- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്ഐയെ വെറുതെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കേണ്ട; ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടില്ല; സംഘടനയെ മറയാക്കി ക്വട്ടേഷനും സ്വർണ്ണക്കടത്തും ഇനി നടക്കില്ല; പി ജയരാജൻ കീശയിലാണെന്ന് വരുത്താൻ ശ്രമിക്കുന്നു: അർജുൻ ആയങ്കിക്ക് ഡിവൈഎഫ്ഐയുടെ മറുപടി
കണ്ണൂർ: സ്വർണ്ണക്കടത്തു കേസ് പ്രതി അർജുൻ ആയങ്കിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ രംഗത്ത്. എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്ഐയെ വെറുതെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് അർജുൻ ആയങ്കിയോട് ഡിവൈഎഫ്ഐ നേതാവ് മനു തോമസ് പറഞ്ഞിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും അടക്കമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്നും മനു തോമസ് കുറ്റപ്പെടുത്തി.
പി ജയരാജനെ മാത്രം പുകഴ്ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്ത്താനും ഇവർക്ക് സാധിക്കുന്നത് പാർട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നും ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ മനു കുറ്റപ്പെടുത്തി. ഇരുവരേയും പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ആർഎസ്എസ് ക്രിമിനൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരുമെന്നും മനു തോമസ് പറഞ്ഞു.
ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടില്ല എന്നും സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ മനു തോമസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ പുകഴ്ത്തുന്നത്. പി ജയരാജൻ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീർക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാൽ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അർജുന്റെ മുന്നറിയിപ്പ്.
'വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകും. അധോലോകത്തിൽ അതിഥികളായ അഭിനവ വിപ്ലവകാരികൾ ആരെന്ന് ചൂണ്ടിക്കാണിക്കാൻ നിൽക്കുന്നില്ല. അനാവശ്യമായി ഉപദ്രവിക്കാൻ നിന്നാൽ അതാർക്കും ഗുണം ചെയ്യില്ല' എന്നും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിൽ ഉൾപെട്ട് ജാമ്യത്തിൽ കഴിയുന്ന അർജുൻ ആയങ്കി മുന്നറിയിപ്പ് നൽകുന്നു. അർജ്ജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം.
മനു തോമസിന് എതിരെ അപകീർത്തികരമായ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടത്തിയെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി. സ്വർണ്ണ കടത്ത് സംഘങ്ങളിൽപ്പെട്ട ഇവർ ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ക്യാമ്പയിൻ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ കണ്ണൂർ എസിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.
സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ചില നേതാക്കൾക്കുള്ള ബന്ധം പാർട്ടിക്ക് കളങ്കമായി എന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. മുൻ പാർട്ടി പ്രവർത്തകരായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ആരോപണങ്ങളിൽ ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നേരത്തെയും വിമർശനം ഉയർന്നിരുന്നു. ക്വട്ടേഷൻ ബന്ധം തുടരുന്നതിനാൽ കൂത്തുപറമ്പ് മേഖലയിൽ ചിലർക്കെതിരെ നേരത്തെ പാർട്ടി നടപടി എടുത്തകാര്യം പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് കൊല്ലത്തിനിടെ പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന തരത്തിൽ ജില്ലയിൽ ഒട്ടേറെ സംഭവങ്ങളുണ്ടായെന്ന് റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ വിമർശനം ഉയർന്നത്. സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