കണ്ണൂർ: ആർ.ടി ഓഫിസിൽ വിളയാടിയ യുട്ഊബർമാർക്ക് പൊലിസിന്റെ കത്രികപ്പൂട്ട്. ഇവർക്ക് സ്റ്റേഷൻ ജാമ്യം നൽകാതെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ മുൻപിൻ നോക്കാതെ ആരാധകരെയും കൊണ്ടുവന്ന് മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച യൂട്യൂബ മാർക്ക് മുട്ടൻ പണി കിട്ടിയത് അറസ്റ്റിലായതോടെയാണ്.

പ്രതിമാസം ഏഴു ലക്ഷം രൂപ വരുമാനമുള്ള ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാഴ്‌ച്ചക്കാരുള്ള യൂ ട്ഊബർമാരിൽ പ്രമുഖരാണ് ഇ-ബുൾജെറ്റ്. ഈ സഹോദരങ്ങൾ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശികളാണ് ഇവർ. ടെംപോ ട്രാവലറിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ച് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചും അപൂർവ്വ കാഴ്‌ച്ചകളെ കുറിച്ചുമുള്ള അവതരണമാണ് ഇ-ബുൾജെറ്റ് യൂ സഹോദരങ്ങളെ ശ്രദ്ധേയരാക്കിയത്.

മോട്ടോർ വാഹന വകുപ്പ് അധികൃതരുമായി വാഹനങ്ങൾ അൾട്രേഷൻ നടത്തിയതിന് നേരത്തെ ഉടക്കിയിലായിരുന്ന ഇവർ ആസൂത്രിതമായാണ് തങ്ങളുടെ ആരാധകരെ വിളിച്ചു വരുത്തി ആർ.ടി ഓഫിസിൽ അതിക്രമിച്ചു കയറി ബഹളം സൃഷ്ടിച്ചത്. ഇതു പിന്നീട് വൈറലാക്കാനായിരുന്നു ഉദ്യേശം. ഇതിനായി ഇവർ മോട്ടോർ വാഹന വകുപ്പ് അധികൃതരേ ചോദ്യം ചെയ്തും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും ഇവർ നാടകം കളിക്കുകയായിരുന്നു.

ഇവരുടെ വാഹനമായ ടെംപോ ട്രാവലർ കഴിഞ്ഞദിവസം മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. തിങ്കളാഴ്‌ച്ച ആർ ടി ഓഫീസിലെത്താൻ ഇവരോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ആർ ടി ഓഫിസിൽ വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികൾ സ്വീകരിക്കാനാണ് ഇവരെ വിളിച്ചു വരുത്തിയത്. എന്നാൽ തങ്ങളെ ആർ.ടി.ഓഫിസ് അധികൃതർ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് ഇവർ തങ്ങളുടെ ബ്ളോഗിലും യു ട്യൂബ് ചാനലിലും പോസ്റ്റിട്ടിരുന്നു.

ഇതേ തുടർന്ന് വിവരമറിഞ്ഞ് ഇവരുടെ ആരാധകരും സ്ഥലത്തെത്തിയിരുന്നു. ഇവരോടൊപ്പംആർ ടി ഒ ഓഫീസിൽ എത്തിയ യുട്ഊബർമാരായ സഹോദരങ്ങൾ ഓഫീസിനകത്ത് വെച്ച് ലൈവ് വീഡിയോ ചെയ്യുകയായിരുന്നു. പൊട്ടിക്കരഞ്ഞ് ലൈവ് ചെയ്യാൻ തുടങ്ങിയതോടെ ആർ ടി ഒ ഉദ്യോഗസ്ഥർ കണ്ണുർ ടൗൺ പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി ഇവരെ ടൗൺ സ്റ്റേഷനിലേക്ക് ബലം പ്രയോഗിച്ച് മാറ്റുകയുമായിരുന്നു.

വാഹനത്തിന്റെ പെർമിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാം തവണയും വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പൊലിസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയ ബ്ളോഗർമാരുടെ ആരാധാകർ ഏറെ നേരെ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനു ശേഷമാണ് പിരിഞ്ഞു പോയത്.

യുട്യൂബ് ബ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം കണ്ണൂർ ആർ ടിഒ കസ്റ്റഡിയിൽ എടുത്തത് വാഹന മോദിഫിക്കേഷനുകളേ തുടർന്നായിരുന്നു. നിയമങ്ങൾ അനുസരിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതിനും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ രാജ്യത്തിന്റെ പലയിടങ്ങളിലും പോകുന്നതിനാൽ അതിന് അനുകൂലമായാണ് മോദിഫിക്കേഷനുകളെന്നാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ പറയുന്നത്.

കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും പൂർത്തിയാക്കി എറണാകുളത്ത് നിന്നെത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇ-ബുൾജെറ്റ് ഉടമകൾ യുട്യൂബ് വീഡിയോയിൽ പറയുന്നത്. പിന്നീട് നികുതി സംബന്ധിച്ച വിശദീകരണം നൽകി വാഹനം വിട്ടുനൽകിയെങ്കിലും അടുത്ത ദിവസം വാഹനം വീണ്ടും പിടിച്ചെടുത്തുവെന്നും സഹോദരങ്ങൾ ലൈവ് വീഡിയോയിൽ പറയുന്നുണ്ട്.

നിലവിൽ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.