- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് കിലോയ്ക്ക് 320, മട്ടൺ കിലോയ്ക്ക് 750 രൂപയും; മട്ടൺ ഓർഡർ ചെയ്തപ്പോൾ ബീഫും ബീഫിന് പകരം വീടുകളിൽ എത്തിച്ചത് മട്ടണും; മാറിപ്പോയ പാക്കറ്റുകൾ കണ്ടെത്താൻ നെട്ടോട്ടം; ഓണനാളിൽ ആട് മാടുകളെ വെട്ടി പ്രവർത്തന ഫണ്ട് കണ്ടെത്താൻ ശ്രമിച്ച് വെട്ടിലായത് ഡിവൈഎഫ്ഐ മാവിലായി യൂണിറ്റ്; ഓണനാളിലെ മൂരി വിതരണത്തിന്റെ പേരിൽ ആർഎസ്എസ് ഭീഷണി വന്നെന്ന് ഡിവൈഎഫ് നേതാവ്; ഫണ്ട് കണ്ടെത്താൻ ഏത് മാർഗവും പയറ്റുന്നവരാണ് ഡിവൈഎഫ്ഐ എന്ന് റിജിൽ മാക്കുറ്റി മറുനാടനോട്
കണ്ണൂർ: പ്രവർത്തന ഫണ്ട് കണ്ടെത്താൻ ഓണനാളിൽ മൂരിയെയും ആടിനെയും അറുത്ത് വിറ്റ ഡിവൈഎഫ്ഐ നടപടി വിവാദമാകുന്നു. ഡിവൈഎഫ്ഐ മാവിലായി യൂനിറ്റ് ആണ് പ്രവർത്തന ഫണ്ട് കണ്ടെത്താൻ മൂരിയെയും ആടിനെയും അറുത്ത് വിറ്റ് ഫണ്ട് കണ്ടെത്തിയത്. പ്രവർത്തന ഫണ്ട് കണ്ടെത്താൻ ഡിവൈഎഫ്ഐ അനുവർത്തിച്ച രീതി കണ്ണൂരിൽ രാഷ്ട്രീയവിവാദമായി തുടരുമ്പോൾ പാർട്ടിക്കുള്ളിലും ഡിവൈഎഫ്ഐ നടപടി ചർച്ചാവിഷയമായിട്ടുണ്ട്. കോവിഡ് കാരണം ജനങ്ങളെ നേരിൽ കാണാൻ അവസരമില്ലാത്തതിനാൽ മൂരിയെയും ആടിനെയും അറുത്ത് വിറ്റ് വീടുകളിൽ എത്തിച്ച് പണം വാങ്ങാൻ ഡിവൈഎഫ്ഐ തീരുമാനിക്കുകയായിരുന്നു. സാധാരണ ഇറച്ചിയുടെ വില തന്നെയാണ് ഡിവൈഎഫ്ഐ ഈടാക്കിയത്.
വെള്ളിയാഴ്ച ഇത് സംബന്ധിച്ച് പരസ്യം നല്കുകയും ഓർഡർ സ്വീകരിച്ച ശേഷം ഇറച്ചി വീടുകളിൽ എത്തിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തുമണി വരെ ഓർഡർ സ്വീകരിച്ച ശേഷം ശനിയാഴ്ച ഇറച്ചി വിതരണം ചെയ്യുകയായിരുന്നു. മൂരി നൽകേണ്ട വീടുകളിൽ ആട്ടിറച്ചി എത്തിച്ചും ആട്ടിറച്ചി ചോദിച്ച വീടുകളിൽ മൂരിഇറച്ചി എത്തിച്ചും പ്രവർത്തകർ പുലിവാല് പിടിക്കുകയും ചെയ്തു. ഡിവൈഎഫ്ഐ ഈ രീതിയിൽ ഫണ്ട് കണ്ടെത്തിയിരുന്നില്ല എന്ന അഭിപ്രായമുള്ളവർ ഉള്ളതിനാൽ ഈ ഫണ്ട് കണ്ടെത്തൽ രീതി പാർട്ടി യോഗങ്ങളിൽ ചൂടുള്ള ചർച്ചാവിഷയമാകും എന്നാണ് ലഭിക്കുന്ന സൂചന. വെട്ടാനും കൊല്ലാനും മുന്നിൽ നിൽക്കുന്ന പാർട്ടിക്ക് കൂടുതൽ ചീത്തപ്പേര് സൃഷ്ടിക്കാൻ മാത്രമാണ് ഡിവൈഎഫ്ഐയുടെ ഇറച്ചി വിതരണം സഹായിച്ചത് എന്നാണ് പാർട്ടിക്കുള്ളിലെ സംസാരം.
