കണ്ണൂർ: നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ പൊലീസ് വയർലെസ് സെറ്റ് അടിച്ച് മാറ്റിയ വിരുതനെ ഓർമ്മയില്ലേ. എസ്ഐ ബിജുവിനെയും കമ്മീഷണറെയുമെല്ലാം കറക്കിയ ആളെ പൊലീസ് പിന്നീട് പിടികൂടി.

രണ്ടുവർഷം മുമ്പ് ആക്ഷൻ ഹീറോയിൽ ബിജു പൗലോസിനെയും പൊലീസുകാരെയും വലച്ചത് പോലെ തിരുവനന്തപുരത്തെ പൊലീസുകാരും ആകെ വലഞ്ഞിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ വയർലെസ് സെറ്റിലേക്ക് സ്വീറ്റ് വോയിസിൽ സന്ദേശമെത്തിയതാണ് പ്രശ്‌നമായത്. ഇപ്പോൾ സമാനമായ സംഭവം കണ്ണൂരിലും ഉണ്ടായിരിക്കുകയാണ്.ഷുഹൈബ് വധക്കേസ് അന്വേഷണ സംഘത്തിലുൾപ്പെട്ട ഡിവൈഎസ്‌പിക്കാണ് പൊലീസിന്റെ ഔദ്യോഗിക വയർലസ് സെറ്റിൽ അസഭ്യവർഷമെത്തിയത്. സിപിഎം അനുകൂലിയായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനു നേരെയായിരുന്നു അസഭ്യവർഷം.

ദിവസവും നടക്കാറുള്ള 'സ്റ്റേഷൻ വിളി'ക്ക് ഇടയിലാണു സംഭവം. ദിവസവും രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയിൽ ജില്ലാ പൊലീസ് മേധാവി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വയർലസിൽ വിളിച്ചു വിവരങ്ങൾ ആരായുന്ന പതിവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ലഭിച്ച പരാതികൾ, രജിസ്റ്റർ ചെയ്ത കേസുകൾ, അറസ്റ്റ്, സമൻസ് നടപ്പാക്കൽ തുടങ്ങിയവയുടെ എണ്ണമാണു നൽകേണ്ടത്. എസ്‌പിക്ക് അസൗകര്യമുള്ള ദിവസം എഎസ്‌പിയോ ഏതെങ്കിലും ഡിവൈഎസ്‌പിയോ ആണു വിളിക്കുക.

വിളിക്കുന്നയാളും എടുക്കുന്നയാളും മാത്രമാണു സംസാരിക്കുകയെങ്കിലും ആ സമയത്ത് ഓൺ ചെയ്തു വച്ചിരിക്കുന്ന മറ്റു പൊലീസ് സ്റ്റേഷനുകളിലെ വയർലസ് സെറ്റുകളിലെല്ലാം സംഭാഷണം കേൾക്കാം. വേണമെങ്കിൽ ഇടയിൽ കയറി സംസാരിക്കുകയും ചെയ്യാം.  രാവിലെ എസ്‌പി സ്ഥലത്തില്ലാത്തതിനാൽ ഡിവൈഎസ്‌പി സ്റ്റേഷനുകളിലേക്കു വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആരോ ഇടയിൽ കയറി അസഭ്യം പറഞ്ഞത്. മാലൂർ സ്റ്റേഷനിൽ നിന്നു വിവരങ്ങളെടുത്തു കോൾ അവസാനിപ്പിച്ച ഉടനെയായിരുന്നു അസഭ്യവർഷം.ജില്ലാ ആസ്ഥാനത്തെ പൊലീസ് കൺട്രോൾ റൂമിൽ നിന്നു നടത്തിയ പ്രാഥമികാന്വേഷണത്തിൽ, ഏതു സ്റ്റേഷനിലെ വയർലസ് സെറ്റിൽ നിന്നാണു അസഭ്യവർഷം ഉണ്ടായതെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.അന്വേഷണം തുടരുകയാണ്.