കണ്ണൂർ/ ഇരിട്ടി: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും സി.പി.എം മുസാൻകട ബ്രാഞ്ച് കമ്മിറ്റിയംഗവുമായ കുന്നോൽ ബാലന്റെ മകൻ വിജേഷിനെയാണ് പോസ്‌കോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

ഈ മാസം ആദ്യമാണ് കേളൻപീടിക കോളനിയിലെ പെൺകുട്ടിയെ, വിവാഹവാഗ്ധാനം നൽകി ലൈംഗികമായി പീഡിപ്പിച്ചത്. കോളനിക്ക് സമീപം നിർമ്മാണത്തിലിരുന്ന വീട്ടിനകത്തേക്ക് രാത്രി പെൺകുട്ടിയെ വിളിപ്പിച്ചതിന് ശേഷമായിരുന്നു പീഡനം. പെൺകുട്ടി ബഹളം വച്ചതിനെത്തുടർന്ന് കോളനി നിവാസികൾ വീട് വളയുകയായിരുന്നു. സ്ഥലത്ത് എത്തിയ ഇരിട്ടി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

പിന്നീട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബിനീഷിന്റെ നേതൃത്വത്തിൽ ഒരു സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി, 25,000 രൂപ നഷ്ടപരിഹാരം നൽകി പരാതി ഇല്ലെന്ന് എഴുതി വാങ്ങി. പരാതി ഇല്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്ന് എഴുതി വാങ്ങിയ കത്ത് സ്റ്റേഷനിൽ കാണിച്ച് ഉന്നതതലത്തിൽ നിന്ന് സമ്മർദ്ദം ചെലുത്തിയാണ് യൂണിറ്റ് സെക്രട്ടറിയെ രക്ഷപ്പെടുത്തിയത്.

എന്നാൽ പ്രദേശത്തെ സാമൂഹ്യപ്രവർത്തകർ ഈ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇതോടെ ഇവർ പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തു. ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. ഇത് രേഖമൂലം ഇരിട്ടി സിഐയ്ക്ക ചൈൽഡ് ലൈൻ പ്രവർത്തകർ ബുധനാഴ്ച കൈമാറുകയായിരുന്നു.

ഇതേത്തുടർന്നാണ് വ്യാഴാഴ്ച യൂണിറ്റ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെ കേസ് ഒതുക്കിത്തീർക്കാൻ സി.പി.എം നേതൃത്വവും ഇരിട്ടി എസ്ഐയും തമ്മിൽ നടത്തിയ രഹസ്യ ചർച്ചയെക്കുറിച്ച് പ്രദേശത്തെ സമൂഹ്യ പ്രവർത്തകർ പൊലീസ് കമ്പ്ലെയിന്റ് അഥോറിറ്റിക്ക് നേരിട്ട് പരാതി നൽകാനിരിക്കുകയാണ്.