- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക്കൂറുകൾ നീളുന്ന ഡിജെ മ്യൂസിക് പാർട്ടി; മേമ്പൊടിക്ക് പടക്കം പൊടിക്കലും ആയതോടെ പത്തനംതിട്ട-അടൂർ റോഡിൽ ഏറെ നേരം ഗതാഗതതടസ്സവും; കോവിഡ് കുതിച്ചുയരുന്ന ജില്ലയിൽ പ്രോട്ടോക്കോൾ ലംഘിച്ച് നടുറോഡിൽ ബുധനാഴ്ച ഡിജെ പാർട്ടി നടത്തിയത് ഡിവൈഎഫ്ഐ; സാക്ഷികളായി പൊലീസും ആരോഗ്യവകുപ്പും
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുതിച്ചു കയറുന്ന ജില്ലയാണ് പത്തനംതിട്ട. അതിൽ തന്നെ ഏറ്റവുമധികം രോഗികൾ പ്രതിദിനം ഉള്ളത് പത്തനംതിട്ട നഗരസഭയിലാണ്. ഇന്നലെ 714 രോഗികളുമായി സംസ്ഥാനത്ത് തന്നെ രണ്ടാം സ്ഥാനത്താണ് പത്തനംതിട്ട ജില്ല. തെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ, സത്യപ്രതിജ്ഞ, അധ്യക്ഷ പദത്തിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നിവയൊന്നും കോവിഡ് മാനദണ്ഡം പാലിച്ചല്ല നടക്കുന്നത്. പ്രത്യേകിച്ചും പ്രോട്ടോക്കോൾ ലംഘനത്തിൽ മുന്നിലുള്ളത് സിപിഎം-ഡിവൈഎഫ്ഐ നേതാക്കളാണ്.
10 വർഷത്തിന് ശേഷം പത്തനംതിട്ട നഗരസഭ സിപിഎം പിടിച്ചെടുത്തു. മൂന്നു കോൺഗ്രസ് വിമതരുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് അഡ്വ. സക്കീർ ഹുസൈൻ ചെയർമാൻ പദവിയിൽ എത്തിയത്.
ഈ വിജയം ഡിവൈഎഫ്ഐ ആഘോഷിച്ചത് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഡിജെ പാർട്ടി നടത്തിയാണ്. ബുധനാഴ്ച രാത്രിയാണ് മണിക്കൂറുകൾ നീളുന്ന ഡിജെ മ്യൂസിക് നടത്തിയത്. ഇരുനൂറോളം പ്രവർത്തകരാണ് ഡിജെ മ്യൂസിക്കിനൊപ്പം പടക്കം പൊട്ടിച്ചും ആഘോഷത്തിൽ പങ്കെടുത്തത്. ഇതോടെ പത്തനംതിട്ട-അടൂർ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
നഗരസഭയിലേക്കുള്ള വോട്ടെണ്ണൽ നടന്ന പത്തനംതിട്ട കാതോലിക്കറ്റ് കോളജിലും പിന്നീട് സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന റോസ്്മൗണ്ട് ഓഡിറ്റോറിയത്തിലും നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ചു കൂടിയത്. കെട്ടിപ്പിടിച്ചും ചുംബിച്ചും ആഹ്ലാദം പ്രകടിപ്പിച്ച പലർക്കും പിന്നീട് കോവിഡ് പോസിറ്റീവായി. പ്രതിദിനം 25-38 രോഗികളാണ് പത്തനംതിട്ട നഗരസഭയിൽ മാത്രമുള്ളത്.
മറ്റുള്ളിടത്തും സ്ഥിതി വ്യത്യസ്തമല്ല. അതിനിടെയാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഇത്തരം പരിപാടികൾ തുടരുന്നത്. ഇതിനൊക്കെ തടയിടേണ്ട പൊലീസും ആരോഗ്യവകുപ്പും ഒത്താശ ചെയ്തു കൊടുക്കുകയാണ്. നേരത്തേ രോഗികളുടെ എണ്ണത്തിൽ കുറവു വന്നതിനാൽ ഗീർവാണമടിച്ച് പ്രശസ്തി നേടിയ ജില്ലാ ഭരണകൂടത്തിനും അനക്കമില്ല. പ്രതിദിന രോഗികളുടെ എണ്ണം ജില്ലയിൽ ഇപ്പോൾ 500-700 എന്നതാണ്. രോഗം അതിവേഗം പകരുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ആഹ്വാനം ചെയ്യുകയും ചെയ്യുന്നതിനിടയിലാണ് ഇത്തരം ആഘോഷങ്ങൾ സ്വന്തം പാർട്ടിക്കാർ തന്നെ സംഘടിപ്പിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്