തിരുവനന്തപുരം: അഴിമതിക്കേസുകളിൽ ഉൾപ്പെട്ട നാലു ഡിവൈഎസ്‌പിമാരടക്കം ഒൻപതു പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ സർക്കാർ കൂട്ടത്തോടെ പിൻവലിച്ചു. സസ്‌പെൻഷൻ അവലോകന സമിതിയാണു തീരുമാനം എടുത്തത്. സമിതി മുൻപാകെ 50 ഉദ്യോഗസ്ഥരുടെ പട്ടികയാണു വന്നത്. അതിൽ ഉൾപ്പെട്ട എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം 30 ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനാണു സർക്കാർ ഒന്നിച്ചു റദ്ദാക്കിയത്. ഇതിൽ കുപ്രസിദ്ധരായ ചിലരും ഉൾപ്പെയുന്നുടുന്നു. ഡിവൈഎസ്‌പിമാരായ കെ.ഹരികൃഷ്ണൻ, ബിജോ അലക്‌സാണ്ടർ എന്നിവർക്കെതിരെ ഉയർന്നത് ഗൗരവ ആരോപണങ്ങളാണ്. ജക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കുമ്പോഴായിരുന്നു ഈ ഉദ്യോഗസ്ഥരിൽ ചിലർക്കെതിരെ അന്വേഷണം നടത്തിയതും കേസ് രജിസ്റ്റർ ചെയ്തതും. സർവീസിൽ തിരിച്ചെടുക്കുമ്പോൾ മറ്റൊരു ജില്ലയിൽ അപ്രധാന തസ്തികയിൽ നിയമിക്കണമെന്ന നിർദ്ദേശവും കമ്മിറ്റി നൽകിയിട്ടുണ്ട്.

ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സത്യജിത് രാജൻ, ഡിജിപി: ലോക്‌നാഥ് ബെഹ്‌റ എന്നിവരടങ്ങിയ സമിതിയാണു സസ്‌പെഷനുകൾ അവലോകനം ചെയ്തത്. വിജിലൻസ് ഡയറക്ടർ കൂടിയായ ബെഹ്‌റയാണു പട്ടിക അവതരിപ്പിച്ചത്. പൊലീസ് സേനയിൽനിന്നുള്ള എല്ലാവരുടെയും സസ്‌പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം ഐകകണ്‌ഠ്യേനയായിരുന്നു. അവിഹിത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണു ഡിവൈഎസ്‌പിമാരിൽ പലരും സസ്‌പെൻഷനിലായത്. ഇതോടൊപ്പം, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷഹാനാ ബീഗത്തിന്റെയും എക്‌സൈസ് വകുപ്പിലെ നാല് ഉദ്യോഗസ്ഥരുടെയും സസ്‌പെൻഷൻ പിൻവലിച്ചു.
അതേസമയം, മലബാർ സിമന്റ്‌സിന്റെ മുൻ എംഡിയും റിയാബ് സെക്രട്ടറിയുമായിരുന്ന കെ.പത്മകുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചിട്ടില്ല.

നടി സോനാ മരിയക്കുമെതിരെ കള്ളക്കേസുണ്ടാക്കാൻ ചുക്കാൻ പിടിച്ച തൃക്കാക്കര എസിപിയായിരുന്ന ബിജോ അലക്സാണ്ടർ പറവൂർ പെൺവാണിഭക്കേസിൽ ഉന്നതരെ രക്ഷിക്കാൻ ചരടുവലിച്ചതായും തിരൂരിൽ നിന്ന് കവർച്ചചെയ്യപ്പെട്ട 12 കിലോ സ്വർണത്തിൽ എട്ടുകിലോ തട്ടിയെടുത്തതായും ആരോപണം ഉയർന്നിരുന്നു. കൊച്ചി ബ്ലൂ ബ്ലാക്ക് മെയിലിങ് കേസ് അംജിതിനും നടി സോന മരിയക്കുമെതിരെ മരട് പൊലീസ് കെട്ടിച്ചമച്ചതായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതുപോലെത്തെന്ന തിരൂരിൽ നിന്ന് 2007-2008 കാലത്ത് നടന്ന സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളിൽ നിന്ന എട്ടുകിലോയോളം സ്വർണം ബിജോ തട്ടിയെടുത്തുവെന്നും ആക്ഷേപം ഉയർന്നിരുന്നു.

പെരുമ്പാവൂർ ഡി. വൈ. എസ്. പിയായിരുന്ന ഹരികൃഷ്ണൻ സോളാർ കേസും ബിജോ അലക്സാണ്ടർ പറവൂർ പീഡനക്കേസും അന്വേഷിച്ചിരുന്നു. ഇരുവരുടെയും അനധികൃത സ്വത്ത് സമ്പാദനം അന്വേഷിച്ച വിജിലൻസ് വകുപ്പുതലത്തിൽ നടപടിക്ക് ആഭ്യന്തരവകുപ്പിൽ ശുപാർശ ചെയ്തിരുന്നു. ഇരുവരുടെയും ബന്ധുക്കളുടെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. രണ്ടുപേർക്കുമെതിരെ വിജിലൻസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 46 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജോ അലക്സാണ്ടറിനെതിരേ വിജിലൻസ് സ്പെഷ്യൽസെൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

