- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനത്തിന്റെ രൂപമാറ്റം നിയമപരമല്ല; രജിസ്ട്രേഷനും റദ്ദാക്കും; ടാക്‌സ് പൂർണമായി അടച്ചില്ല,; വാഹനത്തിന്റെ നിറം മാറ്റി; അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചു; ഇ-ബുൾജെറ്റ് സഹോദരങ്ങൾക്കെതിരെ ഒൻപതു കുറ്റങ്ങൾ; കട്ടപ്പുറത്ത് നെപ്പോളിയൻ: കാരിരുമ്പഴിക്കുള്ളിൽ വ്ളോഗർമാർ
കണ്ണൂർ : കോടതി റിമാൻഡിലായതോടെ വ്‌ളോഗർ സഹോദരങ്ങൾ ഊരാക്കുടുക്കിലായി. ഇന്ത്യ മുഴുവൻ കുതിച്ചു പാഞ്ഞ് നടന്ന് വിവിധ ദേശങ്ങളെ കുറിച്ചും ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചും യൂ ട്യൂബ് പോഗ്രാമുകൾ ചെയ്തിരുന്ന നെപ്പോളിയൻ കാരവനും കട്ടപ്പുറത്തായി.
ഇബുൾ ജെറ്റ് വ്‌ലോഗർ സഹോദരങ്ങളായ കിളിയന്തറ വിളമന നെച്ചിയാട്ട് എബിൻ വർഗീസിനും ലിബിനുമെതിരെ മോട്ടർ വാഹന വകുപ്പ് ചുമത്തിയത് ഒൻപത് നിയമലംഘനങ്ങളാണ്.. മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആർടി ഓഫിസിൽ ബഹളം വച്ചതിനെത്തുടർന്ന് ഇരുവരും റിമാൻഡിലായതിനു പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി അധികൃതർ രംഗത്തുവന്നത്.
അതേസമയം, വാഹനത്തിന്റെ രൂപമാറ്റം നിയമപരമല്ലെന്നും രജിസ്‌ട്രേഷൻ റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ ഉത്തരേന്ത്യയിൽ വെച്ച് ഇ-ബുൾ ജെറ്റ് സഹോദരന്മാർ ടോൾ നൽകാതെ വാനിൽ സൈറൺ മുഴക്കി പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ടോൾ ഗേറ്റിൽ സൈറൺ മുഴക്കി ആംബുലൻസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവരുടെ യാത്ര.
വാൻ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇബുൾ ജെറ്റിന്റെ വാനായ 'നെപ്പോളിയൻ' ഒൻപതു നിയമലംഘനങ്ങൾ നടത്തിയെന്നാണ് മോട്ടർ വാഹന വകുപ്പ് നൽകിയ ചെക്ക് റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മോട്ടർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം 42,000 രൂപ പിഴയിട്ടിരുന്നു. തുടർന്ന് ട്രാൻസ്‌പോർട് കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
എബിൻ വർഗീസിന്റെ പേരിലാണ് വാൻ. ടാക്‌സ് പൂർണമായി അടച്ചില്ല, വാഹനത്തിന്റെ നിറം മാറ്റി, അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചു, ഗ്ലാസുകളിലും വാഹനത്തിലും സ്റ്റിക്കർ ഒട്ടിച്ചു, അപകടകരമായ രീതിയിൽ വാനിനു പിന്നിൽ സൈക്കിളുകൾ ഘടിപ്പിച്ചു തുടങ്ങിയ നിയമലംഘനങ്ങളാണ് ഇവർക്കെതിരെയുള്ളത്. ആർ.ടി ഓഫിസിൽ വന്ന് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് അത് യൂ ട്യൂബിൽ തരംഗമായി മാറ്റാനായിരുന്നു ഇവരുടെ പ്‌ളാൻ. ഇതിനായി സഹായികളെ ഒരുക്കി നിർത്തിയായിരുന്നു ആ ർ.ടി ഓഫിസിൽ സീനുണ്ടാക്കിയത്.
