പ്രിയപ്പെട്ട സൃഹുത്തുക്കളെ, മലയാളത്തിൽ സ്റ്റാറ്റസ് എഴുതുന്ന പതിവില്ല. അങ്ങേയറ്റം പ്രതിഷേധാർഹവും സങ്കടകരവുമായ ചില ദുഷ്പ്രചാരങ്ങളാണ് ഇങ്ങനെയൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. ഏറ്റെടുക്കുന്ന മുദ്രാവാക്യങ്ങളിൽ പലതുംആവേശകരമാകുന്നത് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് മാത്രമല്ല. അതിന്റെ വൈകാരികമായ അംശം കൂടി ചേർന്ന്‌നിൽക്കുമ്പോഴാണ്. രസില രാജുവിന്റെ കൊലപാതകവുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നടത്തിയ ക്യാമ്പയിൻ അത്തരത്തിൽ ഒന്ന്തന്നെയായിരുന്നു. സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ വാർത്തയിൽ പോലും കാര്യമായി ഇടംപിടിക്കാത്ത ഇടമാണ് മഹാരാഷ്ടയെന്നത്കഴിഞ്ഞ കുറെ വർഷങ്ങളിലെ ജീവിതാനുഭവമാണ്. എന്നാൽ പെൺകുട്ടികൾ ഏറ്റവും സുരക്ഷിതരെന്നു സമൂഹം കരുതുന്ന തൊഴിലിടത്തു വച്ചാണ് രസില കൊല്ലപ്പെട്ടത് എന്നത് പതിവിലുമധികം ഗൗരവം അർഹിക്കുന്നുണ്ട്. ഈ വെളിച്ചത്തിലാണ് രാജ്യവ്യാപകമായി ഡിവൈഎഫ്ഐ പ്രധാനമന്ത്രിക്കു ഇമെയിൽ അയക്കൽ എന്ന ക്യാമ്പയിൻ വിജയകരമായി നടത്തിയത്. കേവലം കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ഡൽഹിയിലും ത്രിപുരയിലുമെല്ലാം പതിവായി ഡിവൈഎഫ്ഐ പ്രവർത്തനത്തോട് ഐക്യപ്പെടാത്തവർ വരെ ഈ പ്രവർത്തനത്തിൽ കണ്ണി ചേരുന്നതായാണ് കഴിഞ്ഞദിവസം കണ്ടത്.

പരിപാടിക്കായി ഡിവൈഎഫ്ഐ തയ്യാറാക്കിയ കത്തിന്റെ ഉള്ളടക്കം കഴിഞ്ഞ വെള്ളിയാഴ്ച ട്രെയിൻ യാത്രക്കിടയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യയുടെ അമ്മ സുമതിക്ക് നൽകി ഉദ്ഘാടനം ചെയ്തിരുന്നു. ഇമെയിൽ സദ്ദേശമയക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം സുപ്രീം കോടതി മുൻ ജഡ്ജിയും പ്രസ്‌കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനുമായിരുന്ന ജസ്റ്റിസ് മാർക്കണ്ഡേയാ കട്ജു തിങ്കളാഴ്ച ദിവസം ഡൽഹിയിൽ വച്ച് നിർവഹിച്ചു. അവകാശ ദിനമായ 22 നു കേരളത്തിൽ എം.മുകുന്ദനും, ഖദീജ മുംതാസും കോഴിക്കോടും, നടൻ മുകേഷ് കൊല്ലത്തും മറ്റനവധി സാംസ്‌കാരിക നായകന്മാരും പങ്കെടുത്തു എന്നറിയാൻ കഴിഞ്ഞു. മഹാരാഷ്ടയിൽ ദേശീയ ചലച്ചിത്ര അവാർഡ്‌ജേതാവ് മറാത്തി നടി അമൃത സുഭാഷാണ് മഹാരാഷ്ട്രത്തിൽ ക്യാപയിൻ ഉദ്ഘടനം ചെയ്തത്. പ്രമുഖ മറാത്തി എഴുത്തുകാരി വിദ്യ ബാൽ പൂനയിൽ നിന്നും ക്യാപയിനിന് പിന്തുണയുമായി പങ്കെടുത്തു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെറ്റൽവാദ്, പി.സായ്നാഥ് തുടങ്ങിയവരും പരിപാടിയോട് ഐക്യദാർഢ്യം അറിയിച്ചിരുന്നു. തൃപുരയിൽ മന്ത്രിമാരടക്കം ഒട്ടനവധി സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്ന വളരെ അധികം സുഹൃത്തുക്കൾ ഈ ക്യാമ്പയിനിൽ പങ്കെടുത്തിരുന്നു. ഇവരെല്ലാം പരിപാടിയോട് ചേർന്ന് നിന്നത് എല്ലാ മേഖലകളിലും ഡിവൈഎഫ്ഐ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകളോട്അണുകിട വിടാതെ യോജിപ്പ് ഉള്ളത്‌കൊണ്ടൊന്നുമല്ല. പക്ഷേ ഈ ഉയർത്തുന്ന മുദ്യാവാക്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നും നമ്മുടെ രാജ്യത്തെ തൊഴിലിടങ്ങളിൽ മാത്രമല്ല ഒരിടത്തും സ്ത്രീകൾ അക്രമിക്കപ്പെടരുതെന്നും ആഗ്രഹിക്കുന്നതുകൊണ്ട് കൂടിയാണ്.