തൃപ്പൂണിത്തുറയിൽ എട്ടര സെന്റിൽ 3200 ചതുരശ്രയടി വിസ്തൃതിയുള്ള വീടിന്റെ നിർമ്മാണത്തിനായി ചെലവഴിച്ച തുകയും ബിജോ അലക്സാണ്ടറിന്റെ വരുമാനവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വരുമാനത്തേക്കാൾ 150 ഇരട്ടിയാണത്രേ വീടിനായി ചെലവഴിച്ചത്. പറവൂർ പീഡനക്കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ ബിജോ അലക്സാണ്ടർ പഴുതടച്ച അന്വേഷണത്തിലൂടെ പ്രതികളെ പുറത്തു കൊണ്ടുവന്നെങ്കിലും ഇതേ കേസിൽ ഇദ്ദേഹത്തിനെതിരേ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രഹസ്യാന്വേഷണം നടന്നത്. വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് നടപടിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. സോളാർ കേസിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ സ്വത്ത് വിവരങ്ങൾ ഈയിടെ പുറത്തുന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം ഡിവൈഎസ്‌പി ബിജോ അലക്സാണ്ടറിനെതിരെ എറണാകുളം വിജിലൻസ് യൂണിറ്റ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്.

ബിജോ അലക്സാണ്ടറിന്റെ ഇരുമ്പനത്തെ വീട്, ഹിൽപാലസ് മ്യൂസിയത്തിനു സമീപത്തെ ഓഫിസ് എന്നിവിടങ്ങളിലാണു പരിശോധന നടന്നത്. വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതായി പരിശോധനയിൽ വ്യക്തമായതോടെയാണു ബിജോ അലക്സാണ്ടറിനെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രാഥമിക പരിശോധനയിൽ 48 ലക്ഷം രൂപയുടെ അധിക വരുമാനമാണു വിജിലൻസ് കണ്ടെത്തിയത്. നെടുമ്പാശേരി സ്വർണ കടത്തും പറവൂർ പെൺവാണിഭ കേസ് ഉൾപ്പടെ പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനാണ് ബിജോ അലക്സണ്ടർ. 48,21,120 രൂപയു ടെ അധികാവരുമാനമാണ് വിജിലൻസ് അന്വേഷണ ത്തിൽ കണ്ടെത്താനായത് എന്ന് സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. ആരോപണവിധേയനായ ബിജോ അലക്സണ്ടർക്ക് 2011-2015 കാലഘട്ടത്തിൽ 31,34,640 രൂപ മാത്രമാണ് അധിക വരുമാനമായി ലഭിക്കാമായിരുന്നുള്ളൂ. എന്നാൽ ഇതേ സമയം 66,50,000 രൂപ യുടെ കണക്കും, 1,35,760 രൂപയുടെ ചിലവും ഉൾപ്പടെ കണ്ടെത്താനായി എന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്ഐ ആറിൽ പറയുന്നു. അന്വേഷണത്തിൽ കണ്ടെത്തിലൂടെ തുക അരലക്ഷം മാത്രമാണ് എങ്കിലും കോടികൾ വരുമാനം ഈ കാലഘട്ടത്തിൽ സമ്പാദിച്ചതായി ആണ് വിവരം.

പത്തനംതിട്ട കടമ്മനിട്ട സ്വദേശിയാണ് ബിജോ അലക്സാണ്ടർ. കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ്, വ്യാജ ടാർബിൽ കുംഭകോണക്കേസ്, പറവൂർ പീഡനക്കേസ് എന്നിവയുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരിൽ വിജിലൻസ് ഏറ്റവും അധികം സ്വത്തു കണ്ടെത്തിയതു സോളർ കേസ് അന്വേഷിച്ച കെ.ഹരികൃഷ്ണനാണ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് അദ്ദേഹം. ഹരികൃഷ്ണനേയും സസ്പെന്റ് ചെയ്ത് ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്. സോളാർ തട്ടിപ്പു കേസിൽ തെളിവുകൾ കൈക്കലാക്കുകയും അതു പിന്നീട് സമർഥമായി ഉപയോഗിക്കുകയും ചെയ്തുവെന്നാണ് ആരോപണം. തലശേരിയിൽനിന്ന് എസ്.ഐ: ബിജു ലൂക്കോസിന്റെ നേതൃത്വത്തിൽ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാൻ പുറപ്പെട്ട പൊലീസ് സംഘത്തെ മറികടന്ന് ഡിവൈ.എസ്‌പി: ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിരക്കിട്ട് സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സരിതയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഉന്നതരുടെ ഒളിക്യാമറാ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ഹരികൃഷ്ണൻ കോടതിയിൽ ഹാജരാക്കാതെ മുക്കിയെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ രണ്ട് ഉദ്യോഗസ്ഥരാണ് സർവ്വീസിൽ തിരിച്ചെത്തുന്നത്.

എന്നാൽ റവന്യു, റജിസ്‌ട്രേഷൻ, മോട്ടോർ വാഹനം, തുറമുഖം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിൽ പെട്ടവരുടെയും സസ്‌പെൻഷൻ പിൻവലിച്ചിട്ടില്ല. ഇത്രയധികം ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ ഒരുമിച്ചു പിൻവലിക്കുന്നത് അപൂർവമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. പട്ടികയിലുൾപ്പെട്ട പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർക്കു പ്രത്യേക പരിഗണന നൽകിയോയെന്നു വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയാറായില്ല. പൊലീസ് ഡിവൈഎസ്‌പിമാരായ എസ്.ദേവമനോഹർ, ബിജു കെ.സ്റ്റീഫൻ, സർക്കിൾ ഇൻസ്‌പെക്ടർ വി.ബാബു, എസ്‌ഐമാരായ എം.കെ.രമേശൻ, അനിൽ കുമാർ, എഎസ്‌ഐ രാജഗോപാൽ, സിവിൽ പൊലീസ് ഓഫിസർ രാജീവ്. എന്നിവരുടേയും സസ്‌പെൻഷൻ പിൻവലിച്ചു.