പത്തനംതിട്ട: നഗരസഭയിലെ സിപിഎം-എസ്ഡിപിഐ ബന്ധം ചൂണ്ടിക്കാട്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസുകാരെ തടയാൻ ശ്രമിച്ച പൊലീസുകാരന് നേരെ ഇൻസ്പെക്ടറുടെ ആക്രോശം. പൊലീസുകാരനെ ശാസിച്ച് മാറ്റിയതിന് ശേഷം യൂത്ത് കോൺഗ്രസുകാർക്ക് സമരം നടത്താനുള്ള അവസരവും ഇൻസ്പെക്ടർ ഒരുക്കി. ആക്രോശത്തിനിടെ ഇൻസ്പെക്ടർ പൊലീസുകാരനോട് പറഞ്ഞ ഒരു വാക്ക്അൽപ്പം കടുത്തു പോവുകയും സമീപം നിന്ന ചാനലുകാരുടെ മൈക്കിൽ പതിയുകയും ചെയ്തു.

ഇന്നലെ രാവിലെ പതിനൊന്നരയോടെ നഗരസഭാ ഓഫീസിന് മുന്നിലായിരുന്നു സംഭവം. നഗരസഭയുടെ സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പിൽ വിദ്യാഭ്യാസ കലാ-കായിക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് എസ്ഡിപിഐയുടെ എസ്. ഷെമീറാണ് വിജയിച്ചത്. ഇത് എസ്ഡിപിഐ-സിപിഎം ധാരണയ്ക്കും ബന്ധത്തിനും തെളിവാണെന്ന് ആരോപിച്ചായിരുന്നു കവാടത്തിൽ യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. സമരം ഉദ്ഘാടനം ചെയ്ത് നേതാക്കൾ പ്രസംഗിക്കുന്നതിനിടെയാണ് പത്തനംതിട്ട ഇൻസ്പെക്ടർ ജി സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അവിടെ എത്തി. അതിലൊരു പൊലീസുകാരൻ പ്രസംഗവും സമരവും തടസപ്പെടുത്താൻ നോക്കി. ഇതിനെതിരേ സമരക്കാർ പ്രതിഷേധിച്ചു.

പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു. ആയിരങ്ങൾ പങ്കെടുത്ത ഡിജെ പാർട്ടി കഴിഞ്ഞ ദിവസം നഗരത്തിൽ ഡിവൈഎഫ്ഐ നടത്തിയപ്പോൾ നിങ്ങൾ എന്തു കൊണ്ട് തടഞ്ഞില്ല എന്നായിരുന്നു യൂത്ത് കോൺഗ്രസുകാരുടെ ചോദ്യം. ഇതിനിടയിൽ പൊലീസുകാരൻ കയറി ഇടപെട്ടതോടെയാണ് ഇൻസ്പെക്ടർ സുനിൽ രംഗത്തു വന്നത്. മാറി നിൽക്കടോയെന്ന് ആക്രോശിച്ച് പൊലീസുകാരനെ ഇൻസ്പെക്ടർ ശാസിക്കുന്നതും ഒടുവിൽ അസഭ്യം പറയുന്നതും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഞാനെന്നാ ഊ...ൻ നിൽക്കുവാണോ എന്നാണ് ഇൻസ്പെക്ടറുടെ ചോദ്യം. സമീപത്ത് നിന്ന ചാനലുകാരുടെ മൈക്ക് ഇത് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

നഗരസഭയിൽ സിപിഎമ്മുമായുണ്ടാക്കിയ ധാരണ പ്രകാരം എസ്ഡിപിഐക്ക് ഒരു സ്റ്റാൻഡിങ് കമ്മറ്റി ലഭിച്ചു. എസ്ഡിപിഐക്ക് അതു കിട്ടത്തക്ക വിധം സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളെ സിപിഎം വിന്യസിക്കുകയായിരുന്നു. ഇതിന് എതിരേയാണ് കോൺഗ്രസ് പ്രതിഷേധിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന ഭരണം മാറാൻ പോകുന്നുവെന്ന ഒരു പ്രതീതിയാണ് പൊതുവേ ഉണ്ടായിരുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്ന ഭരണ മാറ്റം മുന്നിൽ കണ്ട് ഇതുവരെ കടുത്ത സിപിഎം അനുഭാവികളായി നടിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അടക്കം നിഷ്പക്ഷത പാലിച്ചു വരികയായിരുന്നു.

അതിന്റെ ഒരു പ്രതിഫലനമാണ് ഇന്നലെ പത്തനംതിട്ട നഗരസഭാ ഓഫീസിന് മുന്നിൽ കണ്ടതെന്നും പറയുന്നു. സിപിഎമ്മിലെ പ്രമുഖ നേതാവിന്റെ നോമിനിയായിട്ടാണ് സുനിൽ പൊലീസ് ഇൻസ്പെക്ടറായി ഇവിടെ എത്തിയത്. ഇതുവരെ സിപിഎമ്മിന് അനുകൂല നിലപാടാണ് ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതു കണ്ടിട്ടാണ് പൊലീസുകാരനും പ്രവർത്തിച്ചത്. പൊടുന്നനവേയുണ്ടായ ഇൻസ്പെക്ടറുടെ നിലപാട് മാറ്റം പാർട്ടി വേദികളിലും ചർച്ചയായിട്ടുണ്ട്.