ഇനി ഇത്തരമൊരു സ്റ്റാറ്റസ് ഇടാൻ കാരണമായ കാര്യത്തിലേക്ക് വരാം. ഇത്രയും ശ്രദ്ധേയവും പ്രാധാന്യവുമുള്ള ഒരു പ്രവർത്തനം നടത്തിയത് ചിലരെയൊക്കെ ചില്ലറയൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് തിങ്കളാഴ്ച പരിപാടി ഉദ്ഘാടനം ചെയ്യുന്ന വേളയിൽ ജസ്റ്റിസ് കട്ജു ഡിവൈഎഫ്ഐ പ്രവർത്തകരെ ഇംഗ്‌ളീഷ് പഠിപ്പിച്ചു, ഏതാണ് ഈ സംഘടന എന്ന്‌ചോദിച്ചു എന്നമട്ടിലുള്ള അങ്ങേയറ്റം ബാലിശവും പരിഹാസ്യവുമായ വിമർശനങ്ങൾ ഉന്നയിച്ചു മുന്നോട്ട് വന്നിട്ടുള്ളത്. കട്ജുവിനൊപ്പം പരിപാടിയിൽ പങ്കെടുത്തത് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വ. മുഹമ്മദ്‌റിയാസും, സുപ്രീം കോടതി അഭിഭാഷകരായ അഡ്വ. ദീപക് പ്രകാശും അഡ്വ. സുഭാഷ് ചന്ദ്രനുമാണ്. എൻഡോ സൾഫാൻ കേസിൽ ഡി.വൈ.എഫ് ഐ കൊടുത്ത കേസ് ഇരകൾക്കു വേണ്ടി വാദിച്ചു ജയിച്ച അഭിഭാഷകരണവർ. ഡി.വൈ.എഫ് ഐ തയ്യാറാക്കിയ ടെക്സ്റ്റ്‌ന്റെ അവസാനഭാഗത്ത് സുപ്രീം കോടതിയുടെ ഒരുമുൻവിധി കൂട്ടി ചേർക്കുകയാണ് അദ്ദേഹം പ്രധാനമായും ചെയ്തത്. പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ കയറി അദ്ദേഹത്തിനായി അയക്കുന്ന ഇമെയിൽ സദ്ദേശമായതിനാൽ 'സർ' എന്നുമാത്രമാണ് അഭിസംബോധന ചെയ്തിരുന്നത്.സാധാരണ കത്തെഴുത്തും പോലെയുള്ളപരമ്പരാഗത രീതികളല്ല ഇമെയിൽ സദ്ദേശത്തിൽ സാധാരണ ഉപയോഗിക്കാറ്. നേരത്തെ ഇതിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ ഇറക്കിയ പോസ്റ്ററുകളിലെല്ലാം 'To, The Honourable Prime Minister of India' എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്. ശ്രീ കട്ജു തന്റെ ജൂനിയേഴ്‌സിനോടെന്നപോലെ വളരെ സ്‌നേഹത്തിൽ പറഞ്ഞ ഇക്കാര്യങ്ങളാണ് ചില ദോഷൈകദൃക്കുകൾ ചുരണ്ടിയെടുത്തു ആഘോഷിച്ചത്.

