നു. ആ കാഴ്ചയുടെ ഇന്ദ്രജാലം നമുക്ക് ഈ പടത്തിലും കാണാം. നിസ്സംശയം പറയാം, ഇക്കണക്കിന് പോവുകയാണെങ്കിൽ മലയാളത്തിന്റെ രാജമൗലിയാവും ഈ യുവ സംവിധായകൻ. അതുപോലെ തന്നെ ആദരിക്കേണ്ടതാണ് കഥാകൃത്ത് ഷിബിൻ ഫ്രാൻസിസിനെയും. ഒരേ അച്ചിൽവാർത്ത കഥകൾ തിരിച്ചും മറിച്ചുമിട്ട് കൊറിയൻ ചിത്രങ്ങളിൽ ലയിപ്പിച്ചെടുക്കുന്ന അൽപ്പ പ്രതിഭകളുടെ നാട്ടിൽ ഷിബിനെപ്പോലുള്ളവരുടെ മസ്തിഷ്‌ക്കങ്ങൾ ജ്വലിക്കട്ടെ. അപ്പോൾ മാത്രമാണ് ഈ ഇട്ടാവട്ടത്തിൽനിന്നും വ്യത്യസ്തമായ സിനിമകൾ ഉണ്ടാവുക.

അളിഞ്ഞ കമ്യൂണിസ്റ്റ് നൊസ്‌ററാൾജിയകൾ മാർക്കറ്റ് ചെയ്യാതെ തീർത്തും സത്യസന്ധമായ രാഷ്ട്രീയ പരിസരത്തിലൂടെയാണ് ഈ ചിത്രം കടന്നുപോവുന്നത്.ഇടതുപക്ഷ രാഷ്ട്രീയം അതിലേക്ക് ഓക്‌സിജൻ നൽകുന്ന മുഖ്യ രക്ത ധമനിയും. അതുകൊണ്ടുതന്നെ മലയാളത്തിലെ ലക്ഷണമൊത്ത കമ്യൂണിസ്റ്റ് ചിത്രമെന്നും ഈ പടത്തെ വിളിക്കാം. ഇനി രാഷ്ട്രീയം വിടാം. മാനവികത എന്ന ആശയവും ഹൃദയത്തിൽ അൽപ്പം ആർദ്രതയുമുള്ള ആർക്കും ഈ പടം ഇഷ്ടപ്പെടും. ദുൽഖർ സൽമാൻ എന്ന നടന്റെ അസാദ്യമായ പ്രകടനവും ഈ പടത്തിന്റെ ഹൈലൈറ്റാണ്.രണ്ടാം പകുതിയിൽ അക്ഷരാർഥത്തിൽ കൊടുങ്കാറ്റാവുകയാണ് അയാൾ.

മലയാള സിനിമയിൽ ഇനി പെയ്യാനിരിക്കുന്നത് ഡി.ക്യൂ തരംഗമാണെന്ന വ്യക്തമായ സൂചനയും ഈ ചിത്രം നൽകുന്നു. ആദ്യപകുതിയെ രണ്ടാംപകുതിയുടെ ട്രയിലർ എന്ന നിലയിൽ മാത്രം കണ്ടാൽ മതി. രണ്ടാം പകുതിയിലാണ് പടം ശരിക്കും 'ഗുമ്മാ'കുന്നത്.

