മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി. ബസിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മൂവാറ്റുപുഴയിൽ ദമ്പതികളും മകനും ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗത്യന്തരമില്ലാതെ പൊലീസ് 'മുറപ്പടി 'നടപടിയിലേക്ക്.

വിളിപ്പിച്ചിട്ടും സ്റ്റേഷനിലെത്താൻ വിസമ്മതിച്ച പരാതിക്കാരുടെ വീട്ടിലെത്തി ഒടുവിൽ പൊലീസ് മൊഴിയെടുത്തു.ഡി വൈ എഫ് ഐ വനിതാ നേതാവിനും കണ്ടാലറിയാവുന്ന അഞ്ചു സംഘടനാ പ്രവർത്തകർക്കുമെതിരെയാണു മൊഴി. നടപടി ആക്രമിച്ചവരെ അറസ്റ്റുചെയ്തില്ലങ്കിൽ കോടതിയെ സമീപിക്കുമെന്നുള്ള ഇരകളുടെ വെളിപ്പെടുത്തലിനെത്തുടർന്നാണു പൊലീസ് നടപടിയെന്നും സൂചനയുണ്ട്.

ഓഗസ്റ്റ് 7 ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.തൃശൂരിൽ നിന്നും എരുമേലിയിലെ ബന്ധുവീട്ടിൽ നടക്കുന്ന ഇരുപത്തിയെട്ടു കെട്ട് ചടങ്ങിൽ പങ്കെടുക്കാൻ കുടുംബസമേതം പുറപ്പെട്ട തന്നെ ഡി വൈ എഫ് .ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. റെജീന ബസ്സിൽ വച്ച് സീറ്റിനെചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ആക്രമിച്ചെന്നും തടസം നിന്ന ഭാര്യ സുഷമയുടെ കരണത്തടിച്ചെന്നും തുടർന്ന് ബസ് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് എത്തിയപ്പോൾ തന്നെയും ഭാര്യയെയും മകനെയും ഡി വൈ എഫ് ഐ ക്കാർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നെന്നുമാണ് തൃശൂർ മരോട്ടിക്കൽ കട്ടിലപൂർവം തേവർകുന്നേൽ അനിലിന്റെ മൊഴി.

ഇതു സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും അനിൽകുമാർ പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. അനിലിന്റെ 15 കാരനായ മകനെ ഡി വൈ എഫ് ഐ പ്രവർത്തകർ കഴുത്തിന് കുത്തിപ്പിടിച്ചിരിക്കുന്ന ദൃശ്യങ്ങൾ ചാനൽ വാർത്തകളിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഇടംപിടിച്ചിരുന്നു. ബസ്സിലെ യാത്രക്കാരിൽ ആരോ പകർത്തിയ ദൃശ്യങ്ങളാണ് പിന്നീട് പുറത്തുവന്നത്.

സംഭവത്തിൽ അക്രമണം നേരിട്ട അനിൽകുമാറിന്റെയും ഭാര്യയുടെയും മൊഴിപ്രകാരം കേസെടുക്കാൻ പൊലീസ് തയ്യാറാവാതിരുന്നതാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത് . അനിൽകുമാറിനും കുടുംബത്തിനും നീതി ഉറപ്പാക്കാൻ ബിജെപി -കോൺഗ്രസ്സ് നേതാക്കൾ അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്നു. അനിൽകുമാറിനെയും കുടുംബത്തെയും ആക്രമിച്ച ഡി വൈ എഫ് ഐ പ്രവർത്തകരെ രാഷ്ട്രീയ സമ്മർദത്തിനുവഴങ്ങി പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം. പുറത്തുവന്നിട്ടുള്ള വീഡിയോദൃശ്യങ്ങൾ സംഭവത്തിന്റെ നിജസ്ഥതി ബോധ്യപ്പെടുത്തുന്നതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മൂവാറ്റുപുഴയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള യാത്രയിലായിരുന്നു അഡ്വ. റെജീന. ഇവരുടെ പരാതിപ്രകാരമാണ് ബസ്സ് യാത്രക്കാരനായ മുണ്ടക്കയം സ്വദേശി അനിൽകുമാറിനും ഭാര്യ സുഷമയ്ക്കുമെതിരെ കേസെടുത്തിട്ടുള്ളതെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം. ഇതേ സംഭവത്തിന്റെ പേരിൽ അനിൽ കുമാറിന്റെ ഭാര്യ സുഷമ സി ഐ ക്ക് നൽകിയ പരാതിയിൽ പൊലീസ് കേസ്സെടുക്കാൻ തയ്യാറായിട്ടില്ലന്നും പ്രതിസ്ഥാനത്ത് ഡി വൈ എഫ് ഐ വനിതാ നേതാവായതിനാണ് പൊലീസ് ഇക്കാര്യത്തിൽ വൈമനസ്യം കാണിക്കുന്നതെന്നുമായിരുന്നു സമരരംഗത്തിറങ്ങിയ ബിജെപി യും കോൺഗ്രസ്സും ആരോപിച്ചിരുന്നത്. ഈ വിഷയത്തിൽ ബിജെപിയും കോൺഗ്രസ്സും മൂവാറ്റുുപുഴ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തിയിരുന്നു.

