കൊച്ചി: ദുൽഖർ സൽമാൻ നായകനായ 'സല്യൂട്ട്' എന്ന ചിത്രം ഒടിടിക്ക് നൽകാനുള്ള തീരുമാനത്തിന് പിന്നാലെ ദുൽഖറിന്റെ നിർമ്മാണക്കമ്പനിയായ വേഫേറർ ഫിലിംസിനെ വിലക്കി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. വേഫേറർ ഫിലിംസ് നിർമ്മിച്ച ദുൽഖർ ചിത്രം 'സല്യൂട്ട്' ഒടിടിക്ക് നൽകിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്.

ഭാവിയിൽ ദുൽഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് അറിയിച്ചു.

ഫിയോകിന്റെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമാ മേഖലയെയും പ്രത്യേകിച്ച് കേരളത്തിലെ തിയേറ്റർ വ്യവസായത്തെയും ഒരു പരിധിവരെ കൈപിടിച്ച് ഉയർത്തിയത് ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ്' ന്റെ വരവായിരുന്നു. മോഹൻലാൽ ചിത്രം ദൃശ്യം - 2 തിയേറ്റർ റിലീസിന് മടിച്ചു നിന്നപ്പോഴാണ് ദുൽഖർ നേരിട്ട് ഇടപെട്ട് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനം എടുത്തത്. തിയേറ്റർ വ്യവസായത്തിന് പുതുജീവൻ നൽകുന്ന തീരുമാനമായിരുന്നു അന്ന് ദുൽഖർ കൈക്കൊണ്ടത്.

സൂപ്പർതാര ചിത്രങ്ങൾക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കോവിഡിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ എത്തിയ കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം തമ്പാനൂർ ന്യൂ തീയറ്ററിൽ ബുക്കിങ് ഹൗസ്ഫുൾ ആയതോടെ കൂടുതൽ ഷോകൾ ആഡ് ചെയ്തു. കോവിഡിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ ഇങ്ങനെ ഒരു പ്രീ ബുക്കിങ് നടക്കുന്നത് വലിയൊരു നേട്ടമാണെന്ന് ന്യൂ തിയേറ്റർ ഉടമയും ചലച്ചിത്ര നിർമ്മാതാവും കൂടിയായ വിശാഖ് സുബ്രഹ്‌മണ്യം അഭിപ്രായപ്പെട്ടിരുന്നു.

കേരളത്തിലും രാജ്യത്തിന് അകത്തും പുറത്തുമായി 1500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽമാത്രം 450ലധികം സ്‌ക്രീനുകളിൽ 'കുറുപ്പ്' പ്രദർശിപ്പിച്ചിരുന്നു. മലയാളത്തിൽ ഒടിടി-തിയേറ്റർ റിലീസ് എന്നിവയുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളും വിവാദങ്ങളും സൃഷ്ടിച്ച ശേഷമായിരുന്നു ചിത്രം പ്രദർശനത്തിന് എത്തിയത്.

മാസങ്ങളോളം അടച്ചിടേണ്ടി വന്ന തിയേറ്ററുകൾക്ക് പുതുജീവൻ നൽകുന്നതായിരുന്നു ദുൽഖർ ചിത്രത്തിന്റെ വരവ്. ചിത്രം പ്രേക്ഷകരെ നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററിലേക്ക് തിരികെയെത്തിച്ചു. ചിത്രം റിലീസായി അഞ്ച് ദിവസം കൊണ്ടുതന്നെ 50 കോടി രൂപ കളക്ഷൻ നേടാൻ കുറുപ്പിന് കഴിഞ്ഞിരുന്നു. ജിസിസിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ നേടുവാൻ സാധിച്ചിരുന്നു.

35 കോടി ബജറ്റിൽ ഒരുക്കിയ കുറുപ്പ് ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി മാറിയിരുന്നു. എന്നാൽ കുറുപ്പ് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തതിന് പിന്നാലെ തിയേറ്ററിൽ നിന്ന് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. സിനിമയുമായുള്ള കരാർ പ്രകാരമാണ് ഈ തീരുമാനമെന്ന് ഫിയോക്കിന്റെ പ്രസിഡന്റ് അറിയിച്ചിരുന്നു.

എന്നാൽ സല്യൂട്ട് ഓടിടിക്ക് നൽകാൻ തീരുമാനിച്ചതിന് പിന്നാലെ ദുൽഖർ സിനിമകൾക്ക് ഒന്നാകെ വിലക്ക് ഏർപ്പെടുത്തുന്ന കടുത്ത തീരുമാനത്തിലേക്കാണ് ഫിയോക് എത്തിച്ചേർന്നിരിക്കുന്നത്. ദുൽഖർ ആരാധകരെ അടക്കം കടുത്ത നിരാശയിലാഴ്‌ത്തുന്ന തീരുമാനമാണ് ഫിയോക് കൈക്കൊണ്ടിരിക്കുന്നത്.

ബോബി സഞ്ജയ് എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് സല്യൂട്ട്. അസ്ലം കെ പുരയിൽ ക്യാമറ കൈകാര്യം ചെയ്യും. എ ശ്രീകർ പ്രസാദ് എഡിറ്റിങ് നിർവഹിക്കും. ജേക്‌സ് ബിജോയ് ആണ് സംഗീതം. ദുൽഖറിനൊപ്പം ഡിയാന പെന്റി, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.