- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സജി ചെറിയാനെതിരേ കേസെടുക്കാനുള്ള നിർദ്ദേശം കോടതി നൽകിയത് കീഴ്‌വായ്പൂർ എസ്എച്ചഓയ്ക്ക്; തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാൽ മുദ്ര വച്ച കവറിലുള്ള ഉത്തരവ് തിരുവല്ല ഡിവൈ.എസ്പിക്ക് കൈമാറി; വിവരം അറിയിച്ചപ്പോൾ ഹോൾഡ് ചെയ്യാൻ മന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം; കോടതി ഉത്തരവിൽ ഇതു വരെ വ്യക്തത വരുത്താതെ തിരുവല്ല ഡിവൈഎസ്‌പി
തിരുവല്ല: മുന്മന്ത്രി സജി ചെറിയാനെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള കോടതി ഉത്തരവ് ഇനിയും സ്ഥിരീകരിക്കാതെ പൊലീസ്. കീഴ്‌വായ്പൂർ എസ്എച്ച്ഓയ്ക്കാണ് സജിക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രേഷ്മ ശശിധരൻ ഉത്തരവിട്ടത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലിന്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കോടതിയിൽ ഇന്ന് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. രാവിലെ ബൈജുവിന്റെ ഹർജി പരിഗണിച്ച കോടതി അത് വെള്ളിയാഴ്ചയിലേക്ക് മാറ്റി വച്ചു. കോടതിയിൽ വന്ന ബൈജു കൊച്ചിയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, ഉച്ചയ്ക്ക് ശേഷം ഹർജിക്കാരൻ പോലും അറിയാതെ കോടതി ഹർജി പരിഗണിച്ചു. സിആർപിസി 153 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു.
കോടതി ഡ്യുട്ടിയിലുള്ള പൊലീസുകാർ വശം മുദ്ര വച്ച കവറിൽ ഉത്തരവ് കീഴ്‌വായ്പൂർ എസ്എച്ച്ഓയ്ക്ക് കൊടുത്തു വിട്ടു. പുതിയ എസ്എച്ച്ഓ ചുമതലയേറ്റിട്ടില്ലാത്തതിനാൽ മുദ്ര വച്ച കവറുമായി പൊലീസുകാർ തിരുവല്ലയിലെത്തി അത് ഡിവൈഎസ്‌പി രാജപ്പൻ റാവുത്തർക്ക് കൈമാറി. ആകെ അങ്കലാപ്പിലായ ഡിവൈഎസ്‌പി വിവരം മന്ത്രിയുടെ ഓഫീസിന് കൈമാറി. ഈ സമയം സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വച്ചിരുന്നില്ല.
ഉത്തരവ് തൽക്കാലം പിടിച്ചു വയ്ക്കാനായിരുന്നു മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശം. ഇതിനോടകം കോടതിയിൽ നടന്ന സംഭവങ്ങൾ ചാനലുകളിൽ ഫ്ളാഷായി. വസ്തുത അറിയാൻ ബന്ധപ്പെട്ടവരോട് തനിക്ക് കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നായിരുന്നു ഡിവൈഎസ്‌പിയുടെ മറുപടി. ചാനലുകളിൽ വന്നു കൊണ്ടിരുന്ന ഫ്ളാഷ് ന്യൂസ് ഡിവൈഎസ്‌പി ഭാഗികമായി ശരി വയ്ക്കുകയും ചെയ്തു.
സജി ചെറിയാനെതിരായി സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിൽ കേസ് എടുക്കാമെന്ന് സർക്കാർ അഭിഭാഷകൻ നിയമോപദേശം നൽകിയിരുന്നതുമാണ്. പെരിങ്ങര സന്ദീപ് വധക്കേസിൽ രാഷ്ട്രീയമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് സർക്കാരിന്റെ നോട്ടപ്പുള്ളിയായ ആളാണ് ഡിവൈഎസ്‌പി രാജപ്പൻ റാവുത്തർ. ഇതിന്റെ പേരിൽ പാർട്ടിക്കാർ ഇദ്ദേഹത്തിനെതിരേ നീങ്ങുകയും വടക്കൻ ജില്ലകളിലേക്ക് പറപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നതാണ്. ഈ ഭയം ഉള്ളിലുള്ളതു കൊണ്ടാണ് ഇപ്പോഴത്തെ വിഷയത്തിൽ അദ്ദേഹം കരുതലോടെ പ്രതികരിക്കുന്നത് എന്ന് വേണം അനുമാനിക്കാൻ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്