തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉത്രാട രാത്രിയിൽ അരുംകൊല.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡിവൈഎഫ്ഐ നേതാക്കളെ തടഞ്ഞു നിർത്തിവെട്ടിക്കൊന്നു. വെഞ്ഞാറമ്മൂട്ടിലാണ് സംഭവം. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാന്മൂട് കലുങ്കിന്മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

മിതിലാജ് ഡിവൈഎഫ്ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സിപിഎം. കലിങ്ങിന്മുഖം ബ്രാഞ്ച് അംഗവുമാണ്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ഏതാനും നാളുകളായി സിപിഎം. - കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊലനടന്നതെന്ന് സൂചന.

ഉത്രാട രാത്രിയിൽ തേമ്പാന്മൂട് ജംക്ഷനിൽ രാത്രി 12 ഓടെയാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഡിവൈഎഫ്‌ഐ കലുങ്കിന്മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. സംഭവത്തിനു പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്‌ഐ സിപിഎം നേതൃത്വം ആരോപിച്ചു. തുടർച്ചയായി സിപിഎം കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ് തേമ്പാന്മൂട്. സംഭവത്തെത്തുടർന്ന് പൊലീസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നു.