ഇത്രയും കാലത്തെ പ്രവർത്തനങ്ങൾക്കിടയിൽ മാദ്ധ്യമങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള പരിലാളനകൾ കൊണ്ടല്ല ഡിവൈഎഫ്ഐ എന്ന സംഘടന വളർന്നതും മുന്നോട്ട് പോകുന്നതും. അധികം പിറകോട്ടൊന്നും പോകേണ്ടതില്ല ഇത് തിരിച്ചറിയാൻ. ഡിവൈഎഫ്ഐ കൊടുത്ത കേസിന്റെ പശ്ചാത്തലത്തിൽ എൻഡോസൾഫാൻ വിഷയത്തിൽ ഇരകൾക്കനുകൂലമായി ഒരു ഐതിഹാസിക വിധിവന്നപ്പോൾ കേസ് കൊടുത്ത സംഘടനയുടെ പേര് തങ്ങളെഴുതിക്കൂട്ടിയ നീളൻ എഡിറ്റോറിയലുകളിൽ ഒന്ന് സൂചിപ്പിക്കാൻ പോലും തയ്യാറാകാത്ത മാദ്ധ്യമങ്ങളിൽനിന്നും കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കുന്നില്ല. പക്ഷേ ഇത് ഡിവൈഎഫ്ഐ ക്ക് പുറത്തും ഒരുപാട് മനുഷ്യ ജീവിതങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ പ്രതികരിക്കാതിരിക്കാൻ നിർവാഹമില്ല.

തൊഴിലിടത്ത് വച്ച് കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും, ഇത്തരം സംഭവങ്ങൾ അവർത്തിക്കാത്ത വിധത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും തൊഴിലിടത്തു സംഭവിക്കുന്ന ഇത്തരം സംഭവങ്ങളിൽ തൊഴിൽ സ്ഥാപനത്തെ കൂടി ഉത്തരവാദികൾ ആക്കണം എന്നും ആവശ്യപ്പെട്ട് ആയിരങ്ങൾപങ്കെടുത്ത ഒരു ക്യാമ്പയിൻ പരിപാടിയുടെ പ്രാധാന്യം കാണാതെ അവർ തയ്യാറാക്കിയ ടെക്സ്റ്റിൽ ഉദ്ഘാടകൻ തിരുത്ത് വരുത്തി എന്നതൊക്കെ വാർത്തയാക്കുന്നത്ദൗർഭാഗ്യകരമാണ്. ഓരോരുത്തർക്കും ഓരോ ഭാഷാ ശൈലിയും അവരുടെ ബൗദ്ധിക നിലവാരത്തിനനുസരിച്ച ഡ്രാഫ്റ്റിങ് സ്‌കില്ലും ഉണ്ടാകും എന്നത് സ്വാഭാവികം. ഏറെക്കാലം സുപ്രീംകോടതി ജഡ്ജിയായിരുന്ന ഒരാൾ ഡിവൈഎഫ്ഐ യുടെ പ്രവർത്തകർ തയ്യാറാക്കിയ ടെക്സ്റ്റിൽ ചില കാര്യങ്ങൾ കൂട്ടി ചേർത്തുവെങ്കിൽ (പൂർണമായും തിരുത്തിയാൽപോലും) അതിൽ വാർത്തയാകാൻ പാകത്തിൽ എന്താണുള്ളത്?. മലയാളിയായ ഒരു പെൺകുട്ടി തന്റെ സ്വപ്നങ്ങൾക്ക് ചിറകു വിരിക്കും മുൻപേ ആരുടെയൊക്കെയോ അനാസ്ഥയിൽ കൊലചെയ്യപ്പെട്ടതിൽ ഒട്ടും അസ്വസ്ഥരാകാത്ത, അതിന്റെ ഒരു വാർത്തപോലും ഷെയർ ചെയ്യാത്ത പലരും ഡിവൈഎഫ്ഐ പ്രവർത്തകർക്ക്ഇംഗ്‌ളീഷ് ഭാഷാ പ്രാവീണ്യമില്ലാ എന്ന വാർത്ത ആവേശത്തിൽ പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങളെയോർത്തു സഹതപിക്കാനേ വഴിയുള്ളൂ.