പ്രണയ സാഫല്യത്തിനായുള്ള സാഹസങ്ങൾ

പാലായിലെ ഒരു കേരളാ കോൺഗ്രസുകാരനായ മാത്യുസിന്റെ( സിദ്ദീഖ്) എക മകൻ അജി മാത്യൂസ് (ദുൽഖർ) കടുത്ത സഖാവാണ്. അച്ഛൻ പാലായിലെ എല്ലാമെല്ലാമായ മന്ത്രി കോരസാറിന്റെ വലംകൈയാണെങ്കിൽ, മകനെ നാം ആദ്യം കാണുന്നതുതന്നെ അഴിമതി പച്ചക്ക് പിടിക്കപ്പെട്ടിട്ടും മന്ത്രിക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന കോരയെ രാജിവെപ്പിക്കാനുള്ള പ്രക്ഷോഭം നയിച്ചുകൊണ്ടാണ്.ഇവിടെയുമുണ്ട് കഥയിലെ വ്യത്യസ്ത. സാധാരണ ചിത്രങ്ങളെപ്പോലെ ഇവിടെ പിതാവും പുത്രനും പരസ്പരം കലഹിക്കുന്നില്ല. വ്യത്യസ്ത ആശയങ്ങളെ സമാധാനപൂർവം സ്വീകരിച്ച് സുഹൃത്തുക്കളെപ്പോലെ കഴിയുകയാണവർ. മാത്യൂസും മകനും തമ്മിലുള്ള വൈകാരിക ബന്ധംതന്നെ ചിത്രത്തിൽ നന്നായി ചിത്രീകരിച്ചിട്ടുണ്ട്.

അങ്ങനെ ഉന്നത വിദ്യഭ്യാസമുണ്ടെങ്കിലും പ്രത്യേകിച്ച് ഒരു പണിക്കും പോകാതെ, ധർണ്ണയും സമരവും, ദേശാഭിമാനി വിതരണവും, ഫുട്‌ബോളും, വിദ്യാർത്ഥികൾക്കുവേണ്ടി ബസുകാരെ തല്ലലുമൊക്കെയായി നടക്കുമ്പോഴാണ് സഖാവ് അജി അമേരിക്കയിൽനിന്ന് നാട്ടിൽ പഠിക്കാൻ വന്ന ഒരുകുട്ടിയുമായി പ്രണയത്തിലാവുന്നത്. സ്‌നേഹം കൊടുമ്പിരി കൊള്ളവേ അവരുടെ രക്ഷിതാക്കൾ കള്ളം പറഞ്ഞ് കുട്ടിയെ യു.എസിലേക്ക് തിരിച്ചുകൊണ്ടുപോവുന്നു. രണ്ടാഴ്ചക്കുള്ളിൽ തന്റെ വിവാഹമാണെന്നും ഉടനെ ഇവിടെയത്തെണമെന്നും പറഞ്ഞ് കാമുകിയുടെ കോൾ എത്തുമ്പോൾ അജി അസ്വസ്ഥാനാവുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു കാരണവശാലും അമേരിക്കൻ വിസ കിട്ടില്ല. പക്ഷേ അജിക്ക് അവിടെ എത്തിയേപറ്റു. അതിനായി അയാൾ കണ്ടത്തെിയത്, ഞെട്ടിപ്പിക്കുന്ന വഴിയായിരുന്നു.

മയക്കുമരുന്ന് മാഫിയയും അനധികൃത കുടിയേറ്റക്കാരും അമേരിക്കയിൽ എത്തുന്ന അതേവഴി. നിക്കരാഗ്വേയിലത്തെി അവിടെനിന്ന് മെകസിക്കോ വഴി, ഡൊണാൺഡ് ട്രമ്പിന്റെ വന്മതിൽ പാതി വഴിയിൽ എത്തിനിൽക്കുന്ന അതിർത്തി കടന്ന് യു.എസിലത്തെുകയെന്ന ജീവൻ മരണക്കളി.അതാണ് ചിത്രത്തിന്റെ ഞെട്ടിപ്പിക്കുന്ന രണ്ടാം പകുതി. അത് അനുഭവിച്ചുതന്നെ അറിയണം.

ഇതാണ് യഥാർഥ കമ്യൂണിസ്റ്റ് ചിത്രം!

