തലശേരി: കണ്ണൂർ ആർ.ടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിൽ പുതിയ വെളിപ്പെടുത്തലും.

ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുകയെന്നാണ് പൊലീസിന്റെ വാദം. ഇതിനൊപ്പം ഇവർക്ക് കഞ്ചാവ് -മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണവും പൊലിസ് ഉന്നയിക്കുന്നുണ്ട്.

പബ്ലിക് പ്രോസിക്യൂട്ടർ വി.പി ശശീന്ദ്രനാണ് പൊലീസിനു വേണ്ടി ഹർജി നൽകിയത്. ഹർജിയിൽ ഇരുവരുടെയും വിശദീകരണം കോടതി ചോദിച്ചിരുന്നു. പൊലീസ് കെട്ടിചമച്ച കേസാണ് ഇതെന്നാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാദം.
.
ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു ബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ് ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഇവരുടെ വീഡിയോകളിൽ ബിഹാറിൽ നിന്നുള്ള കഞ്ചാവ് ചെടികളുടെ ദൃശ്യം ഉയർത്തി കാട്ടുന്നതാണ് ഇതിന് തെളിവായി പൊലിസ് ഉന്നയിക്കുന്നത്.

എന്നാൽ യാത്രകളിൽ കാണുന്ന വൈവിധ്യങ്ങൾ ചിത്രീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ബിഹാറിലെ തോക്കും കഞ്ചാവ് വളർത്തലുമൊക്കെ നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വ്‌ളോഗർമാരുടെ വിശദീകരണം.

എന്നാൽ മയക്കുമരുന്ന് കടത്തുമായി വ്‌ളോഗർമാർക്ക് പങ്കുണ്ടോയെന പരിശോധിക്കണമെങ്കിൽ ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പൊലിസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇ ബുള്ളറ്റ് വ്‌ളോഗർമാർ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ്യമധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തുവെന്ന ദുർബലമായ വാദമാണ് പൊലിസ് ഉന്നയിക്കുന്നതെന്നാണ് പ്രതിഭാഗം അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നത്.

സർക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബറാക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം.

കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് കണ്ണൂർ ആർ.ടി ഓഫിസിൽ വാഹനം പിടിച്ചതുമായി ബന്ധപ്പെട്ട് ബഹളം വെച്ചതിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിൻ', ലിബിൻ എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തത്.