സ്ത്രീക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയെന്ന് കാണിച്ച് ഐ പി സി 354-ാം വകുപ്പു പ്രകാരമാണ് അനിലിനെതിരെ കേസെടുത്തിട്ടുള്ളത്. അനിലിന്റെ നിർദ്ദേശ പ്രകാരം കരണത്തടിക്കുകയും തള്ളുകയും അസഭ്യം പറയുകയും ചെയ്തതായുള്ള റജീനയുടെ പരാതിയിലെ പരാമർശത്തെത്തുടർന്നാണ് ഭാര്യ സുഷമയ്‌ക്കെതിരെ കേസ്സെടുത്തിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ അനിലിന് ജാമ്യം ലഭിച്ചിരുന്നു.

തങ്ങൾക്ക് നേരെ ആക്രമണമുണ്ടായതായി അനിലും ഭാര്യയും സംഭവസ്ഥലത്തുവച്ചും പൊലീസ് സ്‌റ്റേഷനിലെത്തിച്ച അവസരത്തിലും പൊലീസിനോട് വെളിപ്പെടുത്തുകയും രേഖാമൂലം സി ഐക്ക് പരാതി നൽകിയിട്ടും മൊഴിയെടുത്ത് കേസ്സ് ചാർജ് ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് ലഭ്യമായ വിവരം. ഭരണകക്ഷി നേതാവാണ് പ്രശ്നത്തിൽ ഉൾപ്പെട്ടത് എന്നറിഞ്ഞതോടെ സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ശക്തമായിരുന്നു.

ബസ് യാത്രയ്ക്കിടയിൽ അനിൽ ഇരുന്ന സീറ്റ് അഡ്വ. റജീന ആവശ്യപ്പെട്ടതാണ് പ്രശ്നത്തിന് തുടക്കം. അനിൽ എഴുന്നേറ്റുമാറിയെങ്കിലും സീറ്റ് ഭാര്യക്കായി തരപ്പെടുത്തി നൽകിയത് റെജീനയെ ചൊടിപ്പിച്ചു. ഇതേ തുടർന്ന് ക്ഷുഭിതയായ ഇവർ അനിലിന്റെ ഷർട്ടിൽ കയറി പിടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ഇതോടെ അനിലിന്റെ ഭാര്യയും വനിതാ നേതാവും ബസിൽ ഏറ്റുമുട്ടി. വാക്കുതർക്കവും ബഹളവുമായി. ഇതിനിടയിൽ കച്ചേരിത്താഴത്ത് ബസ് നിർത്തിയപ്പോൾ അനിലിനെ ഒരുസംഘം ഡി വൈ എഫ് ഐ ക്കാർ ആക്രമിക്കുകയായിരുന്നെന്നും തുടർന്നുള്ള നടപടികളിൽ പൊലീസ് രാഷ്ട്രീയകളിക്ക് കൂട്ടുനിൽക്കുകയായിരുന്നെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.