കമ്യൂണിസ്റ്റ് ചിത്രമെന്നപേരിൽ തട്ടിക്കൂട്ട് പടങ്ങളെടുത്ത് പണം വാരുന്ന കാലമാണെല്ലോ ഇത്. ടൊവീനോ തോമസിന്റെ 'ഒരു മെക്‌സിക്കൻ അപാരതയും', നിവൻപോളിയുടെ 'സഖാവിനെയും' ആ ഗണത്തിൽപെടുത്താം. നാല് ചെങ്കൊടിയും പത്ത് മുദ്രാവാക്യങ്ങളും, കുറച്ച് കട്ടക്കലിപ്പ് വിപ്‌ളവഗാനങ്ങളും, ദേശാഭിമാനിയിൽ ഫുൾപേജ് പരസ്യവും നൽകിയാൽ പാവം സഖാക്കൾ കൂട്ടത്തോടെ ഇടിച്ചുകയറി പടം വിജയിപ്പിച്ചോളും! എന്നാൽ സിഐഎയിലെ കോമേഡ്ര്, നിവിൻപോളിയുടെ സഖാവിനെപ്പോലെ മുട്ടിന് മുട്ടിന് വിപ്‌ളവം പ്രസംഗിക്കുന്നില്ല.പക്ഷേ അയാൾ ചിലത് ചെയ്തുകാട്ടുന്നു.

അജിമാത്യു തന്റെ കാമുകിയോട് എന്താണ് കമ്യൂണിസമെന്ന് മനസ്സിലാക്കി കൊടുക്കാൻ ചോദിക്കുന്നത് ഇങ്ങനെ. 'നിന്റെ കൂട്ടത്തിലൊരാൾ ഭക്ഷണം കൊണ്ടുവരാൻ മറക്കുകയോ അല്‌ളെങ്കിൽ അതിനുള്ള ശേഷിയില്ലാതിരിക്കുകയോ ചെയ്താൽ നീ എന്തുചെയ്യും'. ഞാൻ എന്റെ ഭക്ഷണം ഷെയർ ചെയ്യുമെന്ന് കാമുകി മറുപടി പറയുമ്പോൾ അജി പറയുന്നു. 'അതാണ് കമ്യൂണിസം'!

കാൾ മാർകസിന്റെ 199ാം ജന്മദിനമായ 2007 മെയ് അഞ്ചിനാണ് ഈ ചിത്രം ഇറങ്ങുന്നത്. ആഗോള തൊഴിലാളിവർഗത്തിന്റെ അപ്പോത്തലസ്തന് അങ്ങനെയൊരു ജന്മദിന ആംശസ നേർന്നുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്.അവസാനിക്കുന്നതോ ലോകമെമ്പാടുമുള്ള അഭയാർഥികളോടുള്ള ഐക്യദാർഡ്യവുമായും. ഇതിലും നന്നായി എങ്ങനെയാണ് ഒരു കമ്യൂണിസ്‌ററ് കഥപറയുക.

സഖാക്കളെ ആവേശം കൊള്ളിക്കാനുള്ള പൊക്കിവിടലുകൾക്ക് അപ്പുറം ആക്ഷേപഹാസ്യത്തിൽ ചാലിച്ച ഒന്നാന്തരം രാഷട്രീയ വിമർശനവും അമൽ നീരദ് ഈ ചിത്രത്തിലൂടെ നടത്തുന്നുണ്ട്. സി.പി.എം അടക്കമുള്ള ഇടതുപാർട്ടികളിൽ താഴെതട്ടിൽവരെ എത്തിനിൽക്കുന്ന വിഭാഗീയതയെയും, സ്ഥാനമാനങ്ങൾക്കുള്ളകൊതിയെയും ഒരു ലോക്കൽ സെക്രട്ടറിയിലൂടെ ( ദിലീഷ്‌പോത്തൻ) വീക്ഷണത്തിലൂടെ ട്രോളുന്നുണ്ട് .അതുപോലെതന്നെ നമ്മുടെ നായകൻ അജി, കാമുകിയായ അമേരിക്കക്കാരിയുടെ പിതാവിനെകുറിച്ച് അറിയുന്നത്, കമ്യൂണിസ്റ്റുകാർ അയാളുടെ ചെറിയ വ്യവസായ യൂണിറ്റ് സമരം ചെയ്ത് പൂട്ടിച്ചതിനെ തുടർന്ന് അമേരിക്കയിലത്തെി പച്ചപിടിച്ച വ്യക്തിയായിട്ടാണ്.

കഥാന്ത്യത്തോട് അടുപ്പിച്ച സാഹസിക അമേരിക്കൻ യാത്രയിൽ കണ്ടുമുട്ടുന്ന ചൈനക്കാരനോട്, എന്തിനാണ് ആ മഹത്തായ നാട് വിട്ട് യു.എസിലേക്ക് ചേക്കേറുന്നത് എന്ന് ചോദിക്കുമ്പോൾ, സ്വാതന്ത്ര്യം എന്ന ഒറ്റവാക്കുമാത്രമായിരുന്നു മറുപടി. അതിൽ എല്ലാമുണ്ട്.
അജിയുടെ മദ്യപാന വിഭ്രാന്തികളിൽ പ്രത്യക്ഷപ്പെടുന്ന കാൾ മാർകിനോടും, ലെനിനോടുമെല്ലാം അയാൾ ചോദിക്കുന്നത് 'നിങ്ങളുടെയൊക്കെ ഒരു ചിരിക്കുന്ന ഒരു ഫോട്ടോപോലും ഞാൻ കണ്ടിട്ടില്ലല്ലോ'യെന്നാണ്. അങ്ങ് ജെന്നിക്കെഴുതിയ എത്രയോ പ്രണയലേഖനങ്ങൾ ഞാൻ വായിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ മാർക്‌സിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും മറക്കനാവില്ല. സദാ മസിലുപിടിച്ച് ,കടുത്ത മലബന്ധം അനുഭവിക്കുന്ന രോഗികളെപ്പോലെ പുഞ്ചിരിക്കാത്ത അഭിനവ കേരളകമ്യൂണിസ്റ്റ് നേതാക്കളെ ഇതിലും പ്രതീകാത്മകമായി എങ്ങനെ വിമർശിക്കും!

'ഒരു മെക്‌സിക്കൻ അപാരതയിൽ' കെ.എസ്.ക്യൂവെന്ന കെ.എസ്.യുക്കാരെ മൊത്തമായി തല്ലിപ്പൊളികളായും അക്രമികളായും ചിത്രീകരിച്ച സർഗാത്മക അൽപ്പത്തരത്തിലേക്ക് ഒരിക്കലും ഈ പടം എതിരാളികളെ താഴ്‌ത്തിക്കെട്ടുന്നില്ല. കെ.എം മാണിയെ കോരസാർ ആക്കിക്കൊണ്ട് അഴിമതിയെ നന്നായി വിമർശിക്കുന്നുണ്ടെങ്കിലും അതിനുമുണ്ട് ഒരു ബാലൻസ്.അജുവിന്റെ പിതാവ് മാത്യൂസ് ഒടുവിൽ മകന് പറഞ്ഞ് കൊടുക്കുന്നതും, എവിടെയും തളരാതെ പിടിച്ച് നിൽക്കാൻ കഴിയുന്ന കേരളാകോൺഗ്രസിന്റെ അതീജീവന തന്ത്രമാണ്.
മെക്‌സിക്കോ അതിർത്തിയിൽ വൻ മതിൽ പണിയണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രഖ്യാപനത്തിന്റെ ശരിതെറ്റുകളും അദ്ദേഹം ഉയർത്തുന്ന കടുത്ത കുടിയേറ്റവിരുദ്ധതയുടെ രാഷ്ട്രീയവുമൊക്കെ ഈ സിനിമയിൽ പ്രകടമാണ്.ചിത്രം അതൊന്നും പ്രഖ്യാപനമായി പറയുന്നില്‌ളെങ്കിലും കണ്ണുള്ളവർക്ക് കാണാം.ദാരിദ്രം,വംശീയത,സാംസ്കാരിക വൈജാത്യങ്ങൾ തുടങ്ങിയ വിവിധ തലങ്ങളിലൂടെ വീക്ഷിക്കാനും ചർച്ചചെയ്യാനുമുള്ള വകുപ്പുകൾ ഉണ്ട് ഈ പടത്തിന്റെ രണ്ടാം പകുതിയിൽ.

