- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകട മരണത്തിലെ നിർണ്ണായക ദൃശ്യങ്ങൾ കായലിന്റെ അടിത്തട്ടിൽ?; പൊലീസ് അന്വേഷിക്കുന്ന ഡിവിആർ കായലിൽ എറിഞ്ഞെന്ന് ജീവനക്കാർ; തെളിവ് നശിപ്പിച്ചത് ഉടമയുടെ നിർദ്ദേശപ്രകാരമെന്നും ഹോട്ടലിലെ ജീവനക്കാർ; ജീവനക്കാരുടെ നിർണ്ണായക മൊഴി രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം; ഇനി അന്വേഷണം ഹോട്ടലിലെത്തിയ സിനിമ താരത്തെ അറിയാൻ
കൊച്ചി: മുൻ മിസ് കേരള ജേതാക്കളടക്കം മൂന്നുപേർ കൊല്ലപ്പെട്ട വാഹനാപകടത്തിന്റെ അന്വേഷണത്തിൽ ജീവനക്കാരുടെ നിർണ്ണായക മൊഴി.എന്നാൽ അന്വേഷണ സംഘത്തെ സംബന്ധിച്ച് തിരിച്ചടി കൂടിയാണ് ജീവനക്കാരുടെ ഈ മൊഴി. പൊലീസ് അന്വേഷിക്കുന്ന പാർട്ടിയുടെ നിർണ്ണായക ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ കായലിൽ വലിച്ചെറിഞ്ഞതായി ജീവനക്കാർ പൊലീസിന് മൊഴി നൽകി.ഹോട്ടലുടമയുടെ പ്രത്യേക നിർദ്ദേശ പ്രകാരം അപകടം നടന്നയുടനെ ഡിവിആർ കായലിൽ ഉപേക്ഷിച്ചെന്നാണ് ജിവനക്കാർ പൊലീസിന് മൊഴി നൽകിയത്.
മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവ് നശിപ്പിച്ച കുറ്റത്തിന് ഹോട്ടലുടമയെയും ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുടമ വയലാട്ട് റോയി ജോസഫിനെയും ജീവനക്കാരായ കെ.കെ. അനിൽ, വിൽസൻ റെയ്നോൾഡ്, എം.ബി. മെൽവിൻ, ജി.എ. സിജുലാൽ, വിഷ്ണുകുമാർ എന്നിവരെയും പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.രണ്ട് ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
അപകടത്തിനു തൊട്ടുമുമ്പ് ഹോട്ടലിൽ നടന്ന ഡി.ജെ. പാർട്ടിയുടെ സി.സി.ടി.വി. ദൃശ്യങ്ങളാണ് ഡി.വി.ആറിൽ അടങ്ങിയിരുന്നത്.ഇത് കേസിലെ തന്നെ നിർണ്ണായക തെളിവുകളായിരുന്നു.സിനിമാമേഖലയിലെ ചില പ്രമുഖർ ഈ ഹോട്ടലിൽ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാർട്ടിയിൽവെച്ച് ഇവർ തർക്കത്തിലേർപ്പെട്ടതായാണ് കരുതുന്നത്. തുടർന്ന് പിണങ്ങിപ്പോയ സംഘവുമായുള്ള പ്രശ്നം പറഞ്ഞുതീർക്കാനാണ് ഹോട്ടലുടമയുടെ നിർദ്ദേശപ്രകാരം ഔഡി കാർ പിന്തുടർന്നതെന്നാണ് സംശയം.
അപകടം നടന്നതിന് പിന്നാലെ ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ റോയിയുടെ നിർദ്ദേശപ്രകാരം മാറ്റിയെന്നായിരുന്നു ഹോട്ടൽ ജീവനക്കാരുടെ മൊഴി.ചോദ്യം ചെയ്യലിലാണ് നശിപ്പിച്ചതായി ജീവനക്കാർ സമ്മതിച്ചത്.ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് റോയിക്ക് നിർദ്ദേശം നൽകിയെങ്കിലും ഇയാൾ മൂന്നുതവണ ഇത് അവഗണിച്ചിരുന്നു.ചൊവ്വാഴ്ച ഒരു ഡി.വി.ആറുമായി റോയി പൊലീസിനു മുന്നിൽ ഹാജരായി. എന്നാൽ, ഹോട്ടലിൽനിന്ന് മാറ്റിയ ഒരു ഡി.വി.ആർ. മാത്രമായിരുന്നു എത്തിച്ചത്. ഇതേ തുടർന്ന് ഡി.ജെ. പാർട്ടി നടന്ന ഹാളിലെ ഡി.വി.ആറുമായി ബുധനാഴ്ച ഹാജരാകാൻ നിർദ്ദേശം നൽകി പൊലീസ് വിട്ടയച്ചു.
എന്നാൽ, ബുധനാഴ്ച രണ്ടാമത്തെ ഡി.വി.ആറില്ലാതെയാണ് റോയി എത്തിയത്. ഇത് നശിപ്പിച്ചെന്നായിരുന്നു മൊഴി. ഇതേ തുടർന്ന് നമ്പർ 18 ഹോട്ടലിൽ റോയിയുമായി എത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.വീണ്ടും റോയിയെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യൽ തുടർന്നു. ഇതിനിടെ ഡി.വി.ആർ. ഉപേക്ഷിക്കാനുള്ള സാധ്യത പരിഗണിച്ച് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്തു.
കായലിൽ ഉപേക്ഷിച്ചെന്ന് ജീവനക്കാർ മൊഴി നൽകി. ഇവരിൽനിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തേവര കണ്ണങ്ങാട്ട് പാലത്തിനു സമീപം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.പാലാരിവട്ടം ബൈപ്പാസിൽ നടന്ന അപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തും കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചിരുന്നു. കാർ ഓടിച്ചിരുന്ന റഹ്മാൻ മാത്രമാണ് രക്ഷപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