കോട്ടയം: ഏഷ്യാനെറ്റ് ചാനൽ മേധാവിയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ കുമരകത്തിലെ റിസോർട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തു. കുമരകം നിരാമയ റിസോർട്ടിനെതിരായ കയ്യേറ്റ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ റിസോർട്ടിലേക്ക് മാർച്ച് നടത്തിയതും റിസോർട്ട് അടിച്ചു തകർത്തതും. റിസോർട്ടിൽ വലിയ തോതിൽ ആക്രമണമാണ് സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയത്. റിസോർട്ടിന്റെ ചില്ലുകളും വാതിലുകളും അടിച്ചുതകർത്തു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് പ്രവർത്തകർ വരുത്തിയത്.

റിസോർട്ടിനുള്ളിൽ കയറിയ പ്രവർത്തകർ കൊടി നാട്ടിയ ശേഷം പൊലീസ് നോക്കി നിൽക്കുമ്പോൾ ആക്രമാസക്തരാകുകയായിരുന്നു. റിസോർട്ടിലേക്ക് സ്വകാര്യമായി റോഡുകൾ ഉപയോഗിച്ചു വരികയായിരുന്നു എന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആരോപണം. ഈ റോഡിലേക്കുള്ള ഗേറ്റുകൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. സിപിഐ ഭരിക്കുന്ന റവന്യൂവകുപ്പിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൂടിയാണ് ആക്രമണം അരങ്ങേറിയത്.

അതേസമയം തോമസ് ചാണ്ടിയുടെ റിസോർട്ടിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തക്കെതിരായ പ്രതിഷേധമാണ് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നതും വ്യക്തമാണ്. തോമസ് ചാണ്ടി രാജിവെച്ചതിന് പിന്നാലെയാണ് ബിജെപി എംപിക്കെതിരായ ആരോപണം ഉയർന്നുവന്നതും. ദേശാഭിമാനിയാണ് റിസോർട്ടനെതിരെ നിരന്തരമായി വാർത്ത എഴുതിയത്. എന്നാൽ, പാർട്ടി മുഖപത്രം ബിജെപി എംപി കയ്യേറുന്നു എന്ന ആരോപണം ഉന്നയിക്കുമ്പോൾ തന്നെ സർക്കാർ തലത്തിൽ യാതൊരു നടപടിയും എടുത്തിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ വിഷയത്തിൽ പ്രതികരിക്കാൻ പോലും തയ്യാറായിരുന്നല്ല. ഇതിനിടെയാണ് കായൽ കൈയേറ്റ ആരോപണവുമായി ഡിവഎഫ്‌ഐക്കാരും അതിക്രമവും അരങ്ങേറിയത്.

കയ്യേറ്റമുണ്ടെന്നു കണ്ടെത്തിയ പ്രദേശത്തെ കെട്ടിടങ്ങളാണ് തങ്ങൾ തകർത്തതെന്നാണ് ഡിവൈഎഫ്‌ഐ അവകാശപ്പെടുന്നത്. കഴിഞ്ഞ ഒന്നരവർഷത്തോളമായി റിസോർട്ടിന്റെ കയ്യേറ്റത്തിനെതിരേ റവന്യൂവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് ഡിവൈഎഫ്‌ഐ ഇങ്ങനെയൊരു പ്രതിഷേധത്തിനു തയ്യാറായതെന്നും അവർ പറയുന്നു. കോടതി നിർദ്ദേശം ഉണ്ടായിട്ടും റവന്യു വകുപ്പ് ഉദ്യോഗസ്ഥർ റിസോർട്ടിന്റെ കയ്യേറ്റത്തിനെതിരേ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഇവർ ആക്ഷേപിക്കുന്നു. എന്നാൽ, തങ്ങളുടെ ഭാഗത്തെ തെറ്റുകൾ ഇല്ലെന്നും കോടതി വിധി അനുകൂലമാണെന്നുമുള്ള വാദമാണ് റിസോർട്ട് അധികൃതർ നൽകുന്നത്. 