ഡിവൈഎഫ്ഐ മാതൃകയായി തയ്യാറാക്കിയ ഇംഗ്‌ളീഷ് ടെക്സ്റ്റ് നേരത്തെ പലർക്കുമയച്ചുകൊടുത്തതുമാണ്. അതിൽ എന്തെങ്കിലും കാര്യമായ ഭാഷാ പ്രശ്‌നമുള്ളതായി ആരും പറഞ്ഞതുമില്ല. ചില ആവശ്യങ്ങൾ കൂടി അതിൽ ചേർക്കണമായിരുന്നു എന്ന് പറഞ്ഞ ചിലരോടൊക്കെ നിങ്ങൾ കൂട്ടിച്ചേർത്തു മെയിൽ അയച്ചോളു എന്ന് പറയുകയും ചെയ്തിരുന്നു. ഒരുകാര്യം കൃത്യമാണ് ഡിവൈഎഫ്ഐ യോടുള്ള രാഷ്ട്രീയ വിരോധം തീർക്കലിൽ കൂടുതൽ ഇതിലൊന്നുമില്ല. പക്ഷേ രാഷ്ട്രീയ വിരോധത്താൽ കണ്ണിലും മനസ്സിലും ഇരുളുബാധിച്ചു നിങ്ങൾ ട്രോളുമ്പോൾ നിസ്സാര വൽക്കരിക്കപ്പെട്ടു പോകുന്ന ഒരു പ്രധാന വിഷയമുണ്ട്. ഈ രാജ്യത്തെ ലക്ഷക്കണക്കിന് ചെറുപ്പക്കാർ തൊഴിലെടുക്കുന്ന ഏതാണ്ട് 38 % ത്തോളം മുപ്പത്തഞ്ചു വയസ്സിനു കീഴെ പ്രായമുള്ള സ്ത്രീകളുള്ള ഒരു മേഖലയിലെ സുരക്ഷാപ്രശ്‌നം. ഒരുപക്ഷെ ഇനിയൊരു രസില രാജു ശ്വാസം മുട്ടി മരിക്കുമ്പോൾ അത്‌നിങ്ങളിലാരുടെയെങ്കിലും കൂട്ടുകാരിയോ സഹോദരിയോ ഭാര്യയുമൊക്കെ ആകാം. അങ്ങനെയൊന്നവർത്തിക്കാതിരിക്കാനുള്ള പ്രവർത്തനത്തെയാണ് നിങ്ങളിങ്ങനെ അപക്വമായ പരിഹാസത്തിൽ മുക്കി കളയുന്നത്. ഈ പ്രശ്‌നങ്ങളെല്ലാം ഡിവൈഎഫ്ഐ യുടെ മാത്രം പ്രവർത്തനം കൊണ്ട് സാധ്യമാകുന്ന ഒന്നാണെന്നൊന്നും ഞങ്ങൾ കരുതുന്നില്ല. അതുകൊണ്ടു തന്നെയാണ് ഈ ക്യാമ്പയിനിലേക്കു മറ്റുസംഘടനകളെയും പ്രമുഖ പ്രവർത്തകരേയും സ്വാഗതം ചെയ്യുന്നതും.

ട്രോളാൻ ഉത്സാഹിച്ചവർ വ്യക്തിപരമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട്മുഹമ്മദ് റിയാസിനെ അധിക്ഷേപിക്കുന്നതും ശ്രദ്ധയിൽ പെട്ടു. മലയാളി ആയതു കൊണ്ട് തന്നെ കേരളത്തിലെ രാഷ്ട്രീയ സംഘടനാ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ എന്റെ അറിവിലുള്ളതും പല സുഹൃത്തുക്കൾ ട്രോൾ തുടങ്ങി കഴിഞ്ഞപ്പോൾ ഫേസ്‌ബുക്കിൽ തന്നെ ഇട്ട പോസ്റ്റുകളിൽ നിന്നും പലതവണകളിലായി പല അഖിലേന്ത്യാ നേതാക്കളുടെയും ഇംഗ്ലീഷ് പ്രസംഗം തത്സമയ പരിഭാഷ ചെയ്തിട്ടുള്ള ആളാണ് നിലവിലെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട്മുഹമ്മദ് റിയാസ് എന്നും പറയട്ടെ. ഇതൊന്നും അറിയാത്തവരല്ല മീഡിയവണ്ണും വ്യാജ വാർത്തകർക്ക് പിതൃത്വം കൊടുക്കുന്ന മറ്റുള്ളവരും.