കഥാന്ത്യത്തിൽ അമൽ കൊണ്ടുവരുന്ന ഒരു ട്വിസ്റ്റാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. സങ്കേതികമായി നോക്കുമ്പോൾ പരാജയപ്പെടുന്ന നായകനാണ് അജി. താരപ്രഭാവത്തിന്റെ ഒരു കാലത്ത് നമുക്ക് ചിന്തിക്കാൻ കഴിയില്ല ദുൽഖറിന്റെ ഈ വേഷം.ജീവിതത്തിൽ മാത്രമല്ല,അയാൾ രാഷ്ട്രീയത്തിൽ തോൽപ്പിക്കാൻ ശ്രമിച്ച ട്രമ്പും, എന്തിന് പാലായിലെ കോരസാറുംവരെ ജയിച്ചുകയറുന്നു. പക്ഷേ ആ പരാജയങ്ങളിൽനിന്ന് അയാൾ നേടുന്നത്, ഒരു പാട് തുറന്ന, മറ്റുള്ളവർക്കായി കൂടുതൽ മിടിക്കുന്ന ഒരു ഹൃദയമാണ്.അതായത് മാനവികതയുടെയും നാഗരികതയുടെ വലിയ സന്ദേശങ്ങൾ നമ്മുടെ തലച്ചോറിലേക്ക് കയറ്റുന്ന ഇത്തരം ചിത്രങ്ങളല്‌ളെങ്കിൽ മറ്റെന്തായിരക്കണം സർ, കമ്യൂണിസ്റ്റ് സിനിമകൾ.

ചില പരിമിതികൾ , പ്രതിസന്ധികൾ

പ്രണയത്തിനായി എത്ര ത്യാഗം ചെയ്യാനും എവിടേക്ക് യാത്രചെയ്യാനും കഴിയുന്ന നായകന്റെ കഥ നമുക്ക് പുത്തരിയൊന്നുമല്ല. ദുൽഖറിന്റെ തന്നെ 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' അത്തരമൊരു യാത്രയാണ്.( അഭയാർഥികളുടെ കഥയും ലോക സിനിമയിൽ പുതിയതല്ല. ഇതേ പ്രമേയം ആ സ്പദമാക്കി തന്നെ നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ട്.

തിരുവനന്തപുരം ഐ.എഫ്.എഫ്.കെയിൽ ഒരു തവണ 'റെഫ്യൂജി സിനിമ'കളുടെ ഒരു പാക്കേജ് വന്നത് ഓർക്കുന്നു) പക്ഷേ ഇത്ര വലിയ റിസ്‌ക്ക് എടുക്കാൻ തക്കവണ്ണം, നായകന്റെ മനോഘടനയെ മാറിയെന്ന് സൂചിപ്പിക്കുന്ന രീതിയിൽ പ്രണയത്തിന്റെ തീക്ഷ്ണത സംവിധായകന് പുർണമായിട്ടും വരച്ചുകാട്ടാൻ കഴിഞ്ഞിട്ടില്ല.ഒരു ടൈംപാസ് പ്രണയത്തിന്റെ പതിവ് പാട്ടുകളും ചേരുമ്പടികളുമാണ് ഇവിടെയുമുള്ളത്. ആദ്യപകുതിയിലെ ചില രംഗങ്ങളിലെ ആക്ഷേപഹാസ്യം വേണ്ടത്ര വർക്കൗട്ടായോ എന്ന് സംശയമാണ്.സ്ഥിരം ഫോർമാറ്റുകൾ ഇവിടെയും ആവർത്തിക്കുന്നു. അജിയെ പരിചയപ്പെടുത്തുന്ന ആദ്യ സമരരംഗത്തിലൊക്കെ ഇത്തരം ക്‌ളീഷേകൾ ഉണ്ട്.മാത്രമല്ല പ്രത്യേകിച്ചൊരു ജോലിയുമില്ലാതെ നടക്കുന്നവർക്കാണ് രാഷ്ട്രീയം ചേരുകയെന്ന മുൻ ധാരണ തുടക്കത്തിലെ പലരംഗങ്ങളിലും കാണുന്നുണ്ട്.

