പാലക്കാട്: ഒരാഴ്ച മുൻപു നടന്ന ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ടി.എം.ശശിയെയും സെക്രട്ടറി കെ.പ്രേംകുമാറിനെയും തൽസ്ഥാനത്തു നിന്നു നീക്കാൻ സംസ്ഥാന കമ്മിറ്റി നിർദ്ദേശം. ഇരുവർക്കും സംഘടനാ നിയമമനുസരിച്ചുള്ള പ്രായപരിധി കഴിഞ്ഞതാണു കാരണം. പാലക്കാടിന്റെ 'പ്രത്യേക സാഹചര്യം' പരിഗണിച്ചാണ് ഇരുവരെയും തുടരാൻ അനുവദിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എം.സ്വരാജ് അറിയിച്ചെങ്കിലും എന്താണു പാലക്കാട്ടെ പ്രത്യേക സാഹചര്യമെന്നു വ്യക്തമാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സെക്രട്ടേറിയറ്റിലും തുടർന്നു സംസ്ഥാന കമ്മിറ്റിയിലും ഒരു വിഭാഗം രംഗത്തെത്തി. എം.സ്വരാജ് കൂടി പങ്കെടുത്ത ജില്ലാ സമ്മേളനത്തിലാണു നിലവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കുവരെ 38 വയസ്സ് എന്നതു കൃത്യമായി പാലിക്കുന്ന സംഘടനയിൽ ആ പരിധിയും കടന്നവർ ഭാരവാഹികളായിരിക്കുന്നതു സംഘടനാ നയങ്ങൾക്കു വിരുദ്ധമാണെന്നും ചിലർ ചില നേതാക്കളുടെ ആളുകളായി മാറി സ്ഥാനമാനങ്ങൾ നേടിയെടുക്കുകയാണെന്നും ആരോപണമുയർന്നു.കമ്മിറ്റിയുടെ പൊതുവികാരം ഇവരെ മാറ്റണമെന്നായതുകൊണ്ടു തീരുമാനം ഇന്നു നടക്കുന്ന സംസ്ഥാന കമ്മിറ്റി ഫ്രാക്ഷനിൽ ഉണ്ടായേക്കും എന്നാണറിയുന്നത്. തുടർന്നു റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നൽകും. സംസ്ഥാന സെക്രട്ടറി റിപ്പോർട്ട് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിക്കു കൈമാറിയ ശേഷം ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നായിരിക്കും നടപടി പൂർത്തിയാക്കുക.

അതെ സമയം പ്രായപരിധി കഴിഞ്ഞിട്ടും നിലവിലുള്ള ജില്ലാ ഭാരവാഹികളെ തുടരാൻ അനുവദിച്ചത് പി.കെ.ശശി എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ പിന്തുണയ്ക്കുന്നവർ നേതൃത്വത്തിൽ വരുന്നത് തടയാനെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പി കെ ശശിക്കെതിരായ പാർട്ടിയിലെ പടയൊരുക്കത്തിന് പിന്നിൽ ജില്ലയിലെ തന്നെ ഒരു പ്രമുഖ നേതാവിന് പങ്കുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഡി വൈ എഫ് ഐ വനിതാ നേതാവ് തന്റെ പരാതി പാർട്ടി നേതൃത്വത്തിന് അയക്കുന്നതിന് മുൻപ് പുതുശ്ശേരി ഏരിയ കമ്മറ്റി ഓഫീസിൽ വെച്ച് തനിക്കെതിരെ ഗൂഢാലോചന നടന്നു എന്നായിരുന്നു ശശി പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ പ്രധാനമായും വാദിച്ചത്. ഈ വാദം തെറ്റാണെന്ന് പുതുശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലെ സി സി ടി വി കാമറകൾ തെളിയിച്ചതോടെ പാർട്ടിയിലെയും ഡി വൈ എഫ് ഐ യിലെയും തന്റെ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കാനായിയുന്നു ശശി ശ്രമിച്ചത്.