ഇനി നിങ്ങളെല്ലാം പ്രചരിപ്പിക്കും പോലെ ആംഗലേയ ഭാഷയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെല്ലാം നിരക്ഷരകുക്ഷികളാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ അതിൽ ഒരു വിധേനയുമുള്ള ദുഃഖം ഞങ്ങൾക്കില്ല. നിങ്ങളുടെ ആക്ഷേപം സമ്മതിച്ചാൽ തന്നെ ഞങ്ങടെയൊക്കെ ഇംഗ്ലീഷ് മാത്രമേ വികലമായുള്ളൂ. അത്പരിശ്രമത്താൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ. ഏതു ഭാഷയേക്കാളും കഷ്ടപ്പെടുന്ന മനുഷ്യന്റെ പ്രയാസങ്ങൾ മനസ്സിലാക്കാനുള്ള ഹൃദയത്തിന്റെ ഭാഷ ഞങ്ങൾക്കറിയാം. ആ ഭാഷ കൂടുതൽ സ്വായത്തമാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധയും. പക്ഷേ കൂട്ടത്തിലൊരു മനുഷ്യജീവൻ കൊല്ലപ്പെട്ടുകിടക്കുമ്പോഴും സങ്കുചിതമായ രാഷ്ട്രീയ വിരോധം ആളി കത്തിക്കുന്ന നിങ്ങളുടെയൊക്കെ മനസ്സിന്റെ വൈകല്യമുണ്ടല്ലോ അതത്ര എളുപ്പത്തിൽ മാറ്റാൻകഴിയുന്നതല്ല. നല്ല സംഘടനാ പ്രവർത്തനത്തിന്ഇംഗീഷിൽ അഗാധമായ പാണ്ഡിത്യം വേണമെന്ന ധാരണയും ഞങ്ങൾക്കില്ല. ഈ രാജ്യത്തിന്റെ സമരങ്ങളിൽ ചരിത്രമെഴുതിയവരിൽ എത്രപേർക്ക്‌ന ന്നായി ഇംഗ്ലീഷ് അറിയാമായിരുന്നു. മുറിയൻ ബട്ട്‌ലർ ഇംഗ്ലീഷ് പറയുമായിരുന്ന എ.കെ.ജി എന്ന ചെറു മനുഷ്യന്റെ പ്രസംഗം കേൾക്കാൻ നെഹ്റു കാത്തിരുന്നതിനെ പറ്റി എവിടെയോ വായിച്ചിട്ടുണ്ട്. ഏതുമാകട്ടെ മുറിഞ്ഞ ഭാഷായായാലും മുറിയാത്ത ആശയം മുറുകെപിടിക്കുക എന്നതാണ് പ്രധാനം. അക്കാര്യത്തിൽ പിഴവുകളുണ്ടെകിൽ വിമർശങ്ങനങ്ങൾക്ക്‌സ്വാഗതം.

നന്ദിയുണ്ട്. ട്രോളുകളും നെഗറ്റീവ് വാർത്തകൾകൊണ്ടും ആണെങ്കിൽ കൂടിയും ഈ ക്യാമ്പയിനു ഇത്രമേൽ പ്രചാരം നൽകിയതിന്. ഇത്അവസാനമല്ല. തുടക്കമാണ്. മരണം കൊണ്ട് റസീലരാജു ഈ സമൂഹത്തോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ട്രോളുകൾ മാത്രംപോരാ സുഹൃത്തേ.

വരൂ ഇനിയെങ്കിലും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം..

സ്‌നേഹത്തോടെ,
പ്രീതി ശേഖർ
അഖിലേന്ത്യാ ജോ:സെക്രട്ടറി
ഡിവൈഎഫ്ഐ, കേന്ദ്ര കമ്മറ്റി