കൊച്ചി: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നു. ഇ.ഡിയും കസ്റ്റംസുമാണ് തുടരന്വേഷണ സാധ്യത തേടുന്നത്. രണ്ട് ഏജൻസികളും സ്വപ്നയുടെ രഹസ്യമൊഴിയിലെ വിശദാംശങ്ങൾ ശേഖരിക്കാൻ ഒരുങ്ങുകയാണ്. കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പുകിട്ടാൻ അപേക്ഷ നൽകാമെന്ന നിയമോപദേശമാണ് അന്വേഷണസംഘങ്ങൾക്കു ലഭിച്ചത്. എന്നാൽ, കരുതലോടെ നീങ്ങാനാണ് ഇവരുടെ നീക്കം. കാരണം രാഷ്ട്രീയമായി ഏറെ വിവാദമാകാനുള്ള സാധ്യതയാണ് അന്വേഷണ സംഘങ്ങൾക്ക് മുന്നിലുള്ളത്.

അതേസമയം മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമാണ് ഉദ്ദേശമെങ്കിൽ കേസിൽ സ്വപ്‌ന സുരേഷും മാപ്പുസാക്ഷി ആയേക്കും. ഇ. ഡി ഇതിനുള്ള ആലോചനയിലാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണസംഘത്തിനു അനുകൂലമായാണ് ഇ.ഡി. ഡയറക്ടറേറ്റിന്റെ നിലാപാടെന്നാണ് സൂചന. മാപ്പുസാക്ഷിയാകാൻ സ്വപ്ന സമ്മതിച്ചാൽ അടുത്ത നടപടികളിലേക്കു കടക്കാനാണ് നീക്കം.

സ്വർണക്കടത്തുകേസിൽ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിലേക്കു കടന്നാൽ ഒന്നാംപ്രതി സരിത്തിനെ കേന്ദ്രീകരിച്ചാകും ഇ.ഡി. നീങ്ങുകയെന്നാണ് സൂചന. സരിത്താണ് കേസിലെ ബാഗിനെ കുറിച്ച് ആദ്യം മൊഴി നൽകിയത്. ഈ ബാഗിനെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇപ്പോൾ സ്വപ്നയുടെ വെളിപ്പെടുത്തലിലും ബാഗിന്റെ കാര്യംവന്നതോടെ ഇതു പ്രധാനമായി കണ്ടാകും അന്വേഷണം. അങ്ങനെവന്നാൽ മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ട അവസ്ഥയുണ്ടാകും.

സ്വപ്‌ന ആരോപണം ഉന്നയിച്ചതു പോലെ മുഖ്യമന്ത്രിയുടെ ഭാര്യയിലേക്കും മകൾ വീണയിലേക്കും അന്വേഷണം നീളാൻ സാധ്യതയുണ്ട്. കോൺസുലേറ്റിൽനിന്നു മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്കു കൊടുത്തുവിട്ട ബിരിയാണിച്ചെമ്പിൽ ലോഹവസ്തുക്കളുണ്ടായിരുന്നെന്ന സ്വപ്നയുടെ വെളിപ്പെടുത്തലാണ് കസ്റ്റംസ് അന്വേഷണത്തിൽ പ്രധാനമായി കാണുന്നത്. എന്നാൽ കസ്റ്റംസിന് മുന്നിൽ തെളിവ് ലഭിക്കുക എന്നത് വലിയ വെല്ലുവിളിയായി നിൽക്കുന്നു.