ഈ നീക്കം ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായിട്ടാണ് പാർട്ടി വേദികളിൽ നിന്ന് മാറി നിന്നിരുന്ന ശശി പൊടുന്നനെ പാർട്ടി വേദിയിലും പൊതു വേദിയിലും പ്രത്യക്ഷപ്പെടുന്നത്. അന്വേഷണ കമ്മീഷൻ അംഗം മുതൽ മുഖ്യമന്ത്രി വരെ കുറ്റാരോപിതനുമായി വേദി പങ്കിടുകയും ചെയ്തു. ശശിയുടെ തിരിച്ച് വരവിന് ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയുടെ അകമഴിഞ്ഞ സഹകരണം ലഭിച്ചിരുന്നു. പരാതിക്കാരി ഡി വൈ എഫ് ഐ ജില്ലാ നേതാവാണെന്ന കാര്യം പോലും മാറ്റി വച്ചായിരുന്നു ഈ സഹകരണം. ഇതിന്റെ പ്രത്യുപകാരം എന്ന നിലക്കാണ് പ്രായപരിധി കഴിഞ്ഞിട്ടും നിലവിലുള്ള ജില്ലാ ഭാരവാഹികളെ തുടരാൻ അനുവദിച്ചത് എന്നാണ് സൂചനകൾ. ഇതാകട്ടെ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ പിന്തുണയ്ക്കുന്നവർ നേതൃത്വത്തിൽ വരുന്നത് തടയാനും സഹായിച്ചു.

ശശി വീണ്ടും പാർട്ടി വേദികളിൽ സജീവമായതിന് പിന്നാലെ പരാതിക്കാരിയെ പിന്തുണച്ച് രംഗത്ത് വന്ന ഡി വൈ എഫ് ഐ ജില്ലാ നേതാവിനെ പാർട്ടി വേദികളിൽ നിന്ന് മാറ്റി നിർത്തുന്നതായും ആരോപണമുണ്ട്. ഇതെല്ലാം തന്നെ വിരൽ ചൂണ്ടുന്നത് എംഎൽഎക്കെതിരെ പരാതി ഉയർന്നതിന് ശേഷം പാർട്ടിക്കുള്ളിൽ മറ നീക്കി പുറത്ത് വരുന്ന കടുത്ത വിഭാഗീയതയിലേക്കാണ്. വരാൻ പോകുന്ന ലോക് സഭ ഇലക്ഷനിൽ പാലക്കാട് നിന്ന് മൽസരിക്കാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഉയർന്ന് കേട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു ശശിയുടേത്. നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവെച്ചും പാർലിമെന്റിലേക്ക് മൽസരിക്കാൻ തയ്യാറാകും എന്നും സീറ്റ് പിടിക്കാനുള്ള മുന്നൊരുക്കങ്ങൾ ശശി നടത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിനിടെയാണ് ലൈംഗികാരോപണവുമായി ഡി വൈ എഫ് ഐ യിലെ ജില്ലാ നേതാവ് രംഗത്ത് വന്നത്. എം എൽ എ സ്ഥാനം രാജിവെച്ച് പാർലിമെന്റംഗമാകുന്നത് വഴി കാലങ്ങളായി മണ്ണാർക്കാട് തട്ടകമാക്കി രാഷ്ട്രീയം കളിച്ചിരുന്ന ശശി ജില്ലയിലെ തന്നെ അനിഷേധ്യ നേതാവാകാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇത്തരത്തിൽ ജില്ല പിടിക്കാനുള്ള ശശിയുടെ ശ്രമങ്ങളുടെ കടയ്ക്കലാണ് ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലൂടെ കത്തി വെച്ചത്. ഇതിന്റെ പിന്നിൽ ജില്ലയിലെ തന്നെ മറ്റൊരു പ്രമുഖ നേതാവിന് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. പാർട്ടി ജില്ലാ നേതൃത്വത്തിലെ ഇത്തരം മൂപ്പിളമ തർക്കമാണ് ഇപ്പോൾ ഡി വൈ എഫ് ഐ ലേക്കും പടർന്നിരിക്കുന്നത്.