കൊച്ചി: മുഖ്യമന്ത്രിയുടെ പേരിൽ കോടികൾ തട്ടിച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കറുകപ്പള്ളി സിദ്ദീഖ് കൊച്ചി അടക്കി ഭരിക്കുന്ന കുപ്രസിദ്ധഗുണ്ട നേതാവ് ഭായി നസീറിന്റെ വലം കൈ. തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്കെത്തുന്ന ഹവാലാ പണത്തിന്റെ മുഖ്യകണ്ണിയാണ് സിദ്ദീഖ്. കഴിഞ്ഞ ആറ് വർഷത്തിനിടെ ആഡംബര കാറുകൾ ഉൾപ്പടെ കോടികളുടെ സ്വത്താണ് ഇയാൾ സ്വന്തമാക്കിയത്. ഇന്നോവാ, ബൊലേറോ കാറുകളടക്കം ഏഴു കാറുകളാണ് സിദ്ദീഖിനുള്ളത്. പാർട്ടി നേതാക്കളുടേയും ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും സ്വകാര്യ ആവശ്യങ്ങൾക്കായി ഇയാളുടെ ആഡംബര വാഹനങ്ങളാണ് സൗജന്യമായി നൽകുന്നത്.

ഭായി നസീറിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് സിദ്ദീഖാണ്. മണൽ മാഫിയ, ഭൂ മാഫിയ, ഫ്ളാറ്റ് മാഫിയ തുടങ്ങിയവരിൽ നിന്ന് ജയിലിലുള്ള ഭായ് നസീറിന് പകരക്കാരനായി നിന്ന് ഹുണ്ടിക പിരിക്കുന്നത് ഇയാളാണ്. മുബൈ അധോലോകത്തിന്റെ മാതൃകയിൽ സിദ്ദീഖിന്റെ സംഘം കൊച്ചിയിലെ നിരവധി വ്യവസായികളിൽ നിന്ന് ഹുണ്ടിക പിരിവ് നടത്താറുണ്ടെന്നും പൊലീസിന് വിവരമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച വ്യവസായികൾ ആരും ഇവർക്കെതിരെ ഇതുവരെ പൊലീസിൽ പരാതി നൽകാൻ ധൈര്യപ്പെട്ടിട്ടില്ല.

രാജഗിരി കോളേജിൽ പഠിക്കുന്ന മലപ്പുറത്തെ വ്യവസായി പി.എം മുഹമ്മദിന്റെ മകനെ അൽഷിഫ ഗ്രൂപ്പ് സിഎംഡി ഡോ.റബിയുള്ളയുടെ നിർദ്ദേശ പ്രകാരം തൃശൂരിലെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ സംഭവം ഒത്തുതീർപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് കറുകപള്ളി സിദ്ദീഖാണ്. ഇയാൾ മുഖേനയാണ് സിപിഐ(എം) കളമേശരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ വിഷയത്തിൽ മധ്യസ്ഥത പറയാനായി ദുബായിലേക്ക് പോയതെന്നുമാണ് ചില കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.

സംഭവത്തിൽ സക്കീർ ഹുസൈൻ കോടികൾ കമ്മീഷൻ വാങ്ങിയെന്ന് കഴിഞ്ഞ ദിവസം കളമേശരിയിൽ രാത്രി പതിച്ച പോസ്റ്ററിൽ ആരോപിച്ചിരുന്നു. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയടക്കമുള്ളവരുമായി കറുകപ്പള്ളി സിദ്ദീഖിന് ഉറ്റ ബന്ധമാണെന്നുമാണ് സൂചന. കോയമ്പത്തർ സ്ഫോടനക്കേസിൽ വിചാരണ നേരിടുന്ന മ അദനിക്ക് പേഴ്സണൽ പ്രൊട്ടക്ഷൻ നൽകിയിരുന്നതും സിദ്ദീഖും സംഘവുമാണെന്നും സൂചനയുണ്ട്. കറുകപ്പിള്ളി സിദ്ദീഖിന്റെ ഭാര്യ സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിലെ ജീവനക്കാരിയാണ്.

പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന നിരവധി ക്രമിനൽ കേസുകളിൽപ്പെട്ട കറുകപ്പള്ളി സിദ്ദീഖിനെ ഡിവൈഎഫ്ഐയുടെ കറുകപ്പള്ളി മസ്ജിദ്് യൂണിറ്റ് സെക്രട്ടറിസ്ഥാനത്തുനിന്നും നീക്കുന്നത് ബുധനാഴ്ചയാണ്. കറുകപ്പള്ളിയും കളമശ്ശേരിയുമാണ് ഭായ് നസീറിന്റെ പകരക്കാരനായി കൊച്ചി ഭരിക്കുന്ന സിദ്ദീഖിന്റ താവളം. കൊച്ചിയിലെ ഒരു അസിസ്റ്റന്റ് കമ്മീഷ്ണർ സിദ്ദീഖിന്റെ ഉറ്റ സുഹൃത്താണ്. ഇതുവഴി ഇയാൾ പൊലീസിൽ ഉണ്ടാക്കിയെടുത്ത സ്വാധീനം ചെറുതല്ല. സാദാ പൊലീസ് കോൺസ്റ്റബിൾ മുതൽ ഉന്നതരായ ഉദ്യോഗസ്ഥർ വരെ ഇയാളുടെ ഇപ്പോഴത്തെ സൗഹൃദവലയത്തിലുണ്ട്.

എന്നാൽ കൊച്ചി ഷാഡോ പൊലീസ് ഇയാളെ കുരുക്കനായി കഴിഞ്ഞ ഒരാഴ്ചയായി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. ഈ വലയിൽ കുരുങ്ങി റിമാന്റിലുള്ള സിദ്ദീഖ് അടുത്ത ഏതാനം ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന. ഇതിനായുള്ള നീക്കങ്ങൾ സിപിഎമ്മിന്റെ വക്കാലത്തുകൾ സ്ഥിരമായി എടുക്കുന്ന വക്കീൽ മുഖേന ആരംഭിച്ചിട്ടുണ്ട്.