- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം മിഷനിൽ ദുർഗാദാസിനെ പോലെയുള്ളവർ എങ്ങിനെ കടന്നുകൂടി; ദുർഗാദാസിന്റെ വിദ്വേഷ പരാമർശത്തിനെതിരെ ഗൾഫ് മലയാളികൾക്കിടയിൽ വ്യാപക പ്രതിഷേധം; പ്രസ്താവന ആതുര സേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ നഴ്‌സുമാരെ അപമാനിക്കുന്നത്; മുഖ്യമന്ത്രിക്കും ഐബിപിസിക്കും പരാതി നൽകി യൂണിക്
ദോഹ: നഴ്‌സുമാരെ അപമാനിച്ച മലയാളം മിഷൻ ഖത്തർ കോഓഡിനേറ്റർ ദുർഗാദാസിനെതിരെ പ്രതിഷേധം കടുക്കുന്നു.ദുർഗ്ഗാദാസിന്റെ പ്രസ്താവന നഴ്‌സുമാരെ അപമാനിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യൻ നഴ്‌സുമാരുടെ സംഘടനയായ യൂണിക് പറഞ്ഞു. മലയാളം മിഷനിൽ ദുർഗാദാസിനെ പോലുള്ളവർ എങ്ങനെ കടന്നുകൂടിയെന്ന് പരിശോധിക്കണമെന്ന് ഖത്തർ ഇൻകാസ് ആവശ്യപ്പെട്ടു.
ആതുര സേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ നഴ്‌സുമാരെ അപമാനിക്കുന്നതാണ് മലയാളം മിഷൻ കോഓഡിനേറ്ററുടെ പ്രസ്താവന. ഐബിപിസിക്കും മുഖ്യമന്ത്രിക്കും യൂണിക് പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള വർഗീയ പരാമർശങ്ങൾ നഴ്‌സിങ് സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും യൂണിക് പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങളിൽ ഇങ്ങനെയുള്ളവർ എങ്ങനെ കടന്നുകൂടുന്നു എന്നത് പരിശോധിക്കണമെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു
ദുർഗാദാസിനെ ഉടൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ഐഎംസിസി ആവശ്യപ്പെട്ടു. ഡിജിപിക്കും പ്രവാസികാര്യ, സാംസ്‌കാരിക വകുപ്പ് മന്ത്രിമാർക്കും പരാതി നൽകിയതായും ഐഎംസിസി അറിയിച്ചു. പ്രവാസി സമൂഹത്തിനിടയിൽ വംശീയ കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് യൂത്ത് ഫോറം ഖത്തർ ആവശ്യപ്പെട്ടു.
പി.സി ജോർജ് വർഗീയ പരാമർശം നടത്തിയ അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയിൽ തന്നെയാണ് മലയാളം മിഷൻ ഖത്തർ കോഓഡിനേറ്റർ ദുർഗാദാസും വിഷം തുപ്പിയത്- 'ഗൾഫ് നഗരത്തിലാണ് ഇന്ത്യയേക്കാൾ ഏറ്റവും കൂടുതൽ മതപരിവർത്തനം നടന്നുകൊണ്ടിരിക്കുന്നത്. നമുക്ക് അവിടെ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ഞാൻ ഗൾഫ് നാട്ടിൽ നിന്നാണ് വരുന്നത്. നഴ്‌സ് റിക്രൂട്ടിങ് എന്ന പേരിൽ തീവ്രവാദികളുടെ ലൈംഗികസേവയ്ക്ക് കൊണ്ടുപോകുന്നുവെന്ന് അറിയാൻ കഴിഞ്ഞു. അതിനെ തടയാൻ നടപടിയോ മറ്റോ ഇവിടെ നിന്ന് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ' എന്നാണ് ദുർഗാദാസ് പറഞ്ഞത്.
കേരള സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സംഘടനയാണ് മലയാളം മിഷൻ. കവി മുരുകൻ കാട്ടാക്കട ഡയറക്ടറായ മലയാളം മിഷന്റെ ഖത്തർ ചുമതലയിൽ സംഘപരിവാർ ബന്ധമുള്ളയാളെ നിയമിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു, ഇതിനിടയിലാണ് ഇയാൾ ഗുരുതരമായ വർഗീയ പരാമർശങ്ങൾ നടത്തിയത്. ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ആരുടെ താൽപര്യപ്രകാരമാണ് ദുർഗാദാസിനെ മലയാളം മിഷനിൽ തുടരാൻ അനുവദിക്കുന്നതെന്ന ചോദ്യമാണ് ഗൾഫ് മലയാളികൾ ഉയർത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