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ സാധൂകരിക്കുന്ന തെളിവുകൾ യു.എ.ഇ കോൺസുൽ ജനറലായിരുന്ന ജമാൽ അൽ സാബിയുടെ ബാഗിൽ നിന്ന് പിടിച്ചെടുത്ത പത്ത് മൊബൈൽ ഫോണുകളിൽ നിന്നും രണ്ട് പെൻഡ്രൈവുകളിൽ നിന്നും കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടെന്നും സൂചകളുണ്ട്. സ്വർണം, ഡോളർ കടത്തിലെ നിർണായക തെളിവുകളും രാഷ്ട്രീയ ഉന്നതരുടെ ശുപാർശയിൽ അയോഗ്യർക്ക് വിസ നൽകിയതിനടക്കം ഈ മൊബൈലുകളിൽ തെളിവുണ്ട്. മൂന്നു വർഷത്തിനിടെ അൽ-സാബി ഉപയോഗിച്ചിരുന്നവയാണ് പിടിച്ചെടുത്ത പത്ത് ഫോണുകൾ. ഇടയ്ക്കിടെ ഫോൺ മാറുന്ന പതിവ് അൽ സാബിക്കുണ്ടായിരുന്നു. ഡോളർ കടത്തിലെ രേഖകളടക്കം പെൻഡ്രൈവിലുണ്ട്. ഇതെല്ലാം കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്.

നിലവിൽ സ്വപ്നാ സുരേഷിന്റെ മൊഴിയിൽ ഇഡിയാണ് പരിശോധനകൾ നടത്തുന്നത്. ഇത് മറ്റ് അന്വേഷണ ഏജൻസികളുടെ പരിധിയിലേക്ക് കൊണ്ടു വന്നേക്കും. കേരളത്തിൽ രാഷ്ട്രീയ ശത്രുക്കളെ ഒതുക്കാൻ പൊലീസിനെ കാര്യമായി തന്നെ സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ തെളിവുള്ള കേസിൽ പോലും ഇഡിയോ കേന്ദ്ര ഏജൻസികളോ അതിശക്തമായി മുമ്പോട്ട് പോകുന്നില്ല.

അതേസമയം ഒത്തുതീർപ്പിന് ഇടനിലക്കാരനായെത്തിയെന്ന് സ്വപ്നാ സുരേഷ് ആരോപിക്കുന്ന ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ചോദ്യംചെയ്യാൻ അന്വേഷണസംഘത്തിന്റെ തീരുമാനം. മുഖ്യമന്ത്രിക്കും സിപിഎം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിൽ നിക്ഷേപമുണ്ടെന്നും ബിലിവേഴ്സ് ചർച്ചാണ് ഫണ്ട് കൈകാര്യംചെയ്യുന്നതെന്നും ഷാജ് സ്വപ്നയോട് പറയുന്നതായ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഗുരുതര ആരോപണം ഉന്നയിച്ചിട്ടും ഷാജിനോട് പൊലീസ് അകന്നുനിൽക്കുന്നത് വിവാദമായ പശ്ചാത്തലത്തിൽകൂടിയാണ് ചോദ്യംചെയ്യാൻ തീരുമാനം.

സ്വപ്ന മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ കോടതിയിൽ രഹസ്യമൊഴി നൽകിയതിൽ ഗൂഢാലോചന ആരോപിച്ചാണ് പൊലീസ് കേസെടുത്തത്. ഇത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് എസ്‌പി.യുടെ നേതൃത്വത്തിൽ പ്രത്യേകസംഘവുമുണ്ട്. എന്നാൽ, ഷാജിന്റേതെന്ന് പറയുന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കാൻ ഈ സംഘം തയ്യാറാകാത്തതാണ് വിമർശനത്തിനിടയാക്കിയത്. ഇടനിലക്കാരനായാണ് ഷാജ് എത്തിയതെന്ന ആരോപണവും വിജിലൻസ് മേധാവിയായിരുന്ന എം.ആർ. അജിത്കുമാറുമായി ഷാജിനുള്ള ബന്ധവും മെല്ലപ്പോക്ക് സംശയത്തിനിടയാക്കി.

ഷാജിനെയും ഇബ്രാഹിമിനെയും അന്വേഷണസംഘം ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചെന്നൈയിലാണെന്നും രണ്ടുദിവസത്തിനകം എത്താമെന്നും അറിയിച്ചതായാണ് സൂചന. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇരുവർക്കും നോട്ടീസ് നൽകാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച അന്വേഷണസംഘത്തിലെ മുഴുവൻ അംഗങ്ങളും യോഗംചേരുന്നുണ്ട്.