മെൽബൺ: കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലായി ഓസ്‌ട്രേലിയയിൽ ഇ-സിഗരറ്റ് മൂലമുള്ള മലിനീകരണം വർധിച്ചുവരുന്നതായി വിദഗ്ധർ. കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന തരത്തിൽ വിഷാംശം കലർന്നിട്ടുള്ളതിനാൽ ഇതുസംബന്ധിച്ച് ഒട്ടേറെ കേസുകൾ പരിഗണനയ്‌ക്കെത്തുന്നുണ്ടെന്നും ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പുകവലി ശീലം ഉപേക്ഷിക്കുന്നതിന് പല ഇ-സിഗരറ്റ് കമ്പനികളും തങ്ങളുടെ ഉത്പന്നത്തെ പ്രൊമോട്ട് ചെയ്യുകയാണെന്നും ഇതിന് തടയിടാൻ നിയമസംവിധാനം ഏർപ്പെടുത്തണമെന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് രാജ്യത്തെ ആരോഗ്യവിഗദ്ധർ ഇ-സിഗരറ്റ് സംബന്ധിച്ച് വിലയിരുത്തൽ നടത്തിയത്. കുട്ടികളുടെ ആരോഗ്യത്തെ ഇ-സിഗരറ്റിൽ നിന്നുള്ള മാലിന്യം സാരമായി ബാധിക്കുന്നുണ്ടെന്നും 2009 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്തെ നാല് പോയ്‌സൺ ഇൻഫർമേഷൻ സെന്ററിലും ലഭിക്കുന്ന കോളുകളുടെ എണ്ണം 54 ആയി വർധിച്ചുവെന്നും പറയുന്നു.

ഇ-സിഗരറ്റ് ഉപകരണത്തിൽ നിന്നുള്ള നിക്കോട്ടീൻ കാപ്‌സ്യൂൾ ഒരു കുട്ടി വിഴുങ്ങിയ സംഭവവും ഒരു നഴ്‌സിങ് ഹോമിൽ കഴിയുന്ന അന്തേവാസി ഇ-സിഗരറ്റ് ട്യൂബ് വലിച്ചുകൊണ്ടിരിക്കുന്ന സംഭവവും ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്പെട്ടിരുന്നു. ഇ-സിഗരറ്റുമായി ബന്ധപ്പെട്ട് ഇത്തരം ഒട്ടേറെ സംഭവങ്ങൾ അരങ്ങേറുന്നതിനാൽ ഇത് ആരോഗ്യവകുപ്പ് അധികൃതർക്ക് ആശങ്കയുളവാക്കുകയാണ്.
ഇ-സിഗരറ്റിന് സേഫ്റ്റി ക്യാപ്പോ മറ്റും ഇല്ലാത്തതിനാൽ കുട്ടികളിൽ എത്തിപ്പെട്ടാൽ ഇത് വളരെയേറെ അപകടകരമാകും. കുട്ടികൾ ഇതു കടിക്കാനും ഇതിൽ നിന്നുള്ള ദ്രാവകം വലിച്ചുകുടിക്കാനും സാധ്യതയേറെയാണ്. വ്യത്യസ്തമായ രുചികളിൽ ലഭ്യമാകുന്നതിനാൽ ഇ-സിഗരറ്റ് ഉപകരണങ്ങൾ കുട്ടികളെ ആകർഷിക്കുകയും ചെയ്യും. നിക്കോട്ടീൻ കാപ്‌സ്യൂൾ കുട്ടികൾ വിഴുങ്ങിയാൽ അത് വിഷമായി തന്നെ കുട്ടികളിൽ പ്രവർത്തിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ചെറുപ്പക്കാരെ ആകർഷിക്കുന്നതിനായി നിക്കോട്ടിൻ ഓൺലൈനിൽ വിൽക്കുന്ന സംഭവവും വ്യാപകമായതോടെ ഇ-സിഗരറ്റ് എല്ലാ അർഥത്തിലും വിഷാംശം പുറപ്പെടുവിക്കുന്നതായി മാറിയിരിക്കുകയാണെന്നാണ് വിലയിരുത്തൽ. ഇ-സിഗരറ്റ് ഉപയോഗം വ്യാപകമായതോടെ ഇവയിൽ നിന്നുള്ള മാലിന്യത്തോതും വർധിച്ചിരിക്കുകയാണ്. പഴങ്ങളുടേയും മിഠായികളുടേയും ഫ്‌ളേവറുകളിൽ ഇവ ഉത്പാദിപ്പിക്കുന്നതിനാൽ കുട്ടികൾക്കിടയിലും ടീനേജുകാർക്കിടയിലും ഇത് ഉപയോഗിക്കാൻ ഏറെ പ്രലോഭനമാണ് ഉണ്ടാക്കുന്നത്. കുട്ടികൾക്കിടയിൽ മാത്രമല്ല, മുതരിന്നവർക്കും ഇ-സിഗരറ്റ് ഹാനികരമാണെന്നാണ് പഠന റിപ്പോർട്ട്.

ഓൺലൈനിലൂടെ വാങ്ങുന്ന ഇ-സിഗരറ്റ് കാർട്ട്‌റിഗ്ജുകൾ നിർമ്മിച്ചിരിക്കുന്നത് വിഷാംശമുള്ള വസ്തുക്കൾ കൊണ്ടാണ്. ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഭൂരിഭാഗം നിർമ്മാതാക്കളും വെളിപ്പെടുത്തുന്നുമില്ല. ഇ-സിഗരറ്റ് ഉപയോഗത്തെത്തുടർന്ന് തലവേദന, തലയ്ക്ക് പെരുപ്പ് തുടങ്ങിയ രോഗലക്ഷണങ്ങൾ കാട്ടുന്നുണ്ടെന്നും ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ടെന്നും ക്യൂൻസ് ലാൻഡ് പോയ്‌സൺസ് ഇൻഫർമേഷൻ സെന്റർ മാനേജർ കരോൾ വെയ്ൽ വെളിപ്പെടുത്തുന്നു.