ദുൽഖറിനെപ്പോലുള്ള ഒരു വൻ വിപണിമൂല്യമുള്ള താരത്തെ വെച്ച് ചിത്രമെടുക്കുന്നതിന്റെ ചില പരിമിതികളും ഫസ്റ്റ് ഹാഫിൽ പ്രകടമാണ്.ദുൽഖറിന്റെ താരപദവി ഊതിക്കാച്ചാനെന്ന് ഉറപ്പിക്കുന്ന രീതിയിൽ എടുത്ത ആ ബസ്സ്റ്റാൻഡിലെ സംഘട്ടനത്തിലൊക്കെ ചേർച്ചക്കുറവുണ്ട്.ഒരാൾ ഒറ്റക്ക് അഞ്ചുപത്ത്‌പേരെ അടിച്ച് പറപ്പിക്കുന്നു! ചിത്രത്തിന്റെ പൊതുഘടനയിൽനിന്ന് ചേരാതെ, ഫാൻസിന് ആർപ്പുവിളിക്കാനുള്ള, പഴയ എ പടങ്ങളിലെ 'തുണ്ടിടൽ' പരിപാടിപോലെയായിപ്പോയി ഇത്. ആദ്യപകുതിയിൽ അൽപ്പംകൂടി ശ്രദ്ധ പതിപ്പിച്ചിരുന്നെങ്കിൽ ഈ ചിത്രം കുറച്ചുകൂടി മികിച്ച ചലച്ചിത്ര അനുഭവം ആകുമായിരുന്നു. പക്ഷേ രണ്ടാം പകുതിയുടെ അന്താരാഷ്ട്ര നിലാവരമുള്ള രംഗങ്ങൾ കാണുമ്പോൾ നമ്മൾ അത് സ്വയം പൊറുത്തുകൊടുക്കും.

ഗോപിസുന്ദറും അമലും പിന്നെ ദുൽഖറും

ഈ പടം കണ്ടവർക്ക് കെട്ടിപ്പിടിക്കാൻ തോന്നും, കിടിലൻ ബാക്ക് ഗ്രൗണ്ട് മ്യുസിക്ക് കൊടുത്ത ഗോപി സുന്ദറിനെ.( ജയറാമിന്റെ 'സത്യ' എന്ന പടത്തിലെ ഒരു പാട്ടിന്റെ പേരിൽ ട്രോളന്മാർ ഗോപീസുന്ദറിനെ കൊന്ന് കൊലവിളിക്കുന്ന സമയത്താണ് ഇതും ഇറങ്ങിയത്.)'അങ്കമാലി ഡയറീസിനു'ശേഷം ഇത്ര നല്ല പശ്ചാത്തല സംഗീതം കേട്ടിട്ടില്ല. ഗാനങ്ങളും ചിത്രീകരണവും ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ കിടുവാണ്.'കണ്ണിൽ കണ്ണിൽ' എന്ന പ്രണയഗാനവും, സ്പാനിഷും ഇംഗ്‌ളീഷും മലയാളവുമൊക്കെ ചേർത്ത് ദുൽഖർതന്നെ പാടുന്ന 'വാനം തിളതിളക്കണ് ഭൂമി പരപരക്കണ്', എന്ന ഗാനവും ഇപ്പോൾ തന്നെ ഹിറ്റാണ്.