നിരാമയ റിസോർട്ട് കയ്യേറി ഭൂമി അളന്ന് തിരിച്ചു പഞ്ചായത്തിനെ ഏൽപ്പിക്കണമെന്ന കോടതി നിർദ്ദേശം റവന്യു വിഭാഗം നടപ്പാക്കുന്നില്ലെന്നാരോപിച്ച് കുമരകം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകിയിരുന്നു. ഡിവൈഎഫ്‌ഐ ഇതേ ആവിശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ച് ഈ കാര്യത്തിൽ ഉടനടി നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടർ ഉറപ്പു നൽകുകയും ചെയ്തു.

മാർച്ച് ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി പിഎൻ ബിനു അടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. നിരാമയ റിട്രീറ്റ് ഭൂമി കൈയേറ്റവും നിയമ ലംഘനവും എന്നുള്ള വാർത്തകളും പ്രചാരണവും തികച്ചും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്നാണ് നിരാമയ പറയുന്നത്. നിരാമയ റിട്രീറ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമി 1995 മുതൽ വിവിധ കാലയളവിൽ കോട്ടയം സബ് രജിസ്റ്ററി മുഖേന രജിസ്റ്റർ ചെയ്ത പ്രമാണങ്ങളുടെയും പോക്കുവരവിന്റേയും അടിസ്ഥാനത്തിൽ ഉള്ളവയാണ്. ഈ ഭൂമിയിൽ യാതൊരു വിധ കൈയേറ്റവും ഇല്ല. നിരാമയ നടത്തിയ എല്ലാ ഭൂമി ഇടപാടുകളും സുതാര്യവും പ്രമുഖരും പ്രശസ്തരുമായ അഭിഭാഷകർ പരിശോധിച്ചവയും ആണ്. നിരാമയ റിട്രീറ്റ് വേമ്പനാട് കായലിലേക്ക് മാലിന്യം തള്ളിവിടുന്നെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണ്.

പത്രവാർത്തകളിൽ പറയുന്ന സ്ഥലം നിരാമയ റിട്രീറ്റിന്റെ ഉടമസ്ഥതയിലോ കൈവശത്തിലോ ഉള്ള ഭൂമിയില്ല എന്ന് ഞങ്ങൾ അടിവരയിട്ട് പറയുന്നു. ഇതിൽ നിന്ന് തന്നെ ഈ വാർത്തകൾ ദുഷ്ലാക്കോടു കൂടിയാണെന്ന് മനസ്സിലാക്കാൻ കഴിയും. നിരാമയ റിട്രീറ്റിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള ഹൈക്കോടതി നിർദ്ദേശം നൽകിയെന്നുള്ള വാർത്ത തികച്ചും വാസ്തവ വിരുദ്ധവും കോടതിയലക്ഷ്യവും ആണെന്നും വിശദീകരിക്കുന്നു.

യഥാർത്ഥത്തിൽ നിരാമയ റിട്രീറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി തള്ളുകയാണ് ഉണ്ടായത്. മറ്റു വിധത്തിൽ ഉള്ള പ്രചാരണങ്ങൾ കോടതിയലക്ഷ്യവും ബോധപൂർവ്വം തെറ്റിദ്ധാരണ ജനിപ്പിക്കാനുള്ള ശ്രമവും ആണെന്ന് വിശദീകരിക്കുന്നു.

നിരാമയയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ അതിർത്തി കൃത്യമായി നിർണ്ണയിച്ചിട്ടുണ്ട്. അതിർത്തിക്ക് പുറത്തു നേരേമട തോടിന്റെ കരയിലുള്ള ബണ്ട് മതിൽ നിരാമയ ഈ ഭൂമി വാങ്ങുന്നതിനു മുമ്പു തന്നെയുള്ളതും, നിരാമയയുടെ കൈവശത്തിലോ ഉടമസ്ഥതയിലോ ഇല്ലാത്തതുമാണ്. മേൽപറഞ്ഞ കാര്യങ്ങൾ സത്യമായിരിക്കെ, നിരാമയ റിട്രീറ്റിനെ കുറിച്ച് നടക്കുന്ന കുപ്രചാരണങ്ങൾ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവും സത്യത്തിനു നിരക്കാത്തതും ആണ്. ഈ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ അപകീർത്തിപ്പെടുത്തുന്നതിനെതിരായ ക്രിമിനൽ നിയമ നടപടി തുടങ്ങിക്കഴിഞ്ഞുവെന്നും അറിയിച്ചിട്ടുണ്ട്.

നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി സിഇഒ മനു ഋഷി ഗുപ്തയാണ് വിശദീകരണം നൽകുന്നത്. രാജ്യാന്തര നിലവാരത്തിൽ പണിയുന്ന റിസോർട്ട് പുറമ്പോക്ക് കൈയേറിയെന്നു കണ്ടെത്തി കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് 2016 ഒക്ടോബർ 20 ന് കോട്ടയം തഹസിൽദാർ കത്ത് നൽകിയിരുന്നു. എന്നാൽ, സ്റ്റോപ്പ് മെമോ പോലും നൽകാൻ ഭരണസമിതി തയാറായില്ല. രാജീവ് ചന്ദ്രശേഖറിന്റെ ബംഗളുരു ആസ്ഥാനമായുള്ള ജൂപ്പിറ്റർ ക്യാപ്പിറ്റൽ കമ്പനിയാണ് കവണാറ്റിൻകരയിൽ റിസോർട്ട് നിർമ്മിക്കുന്നത്. വേമ്പനാട്ട് കായൽ കൈയേറിയാണ് ഇതു പണിയുന്നതെന്ന് ചൂണ്ടിക്കാട്ടി കുമരകം ജനസമ്പർക്ക സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇതേപ്പറ്റി അന്വേഷിക്കാൻ റവന്യൂ വകുപ്പിന് കോടതി നിർദ്ദേശം നൽകി. ഇതേത്തുടർന്നാണു തഹസിൽദാരുടെ നിർദ്ദേശപ്രകാരം കോട്ടയം താലൂക്ക് സർവേയർ അന്വേഷണം നടത്തിയത്.

റിസോർട്ട് സ്ഥതി ചെയ്യുന്ന കുമരകം വില്ലേജിലെ ബ്ലോക്ക് നമ്പർ പത്തിൽപ്പെടുന്ന 02.ആർ 17 ചതുരശ്രമീറ്റർ തോട്ടുപുറമ്പോക്കും ബ്ലോക്ക് നമ്പർ 11-ൽപ്പെട്ട കായൽ പുറമ്പോക്കിൽ നിന്നു 0.44 ചതുരശ്രമീറ്ററും 0.50 ചതുരശ്രമീറ്ററും കൈയേറിയെന്നു പരിശോധനയിൽ കണ്ടെത്തിയെന്നും മംഗളം റിപ്പോർട്ട് ചെയ്തിരുന്നു. കേരള പഞ്ചായത്ത് ആക്ട് പ്രകാരം കൈയേറിയ ഭാഗം പഞ്ചായത്തിന്റെ അധീനതയിൽ വരുന്നതിനാൽ, കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്നു സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ തഹസിൽദാർ ശിപാർശ ചെയ്തു. ഈ റിപ്പോർട്ടാണ് കുമരകം പഞ്ചായത്ത് മൂടിവച്ചത്. കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പിന്നീട് റിപ്പോർട്ടൊന്നും റവന്യൂവകുപ്പ് നൽകിയില്ലെന്നായിരുന്നു മംഗളം റിപ്പോർട്ട്. ഇതും രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനം നിഷേധിക്കുകയാണ്.