തിരുവനന്തപുരം: ആലപ്പുഴയിലെ അവിലും മലരും മുദ്രാവാക്യത്തിൽ കേസെടുത്തു അറസ്റ്റു നടപടികളുമായി മുന്നോട്ടു പോയ പൊലീസ് തിക്കോടിയിലെ സഖാക്കളുടെ കൊലവിളി മുദ്രാവാക്യത്തിൽ നടപടി എടുക്കുന്നില്ല. 'വല്ലാണ്ട് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും' എന്നായിരുന്നു തിക്കോടിയിൽ സിപിഎം പ്രകടനത്തിനിടെ ഉയർന്ന കൊലവിളി മുദ്രാവാക്യം. ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. സിപിഎം അക്രമത്തിന് കോപ്പു കൂട്ടുന്നു എന്നതിന്റെ തെളിവാണ് ഇതെന്നാണ് കോൺഗ്രസ് പക്ഷം.

അതേസമയം മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ സമരവും അതിനെതിരായ സിപിഎം പ്രത്യാക്രമണവും ഇന്നലെയും തുടർന്നു. കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെ സ്റ്റീൽ ബോംബെറിഞ്ഞു. തലശ്ശേരി മൂഴിക്കരയിൽ കോൺഗ്രസ് കോടിയേരി ബ്ലോക്ക് നിർവാഹകസമിതി അംഗം മൂഴിക്കര പുതിയവീട്ടിൽ പി.എം.കനകരാജന്റെ വീടിനു നേരെ കഴിഞ്ഞദിവസം പുലർച്ചെ പെട്രോൾ ബോംബ് എറിഞ്ഞു.

കനകരാജന്റെ ഭാര്യ ജയശ്രീ കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കനകരാജന്റെ 90 വയസ്സുള്ള മാതാവ് ശാരദ ഉറങ്ങുന്ന മുറിയുടെ തൊട്ടു മുൻപിലുള്ള ജനലിലാണു ബോംബ് പതിച്ചത്. ജനാലയുടെ മര അഴികൾ കത്തിയ നിലയിലാണ്. ചുമർ കരിഞ്ഞനിലയിലാണ്. തിരുവനന്തപുരത്ത് യുവമോർച്ച മാർച്ചിലും സംഘർഷമുണ്ടായി. പൊലീസ് കണ്ണീർ വാതക ഷെല്ലും ജലപീരങ്കിയും പലവട്ടം പ്രയോഗിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിന്റെ മതിലും ബാരിക്കേഡുകളും ചാടിക്കടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

മഹിളാ മോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫിസിലേക്കു നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം പുനലൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പാലക്കാട്ട് ഒറ്റപ്പാലം ടൗണിൽ കോൺഗ്രസ് പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രൊബേഷൻ എസ്‌ഐ സി.എൽ.ഷിജുവിനു പരുക്കേറ്റു.

അതേസമയം സിപിഎം പ്രതിഷേധം അക്രമാസക്തമയി തുടരുമ്പോൾ പൊലീസിനും രക്ഷയില്ലാത്ത അവസ്ഥയാണ്. ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെ ഐഎൻടിയുസിയുടെ കൊടിമരം തകർക്കുന്നതു തടഞ്ഞ എസ്‌ഐയെ പ്രവർത്തകൻ തലയ്ക്കടിച്ചു. ബോധരഹിതനായി വീണ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടോടെ അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപമുണ്ടായ സംഭവത്തിൽ പൂന്തുറ എസ്‌ഐ വിമൽകുമാറിനാണു പരുക്ക്. ഡിവൈഎഫ്‌ഐ പ്രവർത്തകരിൽ ഒരാൾ കൊടി കെട്ടിയ കമ്പു കൊണ്ട് എസ്‌ഐയുടെ തലയ്ക്കു പിന്നിൽ ആഞ്ഞടിക്കുകയായിരുന്നു.

ഡിവൈഎഫ്‌ഐ അമ്പലത്തറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. പൂന്തുറ ഭാഗത്തു നിന്നു വന്ന പ്രകടനം ഹൈവേയിലേക്കു കടക്കുന്നതിനിടെ, ഈ ഭാഗത്തു സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ ഫ്‌ളെക്‌സ് ബോർഡുകളും കൊടികളും പ്രവർത്തകർ തകർത്തു. സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകരും തടിച്ചു കൂടിയിരുന്നു. ഐഎൻടിയുസിയുടെ കൊടിമരം തകർക്കാൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ ശ്രമിച്ചപ്പോൾ സംഘർഷ സാധ്യത കണക്കിലെടുത്ത് എസ്‌ഐ തടഞ്ഞു.

പ്രകടനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാക്കളുമായി അനുനയത്തിനു ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാൾ എസ്‌ഐയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഏറെ നേരം ബോധരഹിതനായി നിലത്തു കിടന്ന എസ്‌ഐയെ മറ്റു പൊലീസുകാർ ചേർന്ന് ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വിമൽകുമാർ നീരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നശിപ്പിച്ച കൊടികൾ തിരികെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാത്രി കോൺഗ്രസ് പ്രവർത്തകർ പൂന്തുറ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജ് ഇക്കാര്യം സംസാരിച്ചെങ്കിലും ഇടതു നേതാക്കൾ വഴങ്ങിയില്ല. ഇതിൽ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിന്റെ കൊടികൾ നശിപ്പിച്ചു. പരുക്കേറ്റ എസ്‌ഐയുടെ മൊഴി രേഖപ്പെടുത്തി. വധശ്രമം, ഔദ്യോഗിക കൃത്യ നിർവഹണത്തിനു തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുകയെന്ന് പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് യൂത്ത്‌കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനെതിരെ സംസ്ഥാന വ്യാപകമായി ഇടത് അണികളും തെരുവിലിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെയും ആക്രമണം നടന്നു.

കെഎസ്‌യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് നേരെ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിഞ്ഞു. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു.