മുംബൈ: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. എൻസിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമാണ് നവാബ് മാലിക്. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉൾപ്പെട്ട കള്ളപ്പണ കേസിലാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി.

1993ലെ സ്‌ഫോടനപരമ്പര കേസ് പ്രതിയുമായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇന്ന് പുലർച്ചെ അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്തിരുന്നത്. സമൻസിനെ തുടർന്ന് രാവിലെ 7. 45 ഓടെ മാലിക് ഇഡി കാര്യാലയത്തിൽ എത്തുകയായിരുന്നു. ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിൽ ദുരൂഹത ആരോപിച്ച് നിരന്തരം ചോദ്യങ്ങളുന്നയിച്ചിരുന്നു മാലിക്. കേന്ദ്രസർക്കാരിനും ബിജെപി നേതാക്കന്മാർക്കുമെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

നാർക്കോട്ടിക് കംട്രോൾ ബ്യൂറോ ( എൻ.സി.ബി ) ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ബിജെപി നേതാക്കളുടെ സാന്നിധ്യം തുറന്നുകാട്ടിയത് മാലികാണ്. എൻ.സി.ബി മുംബൈ മേധാവിയായിരുന്ന സമീർ വാങ്കഡെക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ നിലവിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസിനെതിരെ അധോലോക ബന്ധവും മാലിക് ആരോപിച്ചിരുന്നു. മാലിക് സ്‌ഫോടന കേസ് പ്രതിയുമായി ഭൂമി ഇടപാട് നടത്തിയതിന്റെ രേഖകളുമായാണ് ഫട്‌നാവിസ് പ്രതികരിച്ചത്.

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളുമായി മന്ത്രി നവാബ് മാലിക്കിന് ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുമ്പ് ആരോപിച്ചിരുന്നു. ഇതിനുള്ള രേഖകൾ തന്റെ കയ്യിലുണ്ട്. പൊലീസിനോ എൻഐക്കോ താൻ തെളിവുകൾ നൽകാമെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

''അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറുടെ ബിനാമിയായ സലീം പട്ടേൽ, മുംബൈ സ്‌ഫോടനക്കേസിലെ പ്രതി ബാദുഷാ ഖാൻ എന്നിവരിൽ നിന്ന് 2005 ൽ നവാബ് മാലിക് കുർളയിൽ 2.8 ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്. ഇത് സോളിഡസ് പ്രൈമറ്റ് ലിമിറ്റിഡിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് നവാബ് മാലിക്കിന്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയാണ്. കമ്പനിയിൽ നിന്ന് രാജിവെച്ച ശേഷമാണ് നവാബ് മാലിക് മന്ത്രിയാവുന്നത്''. ഫഡ്‌നാവിസ് പറഞ്ഞു.

സലീം പട്ടേലിനെ നവാബ് മാലിക്കിന് അറിയാമായിരുന്നു. എന്നിട്ടും ഭൂമി വാങ്ങി. നവാബ് മാലികിന് അധോലോകവുമായി ബന്ധമുണ്ട്. ഇത്തരത്തിൽ നാല് ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതെല്ലാം അടങ്ങുന്ന രേഖ തന്റെ കയ്യിലുണ്ട്. അധികൃതർക്ക് വിവരങ്ങൾ കൈമാറും. പാർട്ടി അധ്യക്ഷൻ ശരദ് പവാറിനും വിവരങ്ങൾ നൽകുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.

ഫഡ്നാവിസിന് മയക്കുമരുന്ന് വിൽപ്പനക്കാരുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞയാഴ്ച നവാബ് മാലിക് ഉന്നയിച്ചിരുന്നു. മയക്കുമരുന്ന് കേസ് പ്രതിയോടപ്പം ഫഡ്നാവിസ് നിൽക്കുന്ന ഫോട്ടോയും നവാബ് മാലിക് പുറത്തുവിട്ടിരുന്നു. എന്നാൽ നവാബ് മാലിക്കിനാണ് അധോലോക ബന്ധമെന്നും താൻ ഇത് തുറന്ന് കാട്ടുമെന്നും ഫഡ്നാവിസ് തിരിച്ചടിച്ചിരുന്നു. അതാണ് നവാബ് മാലിക്കിനെതിരെ ആരോപണവുമായി ഫഡ്നാവിസ് രംഗത്തെത്തിയത്.