എബിനും ലിബിനും താമസിക്കുന്ന അങ്ങാടിക്കടവിലെ വീട്ടിൽനിന്ന് രണ്ടാം തവണയാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ട്രാവലർ പിടിച്ചെടുക്കുന്നത്. തിങ്കളാഴ്‌ച്ച രാവിലെ ഒൻപതോടെ ആർടി ഓഫിസിൽ എത്തിയ എബിനും ലിബിനും വാഹനം വിട്ടുകിട്ടണമെന്നു വാദിച്ച് ഓഫിസിൽനിന്ന് ലൈവ് വിഡിയോ ചെയ്യുകയായിരുന്നു. ഇതിനിടെ ആർടി ഓഫിസിലെ കംപ്യൂട്ടർ മോണിറ്റർ താഴെ വീണു തകർന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വിവരമറിഞ്ഞ് ഒട്ടേറെ ആരാധകരും ആർടി ഓഫിസ് പരിസരത്ത് എത്തി. ഇതോടെ ഓഫിസ് പ്രവർത്തനം തടസ്സപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടി ആർടി ഓഫിസ് അധികൃതർ ടൗൺ പൊലീസിനു പരാതി നൽകി. തുടർന്ന് പൊലീസ് എത്തി വ്‌ലോഗർമാരെ ബലപ്രയോഗത്തിലൂടെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഈ ദൃശ്യവും ഇവർ മൊബൈൽ ഫോണിൽ തൽസമയം പകർത്തി യൂട്യൂബിൽ ലൈവായി നൽകുന്നുണ്ടായിരുന്നു.
വ്‌ലോഗർമാരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ജില്ലയ്ക്ക് പുറത്തുനിന്ന് ഉൾപ്പെടെ ഒട്ടേറെ ആരാധകർ ടൗൺ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചു. ഇവരെ പിരിച്ചുവിടാൻ പൊലീസിനു പലവട്ടം ഇടപെടേണ്ടി വന്നു. ഉച്ചയ്ക്കു ശേഷം ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പൊലീസ് ബസിൽ കയറ്റിയപ്പോൾ ഇരുവരും അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. പരിശോധനയ്ക്കു ശേഷം ഇവരെ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ആർടി ഓഫിസ് കോംപൗണ്ടിൽ സൂക്ഷിച്ച 'നെപ്പോളിയൻ' വാൻ വൈകിട്ടോടെ എആർ ക്യാംപ് പരിസരത്തേക്കു മാറ്റുകയായിരുന്നു.
നിയമലംഘനങ്ങൾ മാറ്റണമെന്നും ടാക്‌സ് അടയ്ക്കണമെന്നും ആവശ്യപ്പെട്ട് ആദ്യ തവണ വാഹനം വിട്ടുനൽകിയെങ്കിലും മോട്ടർ വാഹന വകുപ്പിനെ അധിക്ഷേപിക്കുന്ന വിധത്തിലും നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും ഇവർ യുട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യം ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വാഹനം വീണ്ടും കസ്റ്റഡിയിലെടുക്കാൻ നിർദ്ദേശം ലഭിച്ചത്. ഇതുപ്രകാരമാണ് ഞായറാഴ്ച വാഹനം പിടിച്ചെടുത്തത്.
പെർമിറ്റ് കാലാവധി കഴിഞ്ഞെന്ന് ആരോപിച്ച് ഓഗസ്റ്റ് ഏഴിനാണ് ആദ്യമായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വണ്ടി പിടിച്ചെടുത്തത്. എന്നാൽ പെർമിറ്റ് കാലാവധി കഴിഞ്ഞിരുന്നില്ലെന്നാണ് വ്‌ലോഗർമാർ പറയുന്നത്. പെർമിറ്റ് പുതുക്കാനായി അക്ഷയ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് ഒന്നര മാസത്തോളം കാലാവധി ബാക്കിയുണ്ടെന്നു മനസ്സിലാക്കിയത്. പിറ്റേന്ന് കണ്ണൂരിൽ ആർടിഒ ഓഫിസിൽ എത്തി ഇക്കാര്യം അറിയിക്കുകയും രേഖകളെല്ലാം ഹാജരാക്കുകയും ചെയ്തതോടെ വണ്ടി വിട്ടുകിട്ടിയെന്നും ഇവർ പറഞ്ഞു. എന്നാൽ പിറ്റേന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വീണ്ടും 42,000 രൂപ പിഴ ചുമത്തി വണ്ടി പിടിച്ചെടുക്കുകയായിരുന്നു.
വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ വീട്ടുവളപ്പിൽനിന്നാണ് വീണ്ടും വണ്ടി ഉദ്യോഗസ്ഥർ ഓടിച്ചു കൊണ്ടുപോയത്. ട്രാവലർ വാൻ രൂപമാറ്റം വരുത്തിയാണ് വാൻ ലൈഫിന് പറ്റുന്ന തരത്തിലാക്കി മാറ്റിയത്. 15 ലക്ഷത്തോളം സബ്‌സ്‌ക്രൈബർമാരുള്ള യൂ ട്യൂബ് ചാനലാണ് ഇ ബുൾ ജെറ്റ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്