കണ്ണൂർ: പ്രതിമാസം ലക്ഷങ്ങൾ വരുമാനമുള്ള ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള യൂട്ഊബർമാരിൽ പ്രമുഖരാണ് ഇ-ബുൾജെറ്റ്. ഈ സഹോദരങ്ങൾ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശികളാണ്. ടെംപോ ട്രാവലറിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ച് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചും അപൂർവ്വ കാഴ്ചകളെ കുറിച്ചുമുള്ള അവതരണമാണ് ഇ-ബുൾജെറ്റ് സഹോദരങ്ങളെ ശ്രദ്ധേയരാക്കിയത്.

എന്നാൽ, വാഹന രൂപമാറ്റത്തിന്റെ പേരിൽ മോട്ടോർ വാഹനവകുപ്പുമായി ഉടക്കിയ ഇ-ബുൾജെറ്റ് സഹോദരന്മാർക്ക് ഉഗ്രൻ പണി കിട്ടി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആരാധകരെയും കൊണ്ടുവന്ന് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച യൂട്ഊബർമാർക്ക് മുട്ടൻ പണി കിട്ടിയത് അറസ്റ്റിലായതോടെയാണ്.

ചട്ടം ലംഘിച്ചതിന്റെ പേരിൽ ആർടിഒ അധികൃതർ ഇവരുടെ 'നെപ്പോളിയൻ' എന്ന വാഹനം പിടിച്ചെടുത്തിരുന്നു. ഏതായാലും ഇതുകൊണ്ടൊന്നും തോറ്റ് പിന്മാറാൻ ഇവർ തയ്യാറല്ല. പകരം പുതിയ വാഹനവുമായി ഇ ബുൾജെറ്റ് സഹോദരന്മാർ രംഗത്തെത്തി. ഒരു സിനിമാ താരത്തിന്റെ കാരവൻ വിലയ്ക്കെടുത്ത് നെപ്പോളിയൻ എന്ന പേരിൽ തന്നെ ഇറക്കാനാണ് ഇരുവരുടെയും നീക്കം. കൊച്ചിയിൽ വണ്ടിയുടെ പണി പുരോഗമിക്കുന്നുണ്ട്. ഒരുകോടിയോളം മുതൽ മുടക്കിയാണ് കാരവൻ നിർമ്മിക്കുന്നതെന്ന് ഇവരുടെ വീഡിയോയിൽ പറയുന്നു,

ചട്ടലംഘനം നടത്തി വാഹനം രൂപം മാറ്റിയതിന്റെ പേരിൽ ഒന്നരവർഷം മുമ്പാണ് ഇവരുടെ വാഹനം മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിൽ എടുത്തത്. പുതിയ വാഹനത്തിലും ചട്ടലംഘനം നടത്തി രൂപമാറ്റം വരുത്തിയാൽ ആ വണ്ടിയും പിടിച്ചെടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

ലിബിനും എബിനും യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. റാംബോ എന്ന വളർത്ത് നായക്ക് ഒപ്പമാണ് ഇവർ ഇന്ത്യ മുഴുവൻ ഈ വാനിൽ സഞ്ചരിച്ചത്. വാഹനത്തിന്റെ നിറവും രൂപവും മാറ്റിയും ടാക്സ് പൂർണമായും അടക്കാതെയും അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ച വാൻ മാസങ്ങളോളം റോഡിൽ ഓടിയിരുന്നു. വാൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതോടെ സഹോദരന്മാർ സമൂഹമാധ്യമങ്ങളിൽ ലൈവിൽ വന്ന് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ആരാധകരും ലൈവ് വീഡിയോകൾ ഇട്ടു. ചട്ടങ്ങൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശം പാലിക്കാൻ തയ്യാറാകാതിരുന്ന ഇവർ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഓഫീസിൽ അതിക്രമിച്ച് കയറിയതിനും ഇവർക്കെതിരെ കേസെടുത്തു. സ്റ്റിക്കർ നീക്കം ചെയ്യാതെ തന്നെ വാഹനം വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അംഗീകൃത സ്ഥാപനങ്ങൾക്കു മാത്രമാണ് കാരവാൻ നിർമ്മിക്കാൻ മോട്ടോർവാഹന നിയമപ്രകാരം അനുമതിയുള്ളത്. നിർമ്മാണഘടകങ്ങളുടെ നിലവാരം, അനുവദനീയമായ ഘടകങ്ങൾ, അളവുകൾ എന്നിവയും നിയമത്തിലുണ്ട്. ഓട്ടോമൊബൈൽ ഇൻഡസ്ട്രി സ്റ്റാൻഡേഡ് (എ.ഐ.എസ്. 124) പ്രകാരമേ കാരവാനുകൾ നിർമ്മിക്കാൻ കഴിയൂ. 2018 ഏപ്രിൽ ഒന്നിനുശേഷം നിർമ്മിക്കുന്ന കാരവാനുകൾ ഈ മാനദണ്ഡങ്ങൾ പാലിക്കണം. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി. കണ്ണൂരിൽ മോട്ടോർവാഹനവകുപ്പ് പിടികൂടിയ യുട്യൂബ് ബ്ലോഗർമാരുടെ ഇ-ബുൾജെറ്റ് വാൻ ഈ നിയമം എല്ലാ അർത്ഥത്തിലും അട്ടിമറിച്ചുവെന്നാണ് മോട്ടോർ വാഹന വകുപ്പ് ആരോപിച്ചത്.

അഗ്നിശമന ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാണ്. അടുക്കള, ജനറേറ്റർ എന്നിവയിൽ നിന്നു തീപടരുന്നത് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും വേണം. കാരവാനുകളാക്കി മാറ്റുമ്പോൾ വാഹനത്തിന്റെ ഭാരഘടനയിൽ മാറ്റമുണ്ടാകും. ഇതിനനുസരിച്ച് സസ്പെൻഷനിൽ ഉൾപ്പെടെ മാറ്റംവരുത്തിയില്ലെങ്കിൽ അപകടസാധ്യതയുണ്ട്.

മൂന്ന് അളവുകളിലെ കാരവാനുകൾക്കാണ് അനുമതിയുള്ളത്. അംഗീകാരമുള്ള ഫാക്ടറികൾ നിർമ്മിക്കുന്ന കാരവാനുകൾ കേന്ദ്രസർക്കാർ അംഗീകൃത ലാബുകളിൽ പരിശോധന നടത്തിയശേഷമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണത്തിന് അനുമതി നൽകുന്നത്. അംഗീകാരം ലഭിച്ച മോഡലിൽ മാറ്റംവരുത്താനുള്ള അവകാശം നിർമ്മാണ കമ്പനികൾക്കുമില്ല.

മറ്റു വാഹനങ്ങളിൽനിന്നു വ്യത്യസ്തമായി കാരവാനുകളുടെ തറവിസ്തീർണം അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുന്നത്. സ്വകാര്യ-കോൺട്രാക്ട് കാര്യേജ് വാഹനങ്ങളിൽ സീറ്റുകൾ ഇളക്കിമാറ്റുന്നതും അനധികൃതമായി ലൈറ്റുകൾ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. സ്വകാര്യവാഹനങ്ങളുടെ നിറം മാറ്റാൻ അനുവദിക്കാറുണ്ട്. എന്നാൽ, യുട്യൂബ് ചാനലിന്റെ പേര് പതിക്കുന്നത് പരസ്യമായി കണക്കാക്കും. ഇതിന് പരസ്യനികുതി ചുമത്താം.