ഇരിട്ടി: ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ നെപ്പോളിയൻ എന്ന പേരിട്ട ആഡംബര ട്രാവലറിന്റെ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി. ഇരിട്ടി ആർ.ടി.ഒ ഇതു സംബന്ധിച്ച നോട്ടിസ് നൽകി. ഇരിട്ടി അങ്ങാടിക്കടവിലുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വീട്ടിലാണ് നോട്ടിസ് പതിച്ചത്.

കണ്ണൂർ ആർ.ടി.ഒ ഓഫിസിലെത്തി പൊതുമുതൽ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്നും കാട്ടി പൊലീസ് അറസ്റ്റ് ചെയ്ത വ്ലോഗർമാരായ ലിബിനും എബിനും കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. അപകടരമായ രീതിയിൽ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തതിനും ട്രാവലറിന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.

ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളാണ് ഇന്ന് തുടങ്ങിയത്. വ്ലോഗേഴ്സിന്റെ ലൈസൻസ് റദ്ദാക്കാനും ഗതാഗത കമ്മീഷണർ ശുപാർശ ചെയ്തിട്ടുണ്ട്. വാഹനം അനുമതിയില്ലാതെ രൂപമാറ്റം നടത്തിയതിന് 42,000 രൂപ പിഴ നൽകണമെന്ന ആവശ്യം അംഗീകരിക്കാതെയായിരുന്നു വ്ലോഗർമാർ ബഹളം വച്ചത്.

ആർ.ടി.ഒ ഓഫിസിന് മുന്നിലെത്തി പ്രതിഷേധിച്ച ഇ ബുൾ ജെറ്റ് ഫാൻസായ 17 പേർക്കെതിരേ കോവിഡ് ചട്ടം ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ കലാപ ആഹ്വാനം നടത്തിയതിന് കൊല്ലത്തും ആലപ്പുഴയിലും രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.