ഫണ്ട് കണ്ടെത്താൻ എന്ത് മാർഗം സ്വീകരിക്കാൻ മടിയില്ലാത്തവരാണ് ഡിവൈഎഫ്ഐ എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് റിജുൽ മാക്കുറ്റി മറുനാടനോട് പറഞ്ഞു. ആളെ വെട്ടിക്കൊല്ലാൻ മടിയില്ലാത്ത ആളുകൾക്കാണോ ആട് മാടുകളെ വെട്ടിക്കൊല്ലാൻ മടി വരുക. ഇത് ഡിവൈഎഫ്ഐ സംബന്ധിച്ച് ഒരു വിഷയമല്ലാത്ത കാര്യമാണ്. എന്തും ചെയ്യാൻ മടിയില്ലാത്ത രീതിയുടെ പ്രതിഫലനം തന്നെയാണ് ഈ പ്രവർത്തിയിൽ തെളിഞ്ഞത്. ഡിവൈഎഫ്ഐ ഫണ്ട് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണത്തിനു വേണ്ടി ആടിനെയും മൂരിയെയും കൊല്ലാറുണ്ട്.
പ്രവർത്തന ഫണ്ട് കണ്ടെത്താൻ ഇങ്ങിനെ ഇരുകാലികളെ വെട്ടിക്കൊന്ന ചരിത്രത്തിനെക്കുറിച്ച് കേട്ടറിവില്ല. ഇത് തീർച്ചയായും ഒരു പുതിയ രീതി തന്നെയാണ്. പുതിയ കണ്ടെത്തൽ രീതി കേരളത്തെ പഠിപ്പിച്ചുകൊടുക്കുകയാണ്. കൊറോണ വന്നു ജീവിക്കാൻ നിവൃത്തിയില്ലാത്ത ആളുകളെ സഹായിക്കാൻ വേണ്ടിയായിരുന്നുവെങ്കിൽ പറഞ്ഞു നിൽക്കാൻ എങ്കിലും ഡിവൈഎഫ്ഐയ്ക്ക് കഴിയുമായിരുന്നു. പണത്തിനു വേണ്ടി എന്തും ചെയ്യും എന്ന രീതി രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ആശാസ്യമല്ല-റിജിൽ മാക്കുറ്റി പറയുന്നു. മാവിലായി ഈസ്റ്റ് മേഖലാ പ്രസിഡന്റ് സായന്തുമായി നടത്തിയ ഫോൺ സംഭാഷണം ഇങ്ങനെ:
ഇറച്ചി വിൽപ്പന ഫണ്ട് കണ്ടെത്താനെന്ന് ഫോൺ സംഭാഷണത്തിൽ ഡിവൈഎഫ്ഐ
ഇറച്ചി വിൽപ്പന ഇനിയുമുണ്ടോ?
ഇല്ല. ശനിയാഴ്ച മാത്രം.
എത്ര ഓർഡർ ലഭിച്ചു?
കൃത്യമായ കണക്കില്ല. മട്ടനും ബീഫും ആയതിനാൽ കുറവ് ആയിരുന്നു. ഓണക്കാലത്ത് ചിക്കൻ ആണ് ആളുകൾ ഉപയോഗിക്കുക.
ചിക്കൻ എന്തുകൊണ്ട് ഒഴിവാക്കി?
നാട്ടിൽ ഒരുപാട് ചിക്കൻ സെന്ററുകൾ ഉണ്ട്. ഞങ്ങൾ അചിക്കൻ വിതരണം ചെയ്താൽ ഓണക്കാലത്ത് അവർക്ക് പ്രയാസമാകും.