അമലിന്റെ ചിത്രങ്ങളിലെ ഛായാഗ്രാഹണ മികവ് എടുത്തുപറയേണ്ടതില്ല. ഫിലിം ഫെസ്റ്റിവൽ സിനിമകളുടെ നിലവാരത്തിലാണ് രണദിവ് ഈ പടത്തിനായി ക്യാമറ ചലിപ്പിച്ചത്.ഇംഗ്‌ളീഷ് സിനിമകളിലും മറ്റും നാം കാണുന്ന അതേ കൃത്യതയോടെ സ്ഥലങ്ങൾ പുനരാവിഷ്‌ക്കരിച്ച കലാസംവിധായകരും കോസ്റ്റ്യൂം ഡിസൈനേഴ്‌സുമൊക്കെ വലിയ അഭിനന്ദനങ്ങളും അംഗീകാരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

തന്റെ പേരിൽ സ്റ്റാമ്പ് ചെയ്തുപോയ സ്ലോമോഷൻ രംഗങ്ങളം,ഇടക്കിടെ മഴയത്ത് കോട്ടിട്ട് നടക്കുന്ന രംഗങ്ങളുമൊക്കെ തീർത്തും കുറച്ചുകൊണ്ട്, റിയലിസ്റ്റിക്കായി ട്രീറ്റ്‌മെന്റ് മാറ്റിപ്പിടിക്കാൻ ഇവിടെ അമൽ ശ്രമിച്ചിട്ടുണ്ട്.അത് പൂർണമായും വിജയിച്ചിട്ടുമുണ്ട്. ആത്യന്തികമായി ദുൽഖറിന്റെ ചിത്രം തന്നെയാണിത്. അത്രക്ക് ത്രസിപ്പിക്കുന്ന, തന്റെ പിതാവിനെ വെല്ലുന്ന കരിസ്മയാണിപ്പോൾ ഈ ചെറുപ്പക്കാരന്.

നടൻ സിദ്ദീഖിന്റെ മോഡുലേഷനൊക്കെ ചലച്ചിത്ര വിദ്യാർത്ഥികൾ പഠിക്കേണ്ടതാണ്. സൗബിൻഷാഹിറും,  ദിലീഷ് പോത്തനും തങ്ങളുടെ വേഷങ്ങൾ ഭദ്രമാക്കിയിട്ടുണ്ട്. നായകന്റെ ഏറാൻ മൂളികളല്ലാത്ത വ്യക്തിത്വം ഇവർക്ക് സംവിധായകൻ കൊടുത്തിട്ടുമുണ്ട്.നായികയായ പുതുമുഖം കാർത്തികയും കൊള്ളാം.തമിഴ് നടൻ ജോൺ വിജയ് ഈ പടത്തിൽ വത്യസ്തമായ വേഷത്തിലാണ്.നമ്മുടെ മാണിസാറിനോട് സാമ്യമുള്ള കോരസാറയാത്, അമൽ നീരദിന്റെ പിതാവും പ്രശസ്ത ഹാസ്യസാഹിത്യകാരനുമായ സി.ആർ ഓമനക്കുട്ടനാണെന്നതും കൗതുകകരമാണ്.

വാൽക്കഷ്ണം: എന്തൊക്കെ പറഞ്ഞാലും ഈ പടം ഇപ്പോൾ ഇറങ്ങിയത് ഏറ്റവും കൂടതൽ പാരയായത് നമ്മുടെ മാണിസാറിനാണ്.മാണിസാറും പാർട്ടിയും ഇടതുപക്ഷത്തേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ കൂടി വായിക്കുമ്പോൾ, ചിത്രാവസാനം അമൽ നീരദ് എഴുതിക്കാട്ടാത്ത അജിയുടെ മൂന്നാമത്തെ പരാജയവുമായി.പഴയതെല്ലാം മറന്ന് ഒറ്റരാത്രികൊണ്ട് എല്ലാവരും ഒന്നാകുന്ന കെട്ട അവസരവാദത്തിന്റെ കാലത്ത് ഉള്ള് പൊള്ളിക്കുന്ന രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്തുന്ന ഇത്തരം പടങ്ങൾ വേണം.ഒരു പക്ഷേ അതും ഈ പടത്തിന്റെ രാഷ്ട്രീയ ദൗത്യമായിരക്കാം.