എന്തിനാണ് ഫണ്ട് കണ്ടെത്തിയത്?
ഡിവൈഎഫ്ഐ പ്രവർത്തന ഫണ്ട് ആണ്. രണ്ടു വർഷത്തിന്നിടയിൽ ഫണ്ട് സമാഹരണം വേണം.കൊറോണയായതിനാൽ ആളുകളെ കണ്ടു പിരിക്കാൻ സാധിച്ചില്ല. കൂടുതൽ പണം വാങ്ങിയിട്ടില്ല. സാധാരണ വില മാത്രമാണ് ഈടാക്കിയത്.
ആട് മാടുകളെ അറുത്തത് എവിടെവച്ചാണ്?
പാറപ്പുറം എന്ന സെന്ററിൽ വച്ചാണ് അറുത്തത്. അവിടെ അറക്കുന്ന സ്ഥലമുണ്ട്. ഞങ്ങൾക്കുവേണ്ടി അവർ അറുത്ത് തന്നതാണ്.
ലാഭം കിട്ടിയോ?
വലിയ ലാഭം വന്നിട്ടില്ല. പതിനായിരം രൂപയ്ക്ക് താഴെ മാത്രമേ ലാഭമുള്ളു. ഓർഡർ അത്ര മാത്രമേ വന്നിട്ടുള്ളൂ.
ഈ രീതിയിൽ ഏങ്ങനെ ആശയം വന്നു? വലിയ ഉണർവ് സംഘടനയിൽ ഉണ്ടാക്കിയോ?
വളരെ സജീവമായി വർക്ക് ചെയ്യുന്ന കമ്മറ്റിയാണ് മാവിലായിലേത്. റിസൈക്കിൾ കേരളയ്ക്ക് വേണ്ടി ഈ രീതിയിൽ തുക കണ്ടെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിരുന്നു. പതിനൊന്നു കോടി രൂപയാണ് അടച്ചത്. ഒരു ലക്ഷം രൂപയാണ് ഞങ്ങളുടെ മേഖലാ കമ്മറ്റി പിരിച്ചു നൽകിയത്. ബിരിയാണി ഫെസ്റ്റും അച്ചാർ വിൽപ്പനയും നടത്തിയാണ് തുക കണ്ടെത്തിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഈ രീതിയിൽ തുക കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഒമ്പത് മണി വരെ ഓർഡർ എടുത്തിരുന്നു.
മട്ടനും മൂരിയും മാറിപ്പോയോ?
ഒന്ന് രണ്ടു വീടുകളിൽ ഈ പ്രശ്നം വന്നു. അത് മാറ്റി നൽകി. പ്രശ്നം വന്നപ്പോൾ അത് മാറ്റി നൽകി. മട്ടനുള്ള ഓർഡർ വെള്ളിയാഴ്ച ഉച്ചവരെ മാത്രം എടുത്തു. അപ്പോഴേക്ക് അത് തീർന്നു പോയിരുന്നു. എത്ര മാടിനെ അറുത്തു എന്ന് അറിയില്ല.
ആർഎസ്എസിന്റെ ആളുകൾ ഞങ്ങളുടെ നമ്പറിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. പെരുനാളിനു മൂരി അറക്കുന്ന രീതിയാണിത്. എസ്ഡിപിഐയെ സഹായിക്കാൻ വേണ്ടിയാണ് എന്നൊക്കെയാണ് മോശമായി സംസാരിച്ചത്. ഓർഡർ സ്വീകരിക്കാൻ മൂന്നു ഫോൺ നമ്പറുകൾ ആണ് നൽകിയത്. ഈ നമ്പറിൽ വിളിച്ചാണ് ഭീഷണി വന്നത്. രാഷ്ട്രീയവും മതവും നോക്കാതെയാണ് ഡിവൈഎഫ്ഐ പ്രവർത്തനം. പെരുനാളിനു ലോക്ക് ഡൗൺ വന്നപ്പോൾ ഞങ്ങൾ ആളുകളെ സഹായിച്ചിരുന്നു.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.